ജെറാള്‍ഡ് ബി. മിറാന്‍ഡ
മ്യൂസിയം ഓഫ് ദി വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് സന്ദര്‍ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഏദന്‍തോട്ടത്തില്‍നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്‍വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്‍ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള്‍ തീം പാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള്‍ തീര്‍ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല
ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്‌കാരം, വലുപ്പത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ ചിത്രം, അന്താരാഷ്ട്ര കുരിശ് മ്യൂസിയം, ബൈബിളിന്റെ വളര്‍ച്ചയുടെ ചിത്രങ്ങള്‍, പൗരാണിക പോക്കറ്റ് ബൈബിളുകള്‍, ബൈബിളിന്റെ ആധുനിക പരിഭാഷകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിളുകള്‍, 600 വര്‍ഷം പഴക്കമുള്ള ഗീസ് ബൈബിള്‍, അന്താരാഷ്ട്ര ബൈബിള്‍ ഷോക്കേസ്, ബൈബിളിന്റെ ലോകചരിത്രസൂചിക, അന്താരാഷ്ട്ര നാണയ മ്യൂസിയം, അന്താരാഷ്ട്ര സ്റ്റാമ്പ് മ്യൂസിയം തുടങ്ങി അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുടെ പട്ടിക നീളുകയാണ്.
വ്യത്യസ്തമായ കാഴ്ചകള്‍
തിരുവനന്തപുരത്ത് എംസി റോഡില്‍ വെമ്പായത്തിനു സമീപം കന്യാകുളങ്ങരയ്ക്കും വേറ്റിനാടിനും മധ്യേ പെരുംകൂറില്‍ മെയിന്‍ റോഡില്‍നിന്നും നൂറുമീറ്റര്‍ അകലെയാണ് ബൈബിള്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് അവിടുത്തെ കാഴ്ചകള്‍ നേരില്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ നാട്ടിലെ ദൈവാലയങ്ങളില്‍ എന്നപോലെ തീര്‍ത്ഥാടകര്‍ക്ക് ഇവിടെനിന്നും പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. മ്യൂസിയം ഓഫ് വേര്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക് 2017 ഒക്‌ടോബര്‍ 20-ന് ഉദ്ഘാടനം ചെയ്തത്. ജറുസലേമിലെ ‘വിലാപത്തിന്റെ മതില്‍’ ഉള്‍പ്പെടെയുള്ള പല കൂട്ടിച്ചേര്‍ക്കലുകളും പിന്നീട് ഉണ്ടായി.
ബൈബിള്‍ പരിഭാഷകനും സുവിശേഷകനും സംഗീതജ്ഞനുമായ ഡോ. മാത്യൂസ് വര്‍ഗീസ് ആണ് ബൈബിള്‍ മ്യൂസിയം സ്ഥാപിച്ചത്. ഉയര്‍ന്ന പദവിയില്‍ വിദേശ രാജ്യത്തു ജോലി ചെയ്തിരുന്ന ഡോ. മാത്യൂസിനെ ബൈബിള്‍ പരിഭാഷ നടത്തിയതിനെ തുടര്‍ന്ന് കുടുംബ സമേതം ആ രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട അനുഭവം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. നിരവധി പുസ്തകങ്ങളും നൂറുകണക്കിന് ആത്മീയ ഗീതങ്ങളും ഡോ. മാത്യൂസ് വര്‍ഗീസ് രചിച്ചിട്ടുണ്ട്. ‘അതിരാവിലെ തിരുസന്നിധിയില്‍’ എന്ന പ്രതിദിന ധ്യാനസമാഹാരം പ്രസിദ്ധമാണ്. ആ പുസ്തകത്തിന്റെ 10 എഡിഷനുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
രണ്ടു കോടിയിലധികം സന്ദര്‍ശിക്കുന്ന
തീര്‍ത്ഥാടനകേന്ദ്രം
ജറുസലേമിലെ ഹോളിസെപ്പല്‍കര്‍ ദൈവാലയത്തിലെ കര്‍ത്താവിന്റെ കബറിടത്തിന്റെയും ബെത്‌ലഹേമില്‍ കര്‍ത്താവ് ജനിച്ച സ്ഥലത്തിന്റെയും അതിമനോഹരമായ ആവിഷ്‌കാരങ്ങള്‍ ബൈബിള്‍ മ്യൂസിയത്തിലെ അതുല്യമായ കാഴ്ചകളാണ്. മൂന്ന് മുഖ്യ അള്‍ത്താരകളും 12 വിശുദ്ധരുടെ തിരുശേഷിപ്പുകളും 24 ഉപത്രോണാസുകളുമുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ അപ്പസ്‌തോലിക സഭയില്‍പെട്ടവര്‍ക്ക് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.
മാര്‍ത്തോമ്മാ സഭയുടെ അഭിമാനസ്തംഭമായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പുണ്യസ്മൃതിയും ക്രമീകരിച്ചിട്ടുണ്ട്. പ്രതിവര്‍ഷം രണ്ട് കോടിയിലേറെ തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന മെക്‌സിക്കോയിലെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായ ഗ്വാഡലൂപ്പ മാതാവിന്റെ പുണ്യസങ്കേതം ബൈബിള്‍ മ്യൂസിയത്തിലെ വേറിട്ട കാഴ്ചയാണ്. ഡോ. മാത്യൂസ് വര്‍ഗീസ് നടത്തിയ ബൈബിള്‍ പരിഭാഷകളും വിസ്മയക്കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ തിരുസാന്നിധ്യമായ സമാഗമന കൂടാരം അതേ അളവിലും ആകൃതിയിലും പ്രകൃതിയിലും പടുത്തുയര്‍ത്തിയിരിക്കുന്നു.
ഇംഗ്ലണ്ടിലെ ക്രിസ്മസ് വില്ലേജ്
വിശുദ്ധ പത്രോസ് ശ്ലീഹാ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെയുള്ള മാര്‍പാപ്പമാരുടെ ചിത്രങ്ങള്‍, വിശ്വപ്രസിദ്ധ പെയിന്റിങ്ങുകള്‍, മഞ്ഞില്‍ കുളിച്ചുനില്ക്കുന്ന ഇംഗ്ലണ്ടിലെ ക്രിസ്മസ് ഗ്രാമമായ ഡിക്കന്‍സ് വില്ലേജ്, ക്രിസ്മസ് പാപ്പാ സംഗമം, വര്‍ണശബളമായ ക്രിസ്മസ്ട്രീകള്‍, ഗെത്സെമനില്‍ പ്രാര്‍ത്ഥിക്കുന്ന കര്‍ത്താവിന്റെ രൂപം, ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാനുള്ള പ്രാര്‍ത്ഥനാ ഗുഹകള്‍ എല്ലാം വേറിട്ട അനുഭവങ്ങളാണ്. എവിടെനിന്ന് നോക്കിയാലും നമ്മെ നോക്കുന്ന ഈശോയുടെ അന്ത്യഅത്താഴ ചിത്രീകരണം അത്ഭുതപ്പെടുത്തുന്നതിനൊപ്പം ദൈവപരിപാലനയുടെ ചിന്തകള്‍ ഉണര്‍ത്തുന്നതുമാണ്.
ക്രിസ്തുരാജന്റെ തേജോമയമായ പോര്‍ച്ചുഗീസ് പ്രതിമ ആരെയും ആകര്‍ഷിക്കും. ടൈറ്റാനിക്ക് കപ്പല്‍, പുരാതന ക്യാമറ ശേഖരം, പ്രൊജക്ടര്‍, ടെലിസ്‌കോപ്പ്, വിവിധ സംഗീതോപകരണങ്ങള്‍ എന്നിവയും ഇവിടെ കാണാം.
ഹില്‍ ഓഫ് ക്രോസസ്
ബൈബിള്‍ മ്യൂസിയത്തിലെ വേറിട്ടൊരു കാഴ്ചയാണ് ഹില്‍ ഓഫ് ക്രോസസ്. 1988-ല്‍ റഷ്യയില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ലിത്വാനയിലെ സിയായൂലിയാ പട്ടണത്തില്‍നിന്നും 16 കിലോമീറ്റര്‍ അകലെയാണ് യഥാര്‍ത്ഥ ഹില്‍ ഓഫ് ക്രോസസ് സ്ഥിതിചെയ്യുന്നത്. 1993 സെപ്റ്റംബര്‍ ഏഴിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹില്‍ ഓഫ് ക്രോസസ് സന്ദര്‍ശിച്ച് അവിടെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചതോടെയാണ് ഇതൊരു ആഗോള തീര്‍ത്ഥാടനകേന്ദ്രമായി മാറിയത്.
അടിച്ചമര്‍ത്തലുകളെയും പീഡനങ്ങളെയും പരാജയപ്പെടുത്തിയതിന്റെ ചരിത്രമാണ് ഹില്‍ ഓഫ് ക്രോസസിന് പറയാനുള്ളത്. 1831-ലും 1863-ലും റഷ്യന്‍ ഭരണകൂടത്തിനെതിരായി നടന്ന വിപ്ലവത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ആദരിക്കുവാന്‍ സാര്‍ ഭരണകൂടം കൂട്ടാക്കാതിരുന്നപ്പോള്‍ അവരുടെ സ്മരണയ്ക്കായി ഈ കുന്നില്‍ തടിക്കുരിശുകള്‍ വയ്ക്കുന്ന പതിവ് ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും ഹില്‍ ഓഫ് ക്രോസസ് തീര്‍ത്ഥാടനകേന്ദ്രമായി മാറി.
റഷ്യന്‍ ഭരണകൂടം ഇതു നശിപ്പിക്കുവാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ കുന്ന് പകര്‍ച്ചവ്യാധികള്‍ പരത്തുന്നുവെന്ന് ആരോപിച്ച് തീവെച്ചു. മറ്റു പലവിധത്തിലും നശിപ്പിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, പീഡനങ്ങള്‍ വകവയ്ക്കാതെ വിശ്വാസികള്‍ കുന്നില്‍ കുരിശുകള്‍ സ്ഥാപിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തിലധികം കുരിശുകള്‍ ഇപ്പോള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഹില്‍ ഓഫ് ക്രോസസ് സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയോടെ അതിന്മേല്‍ കുരിശുകള്‍ പ്രതിഷ്ഠിച്ച് അനുഗ്രഹങ്ങള്‍ തേടുന്ന തീര്‍ത്ഥാടകരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്. ഹില്‍ ഓഫ് ക്രോസസിന്റെ തനി ആവിഷ്‌ക്കാരമുള്ള ലോകത്തിലെ ഏക മ്യൂസിയമാണ് ഈ ബൈബിള്‍ തീം പാര്‍ക്ക്.
തുടക്കം എത്യോപ്യയില്‍നിന്ന്
ചെങ്ങന്നൂര്‍, മാന്നാര്‍ മാനാമ്പുറത്ത് എം.വി മാത്യൂസ് – കുഞ്ഞമ്മ ദമ്പതികളുടെ സീമന്ത പുത്രനായി 1950 സെപ്റ്റംബര്‍ പത്തിന് മലേഷ്യയിലാണ് ഡോ. മാത്യൂസ് വര്‍ഗീസ് ജനനം. കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍നിന്നും ബിഫാം പാസായി എത്യോപ്യയില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. പിന്നീട് ദുബായില്‍ എത്തി. അവിടെ ജോലി ചെയ്യുമ്പോള്‍ 1983-ല്‍ ഒരു ത്രിദിന ഉപവാസ പ്രാര്‍ത്ഥനയില്‍വച്ചാണ് ഡോ. മാത്യൂസിനെ ദൈവം തനിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ വിളിച്ചത്.
ബൈബിളിനെക്കുറിച്ച് ആധികാരികമായ അറിവോ ജ്ഞാനമോ ഇല്ലാത്തതിനാല്‍ 15 മാസം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. പ്രത്യാശയോടെയുള്ള കാത്തിരിപ്പില്‍ പരിശുദ്ധാത്മാവിന്റെ സ്വരം കേട്ടു. ദുബായില്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. എക്യുമെനിക്കല്‍ ഉപവാസ പ്രാര്‍ത്ഥന കൂട്ടായ്മ ആരംഭിച്ചു.
വളരെ വേഗം കൂട്ടായ്മ വളര്‍ന്നു. ദൈവം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും വര്‍ഷിച്ചു. ആശ്വാസവും സമാധാനവും സന്തോഷവും സൗഖ്യവും സാന്ത്വനവും ദൈവസ്‌നേഹവും പ്രത്യാശയും നിറഞ്ഞവര്‍ കൂട്ടായ്മയിലേക്ക് ഒഴുകിയെത്തി. ശുശ്രൂഷ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. 1985 മാര്‍ച്ച് 29-ന് ദുബായില്‍ നടത്തിയ ഏകദിന ഉപവാസ പ്രാര്‍ത്ഥനയില്‍വച്ചാണ് വേര്‍ഡ് ടു വേര്‍ഡ് മിനിസ്ട്രീസ് എന്ന എക്യുമെനിക്കല്‍ ഉപവാസ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് തുടക്കംകുറിച്ചത്.
ഡോ. മാത്യൂസ് വര്‍ഗീസ് പരിഭാഷപ്പെടുത്തിയ സത്യവേദപുസ്തകത്തിന്റെ ആധുനിക മലയാള പരിഭാഷയായ ‘വിശുദ്ധ സത്യവേദപുസ്തകം’ 2000 ഡിസംബര്‍ 22-ന് പ്രകാശനം ചെയ്തതിനെ തുടര്‍ന്ന് 2001 മെയ് 20-ന് ദുബായില്‍നിന്നും പുറത്താക്കപ്പെടുകയായിരുന്നു.
വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിയാത്തവര്‍ക്ക് അവിടുത്തെ കാഴ്ചകള്‍
നേരില്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും വലിയ
ബൈബിളിന്റെ ആവിഷ്‌കാരം, വലുപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള
അന്ത്യഅത്താഴ ചിത്രം, അന്താരാഷ്ട്ര കുരിശ് മ്യൂസിയം, ബൈബിളിന്റെ
വളര്‍ച്ചയുടെ ചിത്രങ്ങള്‍, പൗരാണിക പോക്കറ്റ് ബൈബിളുകള്‍, ബൈബിളിന്റെ
ആധുനിക പരിഭാഷകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിളുകള്‍…
അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുടെ പട്ടിക നീളുകയാണ്.
ബൈബിള്‍ ടവറുകള്‍
വിശുദ്ധസത്യവേദ പുസ്തകത്തിന്റെ പ്രചാരണത്തിനുവേണ്ടി തിരുവല്ല, എറണാകുളം, കോഴഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബൈബിള്‍ ടവറുകള്‍ സ്ഥാപിച്ചു. ‘തെയ്യാം മഞ്ചെയാത്തിന കതെ’ (ദൈവം മനുഷ്യനായ കഥ) എന്ന പേരില്‍ ദൈവത്തിന്റെ തിരുവചനം 2007-ല്‍ പണിയ ഭാഷയില്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് വിവിധ ഗോത്ര ഭാഷകളിലേക്ക് തിരുവചനം പരിഭാഷപ്പെടുത്തി. ‘ബൈബിള്‍സ് ഫോര്‍ ബൈബിള്‍ലെസ്’ (ബൈബിള്‍ രഹിതര്‍ക്ക് ബൈബിള്‍) എന്ന ശുശ്രൂഷ 2010-ല്‍ ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ അതിരുകളോളം യേശുവിന്റെ രക്ഷയുടെ സുവിശേഷം എത്തിക്കുവാന്‍ ‘വേര്‍ഡ് ടു വേള്‍ഡ് ടെലിവിഷന്‍ ആരംഭിച്ചു. 2015 ഡിസംബര്‍ 31-ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭാര്യ രാജി വര്‍ഗീസും ശുശ്രൂഷകളില്‍ സജീവമാണ്. തിരുവനന്തപുരം പോങ്ങുംമൂട്, ബാപ്പുജി നഗറില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. മാത്യൂസ് വര്‍ഗീസ് ജൂണിയര്‍, വിജി മേരി വര്‍ഗീസ്, റെജി മേരി വര്‍ഗീസ്. മൂന്നു പേരും അമേരിക്കയിലാണ്. സ്വന്തം വരുമാനത്തില്‍നിന്നും ലഭിച്ച പണംകൊണ്ടാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിലേറെയും ഇദ്ദേഹം വാങ്ങിയത്. ഡോ. മാത്യൂസ് വര്‍ഗീസിന്റെ അധ്വാനത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും സാക്ഷാത്ക്കാരമാണ് ഈ മ്യൂസിയം. ഒറ്റലക്ഷ്യംമാത്രം- അത്യുന്നതനായ ദൈവത്തെ അടുത്തറിഞ്ഞ് അനുഭവമാക്കി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിതം ക്രമപ്പെടുത്തുവാനുള്ള അവബോധം മാനവസമൂഹത്തില്‍ സൃഷ്ടിക്കുക.
വിലാസം: മ്യൂസിയം ഓഫ് ദി വേള്‍ഡ് ഇന്റര്‍നാഷണല്‍ ബൈബിള്‍ തീം പാര്‍ക്ക്, പെരുംകൂര്‍, വെമ്പായം പി.ഒ, തിരുവനന്തപുരം-695 615, ഫോണ്‍: 0472 2834848, 2834949, 9495998555.
ഇ-മെയില്‍: museumoftheworldtvm@gmail.com
Leave a Comment
Your email address will not be published. Required fields are marked with *