വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ബിഷപ്പുമാരുടെ സിനഡിന്റെ 16 -ാമത് സാധാരണ ജനറല്‍ അസംബ്ലി സമാപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക തലത്തില്‍ ആരംഭിച്ച് പിന്നിട് രൂപതാ തലത്തിലേക്കും ഭൂഖണ്ഡതലത്തിലേക്കും വ്യാപിച്ച് 2023-ലും 2024 ലുമായി നടന്ന ജനറല്‍ അസംബ്ലികളോടെ സമാപിച്ച സിനഡിന്റെ ഭാഗമായി ഒരുമിച്ച് നടത്തിയ യാത്രക്ക് പാപ്പ ദിവ്യബലിമധ്യേ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു.
നേരത്തെ ഈ വര്‍ഷത്തെ സിനഡില്‍ രൂപീകരിച്ച സമാപനരേഖയില്‍ ഒപ്പുവച്ച ഫ്രാന്‍സിസ് മാര്‍പാപ്പ മറ്റൊരു സിനഡാനന്തര അപ്പസ്‌തോലിക രേഖ പ്രസിദ്ധീകരിക്കില്ലെന്നും സമാപനരേഖ ഉടനടി പ്രസിദ്ധീകരിക്കാനും നിര്‍ദേശം നല്‍കി. പാപ്പ ഒപ്പുവച്ച സമാപനരേഖ ഒരു മാര്‍ഗരേഖയെന്ന നിലയില്‍ മജിസ്റ്റീരിയത്തിന്റെ ഭാഗമാകുമെന്നും ഇത് നിര്‍ബന്ധമായി അനുസരിക്കാന്‍ ആരും ബാധ്യസ്ഥരല്ലെന്നും പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ഒരു ഹയരാര്‍ക്കിക്കല്‍ സ്ഥാപനമെന്ന കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന സഭകളുടെ കൂട്ടായ്മ എന്ന കാഴ്ചപ്പാടോടെ സാര്‍വത്രികസഭയെ കാണാന്‍ സമാപനരേഖ ക്ഷണിക്കുന്നു. സമാപനരേഖ വത്യസ്ത തലങ്ങളുള്ള ഒരു സമ്മാനമാണെന്നും സഭക്ക് മാര്‍ഗരേഖയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം അത് സഭയുടെ ഐക്യത്തിന്റെയും പൊതുവായ മിഷന്റെയും അടയാളമാണെന്നും പാപ്പ പറഞ്ഞു. കൃപയുടെ കരവലയത്തിനുള്ളില്‍ നടത്തുന്ന നൃത്തമായി വിശ്വാസത്തെ വിശേഷിപ്പിച്ച പാപ്പ തുറവിയോടെയും ആനന്ദത്തോടെയും ദൈവത്തിന്റെ കരുണയിലുള്ള ആശ്രയത്വത്തോടെയും മിഷന്‍ തുടരാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *