Follow Us On

07

November

2024

Thursday

നമ്മളറിയാതെ പോകുന്ന ചില കാര്യങ്ങള്‍

നമ്മളറിയാതെ പോകുന്ന  ചില കാര്യങ്ങള്‍

ജയ്‌മോന്‍ കുമരകം

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം ശരിയായി പോകണമെങ്കില്‍ അവരിരുവരും വിവേകത്തോടെ പെരുമാറണം. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം. കല്യാണം കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെത്തന്നെ കൊടൈക്കനാലിലേക്ക് ടൂറുപോകണം. ഈ ഡയലോഗ് ഭാര്യക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു; കൊടൈക്കനാല്‍ വേണ്ട, കന്യാകുമാരിയെന്നാണ് എന്റെ അഭിപ്രായം. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി.

എങ്ങോട്ട് യാത്ര പോകണം എന്നതിനെ സംബന്ധിച്ച് ഭര്‍ത്താവിനും ഭാര്യയ്ക്കും വിരുദ്ധ അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. പക്ഷേ, കല്യാണം കഴിഞ്ഞ ആദ്യദിവസംതന്നെ ഈ വിഷയം പറയണമായിരുന്നോ? അഥവാ ഇക്കാര്യത്തില്‍ ഭാര്യയുടെ അഭിപ്രായം ഒന്ന് ചോദിക്കരുതായിരുന്നോ? അഥവാ സംസാരിച്ച് ഇക്കാര്യത്തില്‍ ഭാര്യയെ ഒരു അനുകൂല നിലപാടിലേക്ക് മാറ്റാന്‍ ശ്രമിച്ചുകൂടായിരുന്നോ? അഥവാ ഭാര്യ മറ്റൊരു നിലപാട് അറിയിച്ചപ്പോള്‍ അതിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാമായിരുന്നില്ലേ? ഇതൊക്കെയല്ലേ ജ്ഞാനത്തോടുകൂടിയ പെരുമാറ്റം എന്ന് പറയുന്നത്. ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്. രണ്ടുപേര്‍ തമ്മില്‍ വിവാഹം നടത്തി എന്നതിന്റെ പേരില്‍ അവരുടെ സ്വഭാവങ്ങള്‍ എല്ലാം മാറുന്നുമില്ല. അതിനാല്‍ വിട്ടുവീഴ്ചകളും വിവേകവും കൂടാതെ സമാധാനത്തോടെ മുന്നോട്ടുപോകില്ല.

ഭാര്യ അറിയാതെയും ഭാര്യയുടെ സമ്മതമില്ലാതെയും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഉണ്ട്. എട്ടുനിലയില്‍ പൊട്ടിക്കഴിയുമ്പോഴാണ് ഭാര്യ കാര്യങ്ങള്‍ അറിയുന്നത്. ഭര്‍ത്താവറിയാതെ സ്വര്‍ണ മോ വലിയ തുകകളോ കടം കൊടുത്ത് കിട്ടാതായ ഭാര്യമാര്‍ ഉണ്ട്. കല്യാണം കഴിഞ്ഞ ഉടന്‍ പൂര്‍വചരിത്രം പങ്കാളിയോട് ചോദിക്കുന്നവരുണ്ട്. ചിലരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളൊക്കെ മുമ്പ് ഉണ്ടായിട്ടുണ്ടാകാം. ഇതെല്ലാം കിളിപോലെ പറഞ്ഞുകൊടുക്കും. ആവേശത്തോടെ എല്ലാം ചോദിച്ചു മനസിലാക്കും. എല്ലാം കേട്ടുകഴിയുമ്പോള്‍ മുതല്‍ മനസില്‍ തെറ്റിദ്ധാരണയും സംശയവും മറ്റും തുടങ്ങുകയായി. പിന്നെ രണ്ടുപേര്‍ക്കും സമാധാനമില്ലാത്ത ജീവിതം ആയിരിക്കും. സാമ്പത്തിക കാര്യങ്ങള്‍, പണത്തിന്റെ വാങ്ങല്‍കൊടുക്കല്‍ വിവരങ്ങള്‍ തുടങ്ങിയവ ഭാര്യയെ തീരെ അറിയിക്കാത്ത ഭര്‍ത്താന്മാരുണ്ട്. അവരില്‍ ചിലര്‍ മരിച്ചപ്പോള്‍ നിരവധിപേര്‍ ഭാര്യയുടെ അടുത്ത് കിട്ടാനുള്ള പണത്തിന്റെ കണക്കുമായി വന്നു. എന്താണ് സത്യം? പണം വാങ്ങിയതാണോ? ഇവര്‍ വെറുതെ പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങാനുള്ള തന്ത്രമാണോ? ഭാര്യയ്ക്ക് ഒന്നും അറിഞ്ഞുകൂടാ. കാരണം ഭര്‍ത്താവ് ഒന്നും പറയുമായിരുന്നില്ലല്ലോ. ഏതായാലും ഇങ്ങനെ വിഷമിക്കുന്ന ഭാര്യമാരും നമുക്കിടയില്‍ ഉണ്ട്.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വളരെയധികം വിവേകം പരസ്പര ബന്ധത്തില്‍ കാണിക്കണം. പറയേണ്ടാത്തവ പറയരുത്. അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാകാവുന്നവ ചോദിക്കരുത്. പറയേണ്ട കാര്യങ്ങള്‍ പറയണം. ചുരുങ്ങിയപക്ഷം, ന്യായമായ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ എങ്കിലും വ്യക്തമായ ഉത്തരം പറയണം. ഇത്രയുമൊക്കെ വിവേകം, കോമണ്‍സെന്‍സ് പരസ്പരബന്ധത്തില്‍ വേണ്ടേ? അല്ലെങ്കില്‍ ജീവിതപങ്കാളി എന്ന് എങ്ങനെ പറയാന്‍ കഴിയും? അനേക ഭാര്യമാര്‍ക്ക് പങ്കാളിയുടെ പദവി ഇല്ല; വേലക്കാരിയുടെയോ അടിമയുടെയോ പദവിയേ ഉള്ളൂ.

പഠനം പൂര്‍ത്തിയായപ്പോള്‍തന്നെ മാതാപിതാക്കള്‍ യുവതിയുടെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ. അപ്പോഴേക്കും ഭര്‍ത്താവിന്റെ അമ്മ ഒരു ഡിമാന്റ് വച്ചു: മോളേ, എത്രയുംവേഗം നീ പ്രസവിക്കാന്‍ നോക്കണം. ഇതുകേട്ട മരുമകള്‍ വാക്കുകള്‍കൊണ്ട് ഒന്നും പറഞ്ഞില്ല. പക്ഷേ, അവളുടെ മനസില്‍ ഒരു പതര്‍ച്ച ഉണ്ടായി. അമ്മായിയമ്മയോട് അനിഷ്ടവും തോന്നി. എന്തിനാണ് ഇത്തരം കാര്യങ്ങളിലൊക്കെ അമ്മ ഇടപെടുന്നത്.
മകന് ഒരു കുട്ടി ഉണ്ടായിക്കാണുവാനുള്ള അമ്മയുടെ ആഗ്രഹത്തെ കുറ്റം പറയാന്‍ പറ്റില്ല. അതൊരു നല്ല ആഗ്രഹമാണെന്നുതന്നെ പറയണം. പക്ഷേ, കല്യണം കഴിഞ്ഞ് ഒരു മാസംപോലും ആകാത്ത മരുമകളോട് അമ്മായിയമ്മ ഇങ്ങനെയൊരു ഡിമാന്റ് വയ്ക്കുന്നതിന്റെ ഔചിത്യം എന്താണ്? ഒരുപക്ഷേ, ഈ യുവദമ്പതികള്‍പോലും തങ്ങള്‍ക്ക് എപ്പോള്‍ ഒരു കുഞ്ഞ് ജനിക്കണമെന്ന് ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. ഇക്കാര്യത്തെപ്പറ്റി ഭര്‍ത്താവിനും ഭാര്യയ്ക്കും അവരുടേതായ നിലപാടുകളും കാണാം. നവവധു ഒരുപക്ഷേ ഉടനെ അമ്മയാകാന്‍ ഒരുവിധത്തിലും മനസുകൊണ്ട് ഒരുങ്ങിയിട്ടുണ്ടാകണമെന്നുമില്ല. അതൊക്കെ ഓരോരോ ദമ്പതികളുടെ വ്യക്തിപരവും കൂട്ടായതുമായ ആഗ്രഹങ്ങളുടെയും തീരുമാനത്തിന്റെയുമൊക്കെ ഫലമായി സംഭവിക്കേണ്ടതാണ്. ഇത്തരം കാര്യത്തില്‍ മാതാപിതാക്കള്‍ ഇങ്ങനെ ഡിമാന്റ് വച്ചോ ആഗ്രഹം പറഞ്ഞോ ഇടപെടാതിരിക്കുകയാണ് നല്ലത്.

വേറെ ചില ദമ്പതികളുണ്ട്. കല്യാണം കഴിഞ്ഞ് മൂന്നുനാലു കൊല്ലമോ അതിലധികമോ ആയാലും ഉടന്‍ മക്കള്‍ വേണ്ട എന്ന നിലപാടോടെ ജീവിക്കുന്നു. അത്തരം സാഹചര്യത്തില്‍, അധികം താമസിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ നയിക്കുന്നത് നല്ലതുമാണ്. അങ്ങനെ പക്വമായ ഉപദേശങ്ങള്‍ സ്വീകരിച്ച് ഗുണം ഉണ്ടായ മക്കള്‍ ഉണ്ട് എന്നതും ഓര്‍ക്കേണ്ടതുണ്ട്. നവദമ്പതികളുടെ മാതാപിതാക്കള്‍ കാണിക്കുന്ന മറ്റുചില മര്യാദകേടുകളെപ്പറ്റിയും കേള്‍ക്കാറുണ്ട്. മകനെയും മരുമകളെയും അഥവാ മകളെയും മരുമകനെയും തമ്മില്‍ ഭിന്നിപ്പിക്കുക എന്ന അങ്ങേയറ്റം ഹീനമായ പ്രവൃത്തി ചെയ്യുന്ന മാതാപിതാക്കളുണ്ട്. പ്രത്യേകിച്ച് അമ്മമാര്‍ ഉണ്ട്. അവര്‍ എപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അഥവാ അവര്‍ ഒന്നിച്ച് ആയിരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇത് ഏറ്റവും ആദ്യവും ഏറ്റവും കൂടുതലും മുറിപ്പെടുത്തുന്നത് മരുമകളെ ആയിരിക്കും.

അവള്‍ അത് മനസില്‍ സൂക്ഷിക്കും. എന്നെങ്കിലും അതിന്റെ ദേഷ്യം അമ്മായിയമ്മയോട് കാണിക്കാന്‍ ശ്രമിക്കും. ചില മരുമക്കളെങ്കിലും വേറെ മാറിത്താമസിക്കാന്‍ ഭര്‍ത്താക്കന്മാരെ നിര്‍ബന്ധിക്കുന്നത് ഇക്കാരണംകൊണ്ടാണ്. രാത്രിയില്‍പോലും മകനും മരുമകളും ഒന്നിച്ച് കഴിയുന്നത് ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ ഉണ്ട്. പ്രത്യേകിച്ച് അമ്മമാര്‍. സന്തോഷകരമായ കുടുംബജീവിതം കിട്ടാതെ പോവുകയോ അകാലത്തില്‍ വിധവയായിത്തീരുകയോ ചെയ്ത ചില അമ്മമാരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. മകന്റെ കുറ്റങ്ങള്‍ മരുമകളോടും മരുമകളുടെ കുറ്റങ്ങള്‍ മകനോടും പറയുക എന്നതാണ് മറ്റൊരു പ്രശ്‌നം. സന്ദര്‍ഭവശാല്‍ പറയുന്ന കുറവുകളുടെ കാര്യമല്ല ഇവിടെ വിവക്ഷിക്കുന്നത്. മനഃപൂര്‍വം, ദുഷ്ടലക്ഷ്യത്തോടെ കുറ്റങ്ങള്‍ പറയുന്നതാണ് ഉദ്ദേശിക്കുന്നത്.

ആത്യന്തികമായി അത് ഭാര്യയും ഭര്‍ത്താവും തമ്മില്‍ മാനസികമായ അകല്‍ച്ച ഉണ്ടാകാന്‍ കാരണമാകുമെന്ന് ഉറപ്പാണ്.
ക്രമേണ മക്കളും മാതാപിതാക്കളും തമ്മിലുള്ള അകല്‍ച്ചയ്ക്കും അത് കാരണമാകും. ഭാര്യയും ഭര്‍ത്താവും അപ്പനും അമ്മയും കുടുംബവുമൊക്കെയായി ജീവിച്ചവരും ജീവിക്കുന്നവരുമാണല്ലോ മാതാപിതാക്കള്‍. വിവാഹിതരാകുന്ന അവരുടെ മക്കള്‍ക്കും നല്ല ജീവിതം ഉണ്ടാകട്ടെ. ഇതല്ലേ കോമണ്‍സെന്‍സുള്ള മാതാപിതാക്കള്‍ ആഗ്രഹിക്കേണ്ടത്? അതിനല്ലേ അവര്‍ ശ്രമിക്കേണ്ടത്?!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?