Follow Us On

07

November

2024

Thursday

മുനമ്പം പ്രശ്‌നം; ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടത്താപ്പ്

മുനമ്പം പ്രശ്‌നം; ഭരണകര്‍ത്താക്കള്‍ക്ക് ഇരട്ടത്താപ്പ്
പാലക്കാട്: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനമ്പം തുടക്കം മാത്രമാണെന്ന വക്കഫ് ബോര്‍ഡ് ചെയര്‍മാന്റെ നിലപാട് ഗൂഢലക്ഷ്യത്തോടെയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചു പുരയ്ക്കല്‍.
കാര്‍ഷിക വിളകളുടെ വിലയിടുവില്‍ പ്രതിഷേധിച്ചും, വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയുടെ നേതൃത്വ ത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിബോധവും ഉത്തരവാദിത്വവും കാണിക്കേണ്ട ഭരണകര്‍ത്താക്കള്‍ ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. സത്യത്തിനും നീതിബോധത്തിനും നിയമം എതിരാണെങ്കില്‍ അത് ഭേദഗതി ചെയ്യുകയും റദ്ദാക്കുകയും വേണം. ജനജീവിതം ദുസഹമാക്കുന്ന സാഹചര്യം ഒഴിവാക്കണം.  കര്‍ഷകര്‍ വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ ദുരിതം പേറുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ വെറുതെ ഇരിക്കാന്‍ ആകില്ല. സമൂഹത്തിന്റെ മൊത്തം പ്രശ്‌നങ്ങളാണ് കത്തോലിക്കാ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നതെന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഗുരുതര പരിക്കുപറ്റിയവര്‍ക്കും ഒരാശ്വാസവും സര്‍ക്കാര്‍ നല്‍കുന്നില്ല. പരിസ്ഥിതിലോല പ്രദേശ നിര്‍ണയം കര്‍ഷകര്‍ക്കും താമസക്കാര്‍ക്കും വിനയാണ്. ഒരു വിളയ്ക്കും അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. കര്‍ഷകരോടുള്ള ഒരുതലത്തിലുള്ള അനീതിയും അംഗീകരിക്കാനാവില്ലെന്നും മാര്‍ കൊച്ചുപുര യ്ക്കല്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റണ്‍ അധ്യക്ഷതവഹിച്ചു. ഫാ. സജി വട്ടുകളത്തില്‍ ആമുഖപ്രഭാഷണം നടത്തി, ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഡെന്നി തെങ്ങുംപള്ളി, രൂപതാ ജനറല്‍ സെക്രട്ടറി ജിജോ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?