വത്തിക്കാന്‍ സിറ്റി: മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി തിരിച്ചറിയുന്നതിനും അതുവഴി ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തുന്നതിനും നമ്മെ സഹായിക്കുമെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരണം ഉണ്ടെന്ന് തിരിച്ചറിയുന്നതും അതിനെക്കുറിച്ച് ചിന്തിക്കുന്നതും, യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ നമ്മെ പഠിപ്പിക്കുമെന്ന് ബുധനാഴ്ചയിലെ പൊതുസദസില്‍ പാപ്പ പറഞ്ഞു.
പ്രാര്‍ത്ഥനയാണ് ആധികാരിക ജീവിതം നയിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന മതബോധനപരമ്പരയുടെ ഭാഗമായി, ‘ക്രിസ്തുവിന്റെ പുനരുത്ഥാനവും സമകാലിക ലോകത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തില്‍ പാപ്പ തുടര്‍ന്നു. അതുവഴി സ്വര്‍ഗരാജ്യം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് സംജാതമാകുന്നതെന്ന് മനസിലാക്കാനും, ഉപരിപ്ലവും കടന്നുപോകുന്നതുമായ കാര്യങ്ങളും ഉപേക്ഷിക്കാനും, കഴിയും. ഭൂമിയിലെ സമയം നിത്യതയ്ക്കായി നമ്മെ ഒരുക്കുന്ന കാലഘട്ടമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു.
മരണത്തിന്റെ രഹസ്യം എപ്പോഴും മനുഷ്യരില്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് പാപ്പ തുടര്‍ന്നു. അത് ഒരേസമയം ഏറ്റവും സ്വാഭാവികവും അസ്വാഭാവികവുമായ സംഭവമാണ്.പല സംസ്‌കാരങ്ങളും മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്ന ഭൂതകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് മരണമെന്ന യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വം അവഗണിക്കാനുള്ള പ്രവണത കണ്ടുവരുന്നതായി പാപ്പ നിരീക്ഷിച്ചു. മരണത്തെ അകറ്റി നിര്‍ത്തേണ്ട ഒരു കാര്യമായി ഇന്ന് കാണുന്നു. അതുകൊണ്ടാണ് പലരും സെമിത്തേരികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നത്.
‘അപ്പോള്‍ മരണം എന്താണ്? നമ്മുടെ ജീവിതത്തിലെ അവസാന വാക്ക് മരണമാണോ?” തുടങ്ങിയ ചോദ്യങ്ങള്‍ പാപ്പ വിചിന്തന വിഷയമാക്കി. ജീവിതം ഒരു പ്രത്യേക ഘട്ടത്തില്‍ അവസാനിക്കുന്നു എന്ന മനുഷ്യരുടെ അവബോധം, ഒരു പ്രത്യേക അര്‍ത്ഥത്തില്‍, അവരെ ‘ഭാരപ്പെടുത്തുന്നു’. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് പാപ്പ ഉത്തരം നല്‍കി.
മരണം ജീവിതത്തിന് എതിരല്ല, മറിച്ച് നിത്യജീവനിലേക്കുള്ള വഴി എന്ന നിലയില്‍ അതിന്റെ ഒരു ഘടനാപരമായ ഭാഗമാണെന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്ക് വെളിപ്പെടുത്തുന്നു. മരണത്തിന്റെ രഹസ്യത്തെ അതിന്റെ പൂര്‍ണ വ്യാപ്തിയില്‍ പ്രകാശിപ്പിക്കാന്‍ പുനരുത്ഥാനത്തിന് മാത്രമേ കഴിയൂ. മരണം അവസാനമല്ല, മറിച്ച് പൂര്‍ണ വെളിച്ചത്തിലേക്കുള്ള, സന്തോഷകരമായ നിത്യതയിലേക്കുള്ള വഴിയാണെന്ന ഹൃദയത്തിന്റെ ആഗ്രഹവും പ്രത്യാശയും ഈ വെളിച്ചത്തിലാണ് വെളിവാകുന്നതെന്നും പാപ്പ വ്യക്തമാക്കി.
















Leave a Comment
Your email address will not be published. Required fields are marked with *