മല്ലപ്പള്ളി: ദൈവസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിധികളില്ലാത്ത പ്രകാശനമായിരുന്നു സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ജീവിതമെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ ഡോ. മേരി ലിറ്റി എല്‍എസ്ഡിപിയുടെ എട്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ തോമസ് തറയില്‍.
ദൈവസ്‌നേഹാനുഭവംകൊണ്ട് സമൂഹത്തെ വിസ്മയിപ്പിച്ച മദര്‍ ലിറ്റി, ഒന്നുമില്ലായ്മയില്‍നിന്നും സന്യാസിനീ സമൂഹത്തെ വളര്‍ത്തി വലുതാക്കി. അപാരമായ മനക്കരുത്തും ഭരണനൈപുണ്യവും മാത്രമല്ല, ദൈവപരിപാലനയിലുള്ള അചഞ്ചലവിശ്വാസവും മദര്‍ മേരിലിറ്റിയുടെ പ്രത്യേകയായിരുന്നു; ആര്‍ച്ചുബിഷപ് പറഞ്ഞു.
വിശുദ്ധി എന്നാല്‍ സ്‌നേഹം എന്ന് അര്‍ത്ഥമാക്കാം. എല്‍എസ്ഡിപി സമൂഹത്തിന്റെ ശുശ്രൂഷകള്‍ ക്രൈസ്തവരുടെ മാത്രമല്ല, അവിടെ ഓടിക്കൂടുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറയ്ക്കും. ഞാന്‍ എന്ന ചിന്തയില്‍നിന്ന് ദൈവജനം എന്ന ലക്ഷ്യത്തിലേക്ക് മാറുമ്പോള്‍ നാം വിശുദ്ധിയുടെ പാതയിലാണെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഫാ. തോമസ് പ്ലാത്തോട്ടത്തില്‍, ഫാ. ആന്റണി പേരൂക്കര, ഫാ. ആന്റണി മൂലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.
എല്‍എസ്ഡിപി സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ മേരി റോസ്‌ലി കൃതജ്ഞതയര്‍പ്പിച്ചു. മദര്‍ മേരിലിറ്റിയുടെ കബറിടത്തില്‍ നടന്ന ഒപ്പീസിനും മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *