ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാഭിഷേക ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി.
മെത്രാഭിഷേകചടങ്ങുകള്‍ക്കുശേഷം മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഇന്ത്യയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി മുഖ്യസന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് പെരുന്തോട്ടം, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, മാര്‍ കൂവക്കാട്ടിന്റെ മാതൃസഹോദരനും ചെത്തിപ്പുഴ തിരുഹൃദയാശ്രമം പ്രിയോറും വികാരിയുമായ റവ. ഡോ. തോമസ് കല്ലുകളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി.
മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ലിത്വാനിയ സ്വദേശി ആര്‍ച്ചുബിഷപ് റൊളാന്തസ് മാക്‌റിക്കസ് ഉള്‍പ്പെടെ വിദേശത്തുനിന്നും ഭാരതത്തില്‍നിന്നുമായി മുപ്പതോളം മെത്രാന്മാരും സന്യസ്തരും അല്മായ പ്രതിനിധികളും ധന്യനിമിഷങ്ങള്‍ക്ക് സാക്ഷികളായി. മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളായ ജേക്കബും ലീലാമ്മയും വല്യമ്മ ശോശാമ്മയും മറ്റു കുടുംബാംഗങ്ങളും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *