വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന്‍ ലഭ്യമാക്കും. വത്തിക്കാന്‍ ന്യൂസിലെയും വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ഒന്‍പതാമത്തെ ഔദ്യോഗിക ഭാഷയാണ് ചൈനീസ് ഭാഷ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് ഇക്കാര്യം ജനറല്‍ ഓഡിയന്‍സില്‍ അറിയിച്ചത്. ബൈബിള്‍ വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള്‍ എന്നിവയാവും ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത്.
സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്‍ഡാരിന്‍ ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ പതിപ്പുകളടക്കം 130 കോടി ജനങ്ങള്‍ ചൈനീസ് ഭാഷ സംസാരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ചൈന- വത്തിക്കാന്‍ ബന്ധം സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന അവസരത്തിലാണ് പാപ്പയുടെ പേപ്പല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷ പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചൈന-വത്തിക്കാന്‍ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടെ അടുത്തിടെ നീട്ടിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *