Follow Us On

12

December

2024

Thursday

വിജയത്തിന്റെ വഴിയില്‍

വിജയത്തിന്റെ  വഴിയില്‍

സണ്ണി കുറ്റിക്കാട്ട് സിഎംഐ

നിരാശാഭരിതരും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളെ രക്ഷിക്കുന്നതിനായി ‘ടീ ആന്റ് കംഫര്‍ട്ട്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ ഷാരോണ്‍ ആസ്റ്ററിന് കരുത്തേകിയത് ദുരിതങ്ങളായിരുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി തന്നെ വേട്ടയാടിയപ്പോള്‍ ജീവിതം മടുത്ത് ഷാരോണ്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാനായി ഇടംകൈയില്‍ ബൈബിളും വലംകൈയില്‍ ചെവിയോടു ചേര്‍ത്തുപിടിച്ച പിസ്റ്റളുമായി ഒരു നിമിഷം ശങ്കിച്ചുനിന്നു. മക്കളെ അടുത്ത വീട്ടിലാക്കിയ ഷാരോണ്‍ വെടിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാനായി റേഡിയോ ഉച്ചത്തില്‍ ഓണ്‍ചെയ്ത് വച്ചിരുന്നു. അതില്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് ഒരു ആധ്യാത്മിക പ്രഭാഷണമായിരുന്നു. ആ പ്രഭാഷണം ഷാരോണിന്റെ ഉള്ളില്‍ തട്ടി. ‘ഞാന്‍ എന്റെ മകനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവന്‍ നിന്നെ സ്‌നേഹിക്കും. നന്നായി ജീവിക്കാന്‍ പഠിപ്പിക്കും.’ പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണ്‍ മുട്ടുകുത്തി: ‘ദൈവമേ, ഞാനെത്ര ക്ഷീണിതയും ദുഃഖിതയുമാണെന്ന് നീ കാണുന്നില്ലേ?’അല്പനേരം കഴിഞ്ഞപ്പോള്‍ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രശാന്തത ഷാരോണ്‍ അനുഭവിച്ചു. ഉടനെ അവള്‍ തന്റെ കൈയിലിരുന്ന തോക്ക് വലിച്ചെറിഞ്ഞു.

മുറിവേകിയ ജീവിതം
ഷാരോണ്‍ മുമ്പും ആത്മഹത്യക്ക് ശ്രമിച്ചവളായിരുന്നു. മദ്യപാനിയും ദുര്‍വൃത്തനുമായ അച്ഛന്‍. ഷാരോണിനെയും അവളുടെ രണ്ട് സഹോദരന്മാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുക അയാളുടെ പതിവു വിനോദമായിരുന്നു. മിക്കവാറും എല്ലാ രാത്രികളിലും മൃഗീയ മര്‍ദനം. അമ്മ മയക്കുമരുന്നിന് അടിമ. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു തരി താഴെ വീണാല്‍ കസേരയില്‍ കെട്ടിയിട്ട് ബല്‍റ്റുകൊണ്ട് അടി. ഷാരോണിന് ആറുവയസുള്ളപ്പോള്‍ മൂന്നുദിവസം അവര്‍ അവളെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ടു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിനുപോലും സമ്മതിക്കാതെ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പേ, പ്രായപൂര്‍ത്തിയായതായി കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി അവളുടെ അച്ഛന്‍ അവളെ നേവിയില്‍ ചേര്‍ത്തു. സ്‌കൂളില്‍ കളിച്ചെങ്ങാതിയായിരുന്ന എഡ്‌സ്‌കിപ്പിനെ അവള്‍ വിവാഹം കഴിച്ചു. അവളുടെ അച്ഛനെപ്പോലെ സ്‌കിപ്പും ഒരു മുഴുവന്‍സമയ മദ്യപാനിയും ചൂതാട്ടക്കാരനുമായിരുന്നു. അതോടെ ഷാരോണിന്റെ മനഃസമാധാനം നഷ്ടമായി. എന്നും വഴക്കും ബഹളവും. ഇതിനിടയില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടായി.

ദൈവത്തിന്റെ വിളി
ഒരാള്‍മാത്രം ആ വീട്ടില്‍ ഷാരോണിനെ സ്‌നേഹിച്ചിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്‍ എഡ്ആസ്റ്റ്. മരുമകളെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും വഴിയിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹം പരിശ്രമിച്ചു. പക്ഷേ അയാളെ കാണുന്നതുതന്നെ അവള്‍ക്ക് വെറുപ്പായിരുന്നു. ഉപദേശങ്ങള്‍ കേള്‍ക്കുന്നത് അസഹ്യവും. പെട്ടെന്നൊരു ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് എഡ്ആസ്റ്റ് മരിച്ചു. ഭര്‍തൃപിതാവിന്റെ ശവമഞ്ചത്തിന്റെ അരുകില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് അഗാധമായ കുറ്റബോധം ഉണ്ടായി. അവള്‍ പൊട്ടിക്കരഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ കണ്ണീര്‍പ്പെരുമഴ തോര്‍ന്നില്ല. ജീവിതം ശൂന്യമായതായി അവള്‍ക്ക് തോന്നി. ആ നിരര്‍ത്ഥകതയുടെ മൂര്‍ധന്യതയിലാണ് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദൈവത്തിന്റെ വിളികേട്ട അവള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സമൂഹത്തില്‍ പലവിധത്തില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് സാന്ത്വനത്തിന്റെ തണലേകാന്‍ അവള്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചു. തന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ അനുസ്മരിച്ചുകൊണ്ട് ഷാരോണ്‍ നമ്മോട് പറയുന്നു: ”നിങ്ങളുടെ പീഡാനുഭവങ്ങള്‍ക്ക് ഒരിക്കലും ദൈവത്തെ പഴിക്കരുത്. ഇത്തരത്തിലുള്ള എല്ലാ അനുഭവങ്ങളും നിങ്ങള്‍ക്ക് ഭാവിയില്‍ കരുത്താകും.”

കീഴടങ്ങരുത്
ജീവിതത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ദുരിതങ്ങളും നമുക്ക് കരുത്തേകും എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ ചിലപ്പോള്‍ പ്രയാസം തോന്നുക സ്വഭാവവികമാണ്. എന്നാല്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ പൂര്‍ണമായി തളര്‍ത്താനും തകര്‍ക്കാനുമല്ല മറിച്ച്, ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഏതു വിപരീത സാഹചര്യങ്ങളെയും വിജയകരമായി അതിജീവിക്കാന്‍ നമ്മെ സഹായിക്കുന്നതും നമ്മുടെ ഉള്ളില്‍ത്തന്നെ ഉള്ളതുമായ കഴിവുകളെയും ശക്തികളെയും നമുക്ക് ബോധ്യപ്പെടുത്തിത്തരുവാനും അവയെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നമ്മെ പ്രാപ്തരാക്കിത്തീര്‍ക്കുവാനുമാണ്. ഇതു മനസിലാക്കിക്കൊണ്ട് നമ്മുടെ മുന്നിലെത്തുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ജീവിതത്തിലെ തടസങ്ങള്‍ മാത്രമായി കാണാതെ ഇനിയും നമുക്ക് മുന്നോട്ടുപോകാനുള്ള ഇന്ധനമായി കണ്ടുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട്, ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ നമ്മള്‍ തയാറാകണം.

എന്നാല്‍ അതേസമയം നമ്മുടെ മുന്നിലെത്തുന്ന ഓരോ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നില്‍ മറിച്ചൊന്നു ചിന്തിക്കാതെ ആദ്യമേതന്നെ തോല്‍വി സമ്മതിച്ച് അവയ്ക്കുമുന്നില്‍ പെട്ടെന്ന് കീഴടങ്ങി ‘തടിതപ്പാനാണ്’ ശ്രമിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ള കീഴടങ്ങലുകള്‍ക്കുമാത്രമേ നമ്മുടെ ജീവിതത്തില്‍ സമയമുണ്ടാവുകയുള്ളൂ.
”നാം എവിടെയാണ് എന്നതിലല്ല, ഏതു ദിശയില്‍ നീങ്ങുന്നു എന്നതിലാണ് മഹത്വം. കാറ്റിനനുകൂലമായും പ്രതികൂലമായും നീങ്ങേണ്ടിവരും. നങ്കൂരമിടാനോ ഒഴുക്കില്‍പ്പെടാനോ പാടില്ല. സഞ്ചരിച്ചുകൊണ്ടേയിരിക്കണം” എന്ന മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ഏതു കാര്യത്തിലാണെങ്കിലും ഏതു സാഹചര്യങ്ങളോടാണെങ്കിലും പൊരുത്തപ്പെടുന്നതിന്റെ തുടക്കം പ്രയാസമേറിയതായിരിക്കും. എങ്കിലും നമ്മള്‍ കീഴടങ്ങാതെ പരിശ്രമം തുടരണം. തീര്‍ച്ചയായും ഒരുനാള്‍ നമ്മുടെ മുന്നിലുള്ള എല്ലാ തടസങ്ങളെയും അതിജീവിച്ച് വിജയത്തിന്റെ വഴിയില്‍ എത്തുകതന്നെ ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?