Follow Us On

11

February

2025

Tuesday

പെരുനാളുകള്‍ തിരുനാളുകളാകുമ്പോള്‍

പെരുനാളുകള്‍  തിരുനാളുകളാകുമ്പോള്‍

ജയ്‌മോന്‍ കുമരകം

ഇടവകതിരുനാളുകള്‍ ആഘോഷങ്ങളേക്കാളുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം അവഗണിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുമായി മാറുന്ന കാഴ്ചകളാണ് ഇപ്പോള്‍ ധാരാളമായി കാണുന്നത്. തൃശൂര്‍ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി ഇടവകയെ നോക്കൂ. തിരുനാളിനോടനുബന്ധിച്ച് ഇവിടെ ഉച്ചക്ക് നടക്കുന്ന വിശാലമായ നേര്‍ച്ചസദ്യയില്‍ ഭക്ഷണം വിളമ്പുംമുമ്പേ ജില്ലയിലെ അനാഥാലയങ്ങളിലുളളവര്‍ക്ക് അവര്‍ തിരുനാള്‍ ഭക്ഷണം വിളമ്പി മാതൃകയായി. അനാഥരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്തിയാണ് കപ്പല്‍ പള്ളിയിലെ തിരുനാള്‍ പൂര്‍ണ്ണമാകുന്നത്.

വീടുകളില്‍ തയ്യാറാക്കുന്ന ‘സ്‌നേഹത്തിന്റെ പൊതിച്ചോറില്‍ ചിക്കന്‍, ബീഫ്, പോര്‍ക്ക്, മീന്‍, സലാഡ്, ഉപ്പേരി എന്നി കറികളും മീന്‍ വറുത്തതും പഴവുമെല്ലാം ഉണ്ടാകും. പൊതിച്ചോറ് സമര്‍പ്പണം വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ ആശീര്‍വദിച്ചതോടെ കെസിവൈഎം പ്രവര്‍ത്തകര്‍ ഇവയെല്ലാം അനാഥാലയങ്ങളിലേക്ക് കൊണ്ടുപോയി വിളമ്പി നല്‍കുകയായിരുന്നു. അതൊടൊപ്പം ദൈവാലയത്തിലെ 50പേര്‍ ആശുപത്രിയിലെത്തി രക്തദാനം നടത്തിയെന്നതാണ് മറ്റൊരു പ്രത്യേകത. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് രാവിലെ മുതല്‍ വൈകിട്ട് വരെ സൗജന്യമായി ഡയാലിസീസും നല്‍കി. എയ്ഡ്‌സ് രോഗബാധിതര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് കാരുണ്യ ധനസഹായ ഫണ്ടും തിരുനാളില്‍ വിതരണം ചെയ്തു. ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യക്കുള്ള നേര്‍ച്ച കാഴ്ചയായി നല്‍കുന്ന കുഞ്ഞുടുപ്പുകള്‍ക്കുളള ഫണ്ടും പാവപ്പെട്ടവര്‍ക്ക് തന്നെയാണ് കൊടുത്തത്.
ചങ്ങനാശേരി പൊടിപാറ തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളും ഇത്തവണ വേറിട്ടതായിരുന്നു. പള്ളിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇടവകയിലെ കിടപ്പുരോഗികളെയും വയോജനങ്ങളും അവശരുമായവരെയും ദൈവാലയത്തിലേക്ക് കൊണ്ടുവന്നു. ഇവര്‍ക്കുവേണ്ടി മാത്രമായി വികാരി ഫാ. സോണി മുണ്ടുനടക്കല്‍ പ്രത്യേകം ബലിയര്‍പ്പിച്ചു.

ഇവര്‍ക്ക് പാപസങ്കീര്‍ത്തനത്തിനും അനുതാപത്തിനുമുളള അവസരം അച്ചനും ഇടവകക്കാരും ചേര്‍ന്ന് നല്‍കിയിരുന്നു. നാളുകളായി പള്ളിയില്‍ പോകാതിരുന്നവര്‍ക്ക് ദിവ്യകാരുണ്യസന്നിധിയിലെത്തിയപ്പോഴുണ്ടായ ആനന്ദം വര്‍ണനാതീതം. ദൈവാലയത്തിലെത്തിയ എല്ലാവര്‍ക്കും സമ്മാനങ്ങളൊടൊപ്പം ‘പെരുന്നാപ്പൊടി’ എന്ന് അറിയപ്പെടുന്ന ചെറിയൊരു തുകയും വികാരിയച്ചന്‍ സമ്മാനമായി നല്‍കി. പെരുന്നാളിന് പങ്കെടുക്കാന്‍ പഴയ തലമുറയിലുള്ളവര്‍ പുതിയ തലമുറക്ക് നല്‍കുന്ന പോക്കറ്റ് മണിയാണിത്. പുതിയ തലമുറക്ക് ഈ വാക്ക് അജ്ഞാതമായിരിക്കും. എന്നാല്‍ വികാരിയച്ചന്‍ നല്‍കിയ പെരുന്നാപ്പൊടി കണ്ട് പലരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പത്തെഴുപത് കൊല്ലം മുമ്പത്തേക്ക് പറന്നകന്നു, അവരുടെ മനസ്.. ദൈവാലയത്തില്‍ നിന്നും മടങ്ങുമ്പോള്‍ അവരുടെ ഹൃദയം തൂവലുപോലെ കനമൊഴിഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെയാണവരെല്ലാം മടങ്ങിയത്. തിരുനാളില്‍ ആഘോഷങ്ങള്‍ വേണം. എന്നാല്‍ ആഘോഷങ്ങളോടൊപ്പം അവഗണിക്കപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങ് കൂടി നല്‍കിയാല്‍ ആഘോഷങ്ങള്‍ ആനന്ദമാകും. ഈ തിരുനാളുകളുടെ മാതൃക എല്ലാ ഇടവകകളും ഏറ്റെടുത്താല്‍ നമ്മുടെ പെരുനാളുകള്‍ വിശുദ്ധമായ തിരുനാളായി മാറും.

കൂട്ടുകാരന്‍ പറഞ്ഞ കഥ
വാട്‌സാപ്പില്‍ വായിച്ചൊരു കഥ. രണ്ടുപേര്‍ താമസിക്കുന്ന റൂമില്‍ ഒരാളുടെ 500 രൂപ കാണാതായി. അവിടെ മറ്റൊരാള്‍ താമസിക്കുന്നില്ല എന്ന കാരണത്തില്‍ സ്വാഭാവികമായും അയാള്‍ തന്റെ റൂം മേറ്റിനോട് പോയി ചോദിച്ചു. എന്റെ 500 രൂപ നഷ്ടപ്പെട്ടു. നീയെടുത്തോ ? അപ്പോള്‍ അയാള്‍ വിഷമത്തോടെ പറഞ്ഞു, ‘സോറി ഞാന്‍ എടുത്തിരുന്നു നീ ഉറങ്ങുകയായിരുന്നതുകൊണ്ട് നിന്നോട് ചോദിച്ചില്ല. ഞാനത് രണ്ടാഴ്ചക്കകം തിരിച്ചുതരാം. ആ വിഷയം അവിടെ തീര്‍ന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ആ റൂം അടിച്ചുവാരിയ സ്ത്രീക്ക് മേശക്കടിയില്‍ നിന്നും 500 രൂപ ലഭിച്ചു. അവരത് റൂമിലുളളവരെ ഏല്‍പ്പിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടവന്‍ വിരണ്ടുപോയി. അയാള്‍ സ്‌നേഹിതനോട് ചോദിച്ചു. നീയെടുത്തുവെന്നാണല്ലോ പറഞ്ഞത്?
അപ്പോള്‍ അയാള്‍ പറഞ്ഞു, ഞാനും നീയും മാത്രമുളള റൂമാണിത്. ഞാനെടുത്തില്ലെന്ന് പറഞ്ഞാല്‍ നീയെന്നെ അവിശ്വസിക്കും. പിന്നെ എന്നെ സംശയത്തോടെയാകും എപ്പോഴും വീക്ഷിക്കുക. പരസ്പരം അഭിപ്രായ വ്യത്യാസം ഉണ്ടാകണ്ട എന്ന് കരുതി ഞാന്‍ എടുത്തു എന്നു കളളം പറഞ്ഞതാണ്.
ചിലയിടത്ത് സത്യത്തെക്കാള്‍ മധുരിക്കുന്നത് കളവാണ്… ചിലയിടത്ത് തോറ്റുകൊടുക്കലാണ് വിജയത്തെക്കാള്‍ മഹത്വം. അത് പങ്കാളിയാണെങ്കിലും കൂട്ടുകാരാണെങ്കിലും തോറ്റുകൊടുക്കുമ്പോള്‍ വിജയിക്കുന്നത് നമ്മള്‍തന്നെയാണ്.

യാചകവേഷത്തിലെത്തിയ കോടീശ്വരന്‍
പാവപ്പെട്ട യുവാവായിരുന്നു ഹഗ്ഗി ഏര്‍സ്‌ക്കയിന്‍. അയാള്‍ ലൗറാ മേര്‍ട്ടണ്‍ എന്ന യുവതിയുമായി സ്‌നേഹത്തിലായി. വിവാഹിതരാകാന്‍ രണ്ടുപേരും തീരുമാനിച്ചു. എന്നാല്‍ ലൗറായുടെ പിതാവിനത് താല്പര്യം ഉണ്ടായിരുന്നില്ല: ഹഗ്ഗിക്ക് പതിനായിരം പൗണ്ടിന്റെ സമ്പാദ്യമെങ്കിലുമുണ്ടായിട്ട് കല്യാണം നടത്തിയാല്‍ മതി. ഇതായിരുന്നു അയാളുടെ നിലപാട്.
ഹഗ്ഗി ഇതുകേട്ട് ഏറെ വിഷമിച്ചു. അപ്പോഴാണ് ചിത്രകാരനായ സ്‌നേഹിതന്‍ അല്ലന്‍ ട്രേവറെ വഴിയില്‍വച്ച് കണ്ടുമുട്ടുന്നത്. ട്രേവര്‍ തൊട്ടടുത്തു നില്‍ക്കുന്ന ഭിക്ഷക്കാരന്റെ ചിത്രം കാന്‍വാസില്‍ പകര്‍ത്തുകയായിരുന്നു അപ്പോള്‍. പിച്ചച്ചട്ടിയുമായി യാചനാപൂര്‍വ്വം നില്‍ക്കുന്ന ആ പാവത്തെ കണ്ടപ്പോള്‍ ഹഗ്ഗിക്ക് വലിയ വിഷമം തോന്നി. അയാള്‍ക്കു എന്താണ് കൊടുക്കുക! തന്റെ പക്കല്‍ ആകെക്കൂടി ഒരു നാണയമേ ഉള്ളൂ. സുഹൃത്തു കാണാതെ അതെടുത്ത് അയാള്‍ ആ പിച്ചക്കാരനു കൊടുത്തു. തികഞ്ഞ സന്തോഷത്തോടെ പിച്ചക്കാരന്‍ ഹഗ്ഗിക്കു നന്ദിപറയുകയും ചെയ്തു.

പക്ഷേ, പിന്നീട് ട്രേവറില്‍നിന്നും ഹഗ്ഗി ഒരു വസ്തുത മനസിലാക്കി: യാചകവേഷത്തില്‍ സ്വന്തം ചിത്രം വരക്കാനെത്തിയ യൂറോപ്പിലെ ഏറ്റവും വലിയ കോടീശ്വരന്‍ ബാരണ്‍ ഹൗസ്‌ബേര്‍ഗ് ആയിരുന്നു അത്. തനിക്ക് നാണയം സമ്മാനിച്ച ഹഗ്ഗിയെ സംബന്ധിക്കുന്ന എല്ലാ വിവരവും ട്രേവറില്‍നിന്നും ബാരണും മനസിലാക്കി. ഹഗ്ഗിയുടെ വിവാഹപ്രശ്‌നവും വീട്ടിലെ കഷ്ടപ്പാടുമൊക്കെ. എന്നാല്‍ ഇതൊക്കെ കേട്ടതല്ലാതെ ബാരണ്‍ ഒന്നും പ്രതികരിച്ചില്ല.
സംഭവമെല്ലാം പിറ്റേന്ന് ഹഗ്ഗിയോട് സ്‌നേഹിതന്‍ ട്രേവര്‍ വിശദമായി പറഞ്ഞു. ഹഗ്ഗിയാകട്ടെ ഇതുകേട്ടപ്പോള്‍ ആകെ അസ്വസ്ഥനായി. അദ്ദേഹം ഇനി തന്നെ കാണുമ്പോള്‍ എന്തായിരിക്കും ചിന്തിക്കുന്നതെന്നായിരുന്നു ഹഗ്ഗിയുടെ ആശങ്ക. എന്നാല്‍, ആ കോടീശ്വരന്‍ ഹഗ്ഗിയുടെ നാണയത്തില്‍ അതീവ സന്തുഷ്ടനായിരുന്നു. പ്രതിസമ്മാനമായി അദ്ദേഹം പിന്നീടു നല്‍കിയത് പതിനായിരം പൗണ്ടാണ്. ഇതൊരു വിവാഹസമ്മാനമായി കാണണമെന്നൊരു കുറിപ്പും അതോടൊപ്പമുണ്ടായിരുന്നു. ”ദി മോഡല്‍ മില്യനെയര്‍” എന്ന ശീര്‍ഷകത്തില്‍ ഓസ്‌കര്‍ വൈല്‍ഡ് എഴുതിയ കഥയാണിത്.
എന്താണ് ആ കോടീശ്വരനെ സന്തോഷിപ്പിച്ചത്? ഒരു ചെറിയ കാര്യം. പാവപ്പെട്ട ഹഗ്ഗിയുടെ പക്കല്‍ ആ ഒരു നാണയമേ ഉണ്ടായിരുന്നുള്ളു. എങ്കിലും അതു നല്‍കുവാന്‍ അയാള്‍ കാട്ടിയ മനസ്. ആ വലിയ മനസിനാണ് കോടീശ്വരന്‍ വിലയിട്ടത്; പ്രതിസമ്മാനമായി അവന് ആവശ്യമുള്ളത്ര സംഖ്യ നല്‍കുന്നത്. ഒരു വലിയ സന്ദേശം ഇതിലുണ്ട്. മനസറിഞ്ഞ് നല്‍കുന്നവന്‍ എക്കാലവും അനുഗ്രഹിക്കപ്പെടും…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?