Follow Us On

25

February

2025

Tuesday

ശാസ്ത്രം ജയിക്കട്ടെ പക്ഷേ മനുഷ്യര്‍ തോല്‍ക്കരുത്‌

ശാസ്ത്രം ജയിക്കട്ടെ  പക്ഷേ മനുഷ്യര്‍  തോല്‍ക്കരുത്‌

റ്റോം ജോസ് തഴുവംകുന്ന്

അക്ഷരങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരെക്കുറിച്ച് പഠിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നെത്തിയവരാണ് പലരുമെന്ന് പറയാം. മനുഷ്യബുദ്ധിയെ ‘ജി.ബി’ കൊണ്ട് അളക്കാവുന്നതല്ല; മനുഷ്യന്റെ ഓര്‍മശേഖരത്തിന് പരിധി നിശ്ചയിക്കുകയും അസാധ്യമാണ്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും മനുഷ്യന്റെ സഹജബുദ്ധിക്കാവും. ദൈവത്തിന്റെ സൃഷ്ടി അത്രയ്ക്ക് മഹത്തരവും ഒന്നിനോടും മാറ്റുരയ്ക്കാനാകാത്തതുമാകുമ്പോള്‍ ഇന്നിതാ സഹജബുദ്ധിക്കും സഹജവാസനകള്‍ക്കും ‘പ്രതിയോഗി’ കടന്നുവന്നിരിക്കുന്നു; നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും.

നിര്‍മിതബുദ്ധിയുടെ കാലം

ഈ നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റത്തില്‍ ജന്മവാസനകള്‍ നിഷ്പ്രഭമാകുന്നുവെന്നു കരുതേണ്ടിവരും. ഒരു പേനയും കടലാസുംകൊണ്ട് അത്ഭുതം തീര്‍ത്തിരുന്ന എഴുത്തുകാരും അനുബന്ധ പ്രവര്‍ത്തകരും ഒപ്പം ആരോഗ്യരംഗത്തും അധ്യാപനരംഗത്തും എന്നുവേണ്ട സകല മേഖലയും കയ്യടക്കാനൊരുങ്ങിക്കഴിഞ്ഞു- Bard (online translation) ഉം Chat.GPT (Chat Generative pre-trained Transformer) യും. എഴുതി ബുദ്ധിമുട്ടേണ്ട, പഠിച്ചും പഠിപ്പിച്ചും ബുദ്ധിമുട്ടേണ്ട. രോഗിയെ ആഴത്തില്‍ പഠിച്ച് ചികിത്സിക്കുകയും വേണ്ട… എല്ലാം കമ്പ്യൂട്ടര്‍ പറഞ്ഞുതരും! കഥയും കവിതയും സിനിമാക്കാര്‍ക്കുവേണ്ടി തിരക്കഥയും സംഭാഷണവും ജിപിറ്റി തയാറാക്കിത്തരും. നിമിഷനേരംകൊണ്ട് ‘രചന’ പൂര്‍ത്തിയാക്കിത്തരും. എഴുത്തുപോലുമറിയാത്തവര്‍ക്കും കവിതാമത്സരത്തില്‍ പങ്കെടുക്കാം, വാസനയൊന്നുമില്ലെങ്കിലും ലേഖനമെഴുതാം, സിനിമാക്കഥയെഴുതാം!
അധ്യാപകരില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം. തെറ്റില്ലാതെ ഹോംവര്‍ക്ക് ചെയ്തുകൊണ്ടുവരാം. പഠിച്ച കുട്ടിയും പഠിക്കാത്ത കുട്ടിയും ശരിയുത്തരം എഴുതും. ചുരുക്കത്തില്‍ മനുഷ്യബുദ്ധി ‘ഫ്രീസറില്‍’ ആകും; മടിയന്മാരും അലസന്മാരും വര്‍ധിക്കും. സ്വന്തം ബയോഡേറ്റാ എന്നൊന്നില്ലാതെയുമാകാം. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി ‘ഞാനാരാണ്’ എന്ന് ചോദിക്കേണ്ടിവരുന്നതിലേക്ക് കാര്യങ്ങള്‍പോകുന്നു. മനുഷ്യന്റെ തനിമയും മഹിമയും കഴിവുകളും നിര്‍ജീവമാകുന്ന അവസ്ഥ.
നേരത്തെ തയാറാക്കപ്പെട്ടിരിക്കുന്ന അഥവാ ഫീഡ് ചെയ്യപ്പെട്ടിരിക്കുന്ന ഒട്ടനവധിയില്‍നിന്നും ചിലതൊക്കെയല്ലേ ചാറ്റ് ജിപിറ്റിയും ബാര്‍ഡുമൊക്കെ തരുന്നത്. കോടാനുകോടി രോഗികളുടെ രോഗലക്ഷണങ്ങളും ഡോക്ടറുടെ മുന്നിലെത്തിയിരിക്കുന്ന രോഗിയുടെ രോഗലക്ഷണങ്ങളുംകൂടി തട്ടിച്ചുനോക്കിയുള്ള രോഗനിര്‍ണയം കിടയറ്റതും തെറ്റില്ലാത്തതുമാകുമോ? ഡോക്ടറുടെമേല്‍ പതിഞ്ഞിരിക്കുന്ന ദൈവത്തിന്റെ കയ്യൊപ്പ് രോഗിയുടെമേല്‍ അത്ഭുതം തീര്‍ക്കില്ലേ? പക്ഷേ കമ്പ്യൂട്ടര്‍ രോഗം നിശ്ചയിച്ചാലോ?

ബുദ്ധി ദൈവികദാനം

ഗുരുമുഖത്തുനിന്നുള്ള വിദ്യാഭ്യാസത്തിന് വിജ്ഞാനത്തിനും ജോലിക്കും വേതനത്തിനുമപ്പുറമായ ഫലപ്രാപ്തിയുണ്ടെന്നത് നിസ്തര്‍ക്കമല്ലേ? വഴിക്കണക്കും മനക്കണക്കും യന്ത്രത്തിനെ ഏല്‍പിച്ച് ‘മനക്കോട്ട’യില്‍ വസിക്കുന്ന വെറും മനുഷ്യക്കൂട്ടങ്ങളായി നാം മാറാമോ? സ്വന്തം വീടറിയാന്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) ഉപയോഗിക്കുന്നവരിലേക്ക് കാര്യങ്ങള്‍ മാറുന്നില്ലേ? കാലം കഴിയുമ്പോള്‍ ഒരുപക്ഷേ മനുഷ്യര്‍ക്കുവേണ്ടി നിര്‍മിതബുദ്ധി ഭക്ഷണവും കഴിച്ചേക്കാം! അത്രയ്ക്ക് തിരക്കാണല്ലോ നമുക്ക്! ഭക്ഷണം നിര്‍മിതബുദ്ധി കഴിച്ചാലും ഒരുപക്ഷേ നമ്മുടെ ‘കായികശേഷി’ നിലനിന്നേക്കാം; എന്നാല്‍ വായറിഞ്ഞ്, നാവറിഞ്ഞ് പല്ലിന്റെ ബലമറിഞ്ഞ് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് ദൈവം ദാനമായിത്തന്ന ഉള്‍പ്രേരകങ്ങള്‍ ചേര്‍ത്ത് രുചിമേളത്തോടെ ഉള്ളിലേക്കെത്തുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാകുന്ന മനഃസംതൃപ്തി പറഞ്ഞറിയിക്കാനാകാത്തതല്ലേ?

അറിവ് സമ്പാദിക്കാന്‍ കഴിയും. പക്ഷേ ബുദ്ധി ദൈവദാനമാണ് എന്നു നാം മറക്കരുത്. ആരുടെയോ ഒക്കെ ബുദ്ധിതന്നെയാണ് അഥവാ ആരോ പകര്‍ന്നു നല്‍കിയ ബുദ്ധിതന്നെയാണ് ചാറ്റ് ജിപിറ്റിയിലും ബാര്‍ഡിലും തുടങ്ങി എല്ലാ കമ്പ്യൂട്ടര്‍വല്ക്കരിക്കപ്പെടുന്ന ബുദ്ധിയിലൂടെയും പുറത്തേക്കെത്തുന്നത്. ഓരോ വ്യക്തിയും ഓരോരോ താലന്തിലൂടെയാണ് സമൂഹത്തിലേക്കെത്തുന്നത്; ഓരോരുത്തര്‍ക്കും ദൗത്യവുമുണ്ട്. പക്ഷേ വ്യക്തിത്വത്തെ സാമാന്യവല്‍ക്കരിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍വഴി മനുഷ്യത്തലച്ചോര്‍ ‘സുഖസുഷുപ്തി’യിലായേക്കാം.
യന്ത്രം തരുന്ന രചനകള്‍ക്ക് യാന്ത്രികതയും സ്ഥിരസ്വഭാവവുമുണ്ടാകുമല്ലോ. വിദ്യാഭ്യാസരംഗവും ആതുരശുശ്രൂഷാരംഗവും യന്ത്രത്തിനുമുന്നില്‍ കാത്തിരിക്കണമോ? ജന്മവാസനകളെ യന്ത്രത്തിനുമുന്നില്‍ അടിയറവയ്ക്കുകയോ അതിനുമുന്നില്‍ കാത്തിരുന്ന് രചനകള്‍ രൂപപ്പെടുത്തുകയോ ചെയ്യുന്ന മനഃസാക്ഷിയില്ലായ്മ ഉണ്ടാകരുത്.

മുട്ടിലിഴയുമ്പോഴും കൈയില്‍ മൊബൈല്‍
കാലാകാലത്തുണ്ടായിട്ടുള്ള രചനകള്‍ കാലാതീതമായി മനുഷ്യരെ വളര്‍ത്തിയിട്ടുണ്ട്. ജന്മവാസനകളെ നിസാരവല്‍ക്കരിക്കരുത്. എഴുതി ബുദ്ധിമുട്ടേണ്ടെന്നുള്ള പ്രയോഗം അലസന്മാര്‍ക്കുള്ളതാണ്. ശാസ്ത്രം വളരട്ടെ; പക്ഷേ മനുഷ്യര്‍ തോല്‍ക്കരുത്. ഓരോരുത്തരെയും ദൈവമേല്‍പിച്ച നിയോഗം മറന്ന് അലസതയുടെ കൂടാരത്തിലിരുന്ന് മനക്കോട്ടകെട്ടരുത്. മനുഷ്യരുടെ തലച്ചോര്‍ വിവരശേഖര (ഡാറ്റ) പരിമിതിയില്ലാത്തതാണ്. ഇന്ന് മനുഷ്യര്‍ക്കാവശ്യമായതിനെല്ലാം ‘ആപ്പുകള്‍’ രൂപപ്പെട്ടുകഴിഞ്ഞു. വിരല്‍തുമ്പില്‍ എല്ലാം മുന്നിലെത്തുമ്പോഴും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ കഥയേറുകയല്ലേ? മുട്ടിലിഴയുന്ന കുട്ടിയും ‘സെല്‍ഫോണ്‍ പരീക്ഷ’വളരെ പെട്ടെന്ന് ജയിക്കുന്ന കാലം! പക്ഷേ ആരിലും പഴയതുപോലെ മനുഷ്യത്വമില്ല, ചൊവ്വാഗ്രഹത്തിലെ ജലസാന്നിധ്യം ശാസ്ത്രം കണ്ടെത്തുമ്പോഴും അയലത്ത് ‘ജലപാന’മില്ലാതെ മരിക്കുന്നവരിന്നുമില്ലേ? ലോകം മുഴുവന്‍ വിരല്‍തുമ്പില്‍ തെളിയുമ്പോഴും അയലത്തുവീട്ടിലെ മരണം പലരുമറിയുന്നത് ദുര്‍ഗന്ധം വരുമ്പോഴല്ലേ? എവിടേക്കാണ് നമ്മുടെ ശാസ്ത്രഗമനം?!

സര്‍ഗശേഷിയെയും മനുഷ്യരുടെ ഓര്‍മശേഖരത്തെയും നിര്‍ജീവമാക്കുന്ന ആധുനിക കണ്ടുപിടുത്തങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അധ്യാപനവും ആരോഗ്യരംഗവും യാന്ത്രികമാകരുത്. വൈജ്ഞാനികമേഖലയുടെ അനതിസാധാരണ വളര്‍ച്ചയ്ക്കുമുന്നിലും നമ്മിലെ ‘മനുഷ്യന്‍’ മരവിക്കുന്നതു കാണുന്നില്ലേ? മനഃസാക്ഷിയും മനഃശാന്തിയും നഷ്ടമാകുന്നു ണ്ടോ? പ്രശ്‌നങ്ങളുടെ സങ്കീര്‍ണത വര്‍ധിക്കാനേ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപകരിക്കുകയുള്ളൂവെങ്കില്‍ ചിന്തിക്കണം. എല്ലാത്തിനും ഉത്തരം കണ്ടെത്തുന്ന ശാസ്ത്രത്തിലാശ്രയിക്കുമ്പോഴും ജീവിതത്തിന്റെ അര്‍ത്ഥം കൈമോശം വരാതിരിക്കണം. മനുഷ്യര്‍ മനുഷ്യരായി വളരണം, ജന്മവാസനകളെ വിലകുറച്ചു കാണരുത്; സ്വത്വബോധത്തെ തകര്‍ക്കരുത്. സ്വന്തം ഐഡന്റിറ്റി ഇല്ലാതാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയുമരുത്. ശാസ്ത്രം മനുഷ്യനുവേണ്ടിയാകണം; മനുഷ്യര്‍ ശാസ്ത്രത്തിന്റെ അടിമകളാകരുത്; ജാഗ്രതയുണ്ടാകണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?