ജയ്‌മോന്‍ കുമരകം
പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക.
പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍ പുറത്ത് എവിടെങ്കിലും പോയി വീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അറിയാതൊരുള്‍ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു. എവിടെപ്പോയെന്ന് അവരോട് ചോദിക്കാനും എന്തിന് പോയെന്ന് ചോദിക്കാനും ഒരു പേടി. മക്കളുടെ മുഖത്ത് വിടരുന്ന രോഷഭാവങ്ങളില്‍ വല്ലാതൊരു ടെന്‍ഷനും മാതാപിതാക്കളെ പിടികൂടിയിരിക്കുന്നു.
കളക്ട്രേറ്റിലെ ഇറിഗേഷന്‍ വിഭാഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരുദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം സംസാരത്തിനിടയില്‍ പറഞ്ഞു. പേടിയോടെയാണത്രേ മകനോട് സംസാരിക്കുന്നത്. ഒന്നും അവന്‍ സംസാരിക്കാറില്ല, കൊറോണക്കുശേഷം പള്ളിയില്‍ പോയിട്ടില്ല. കുടുംബ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാറില്ല. അപ്പനെന്ന നിലയില്‍ എന്തെങ്കിലും സംസാരിച്ചാല്‍ പുച്ഛത്തോടെയാണവന്‍ കേള്‍ക്കുന്നത്. ഉപദേശം തീരെ താല്പര്യമില്ല. പണം വേണമെന്ന ആവശ്യം മാത്രമാണ് പറയാറുള്ളത്. അവന്‍ പറയുന്ന പണം കൊടുക്കണം. എതിര്‍ത്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ ക്ഷുഭിതനാകും. അവന്റെ അന്നേരത്തെ മുഖഭാവം കാണുമ്പോള്‍ എനിക്ക് തന്നെ ഭയമാകും. അവന്റെ മുറി തുറക്കാറില്ല. അവന്റെ മേശയുടെയോ അലമാരയുടെയോ ഡ്രോ തുറക്കാന്‍ അവന്‍ ആരെയും അനുവദിക്കാറില്ല. മകനെക്കുറിച്ചുള്ള ഉത്ക്കണ്ഠ പങ്കുവച്ച ആ പിതാവിന്റെ ധര്‍മ്മസങ്കടം കേരളത്തിലെ പല മാതാപിതാക്കളുടെയും സങ്കടമാണ്.
ഈ രണ്ടുമാസത്തിനുള്ളില്‍ 25 വയസിന് താഴെയുള്ള യുവാക്കള്‍ കൊലപ്പെടുത്തിയത് 14 പേരെയാണ്. ഒരു ചെറിയ ശിക്ഷപോലും നല്‍കാതെ മക്കളുടെ എല്ലാ ഇഷ്ടങ്ങളും സമയാസമയങ്ങളില്‍ സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ക്കെല്ലാം മുന്നറിയിപ്പാണിത്. ഒരിക്കല്‍ അവരുടെ ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ അവരാദ്യം തിരിയുന്നത് മാതാപിതാക്കള്‍ക്ക് നേരെയാവുമെന്നത് തീര്‍ച്ച. അവര്‍ക്ക് മാതാപിതാക്കളെന്നാല്‍ സ്വന്തം ഇഷ്ടം സാധിക്കാന്‍ മാത്രമുള്ളവരാണ്. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പെട്ടെന്ന് സാധിക്കുന്ന കുട്ടിക്കാലം അവരെ എവിടെയെത്തിച്ചു എന്ന് മനസിലാക്കുക.
അടുത്തനാളില്‍ യുവജനങ്ങളെ സിനിമാതിയേറ്ററിലേക്ക് ഇടിച്ചുകയറ്റിയൊരു ചിത്രമുണ്ട്. വയലന്‍സിന്റെ അതിപ്രസരമെന്ന് നിരൂപകരെല്ലാം വിധിയെഴുതിയൊരു സിനിമ. ഒരുപക്ഷേ ആ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സ്വപ്‌നം പോലും കാണാത്തൊരു വിജയമാണ് ഈ സിനിമക്കുണ്ടായത്. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്‌കം എപ്പോഴും ഹാര്‍ഡ് വെയറിന്റെ മെച്ചത്തേക്കാള്‍ എന്തു പ്രോഗ്രാം ചെയ്യപ്പെടുന്നോ ആ ഔട്ട് പുട്ട് തരുന്ന ഒന്നാണ്. കുട്ടികള്‍ ആസ്വദിച്ചു കാണുന്ന ഗെയിമുകള്‍ കണ്ടിട്ടുണ്ടോ. അതും മിനിട്ടില്‍ പത്തും പന്ത്രണ്ടും പേരെ വെടിവെച്ചുകൊല്ലുന്നവര്‍ക്കാണ് സ്‌കോര്‍. ചോരയും മാംസവും ചിതറി തെറിക്കുന്നതൊക്കെ ഒരു തരം ഉന്‍മാദത്തോടെ അവര്‍ ആസ്വദിക്കുന്നു.
പഴയ ആളുകള്‍ക്ക് ഈ ഗെയിമുകള്‍ തിരിയുകയില്ല. ഇതൊന്നും കളിക്കരുതെന്ന് വിലക്കാനുമാവില്ല. അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ ഔട്ടായി, പഴഞ്ചനായി. എന്നാല്‍ പുതുതലമുറ ഒരുപാട് ഉയരങ്ങളിലാണ്. താഴെയിറങ്ങാന്‍ പറ്റാത്ത അത്രയും ഉയരത്തില്‍. ഒന്നു ചിരിച്ചാല്‍ നമ്മെനോക്കി ഹൃദയം കൊണ്ട് ചിരിക്കുന്ന കുട്ടികളെ കാണുന്നത് തന്നെ ഭാഗ്യം.
20 വയസ് വരെ തലച്ചോറില്‍ ഫീഡ് ചെയ്യപ്പെടുന്ന ഡാറ്റകളില്‍ അധികവും വയലന്‍സ് ആണെങ്കില്‍ സിസ്റ്റത്തിന്റെ ഔട്ട് പുട്ടില്‍ സ്‌നേഹവും സാഹദര്യവും കരുണയുമൊന്നും ഉണ്ടാവില്ല അത്രതന്നെ. അതിനാല്‍ കുഞ്ഞുങ്ങളെ ഓര്‍ത്ത് കണ്ണീരോടെയൊന്ന് പ്രാര്‍ത്ഥിക്കാനെങ്കിലും ആയെങ്കില്‍ അത്രയുമായി.
രാജസ്ഥാന്‍ നല്‍കുന്ന സന്ദേശം
പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ വ്യാപിക്കുമ്പോള്‍ രാജസ്ഥാനിലെ പിപ്പലന്ത്രി എന്ന ഗ്രാമം നല്‍കുന്ന സന്ദേശം ഏറെ ശ്രദ്ധേയമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ഈ ആഹ്ലാദത്തില്‍ പങ്കുചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഗ്രാമത്തിലൊരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം…!
പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു എന്നു കേള്‍ക്കുമ്പോള്‍ ഓരോ നാട്ടിലുമുള്ള ആളുകള്‍ അവരെ കൊന്നുകളയാന്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ട് മനസു വിഷമിച്ച് ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് പുതിയൊരു നിയമം. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ ഇവിടെ പിറന്നു; അങ്ങനെ ഉണ്ടായപ്പോള്‍ അവരുടെ ഓര്‍മ്മക്കായി ആയിരക്കണക്കിന് മരങ്ങളും. ഏറെയും ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് ഇവര്‍ നടുന്നത്. ഇവ വെട്ടാന്‍ പാടില്ല എന്നാണ് നിയമം. ഇവയില്‍ നിന്നും വരുമാനം ലഭിക്കുന്നതു കൂടാതെ വൃക്ഷങ്ങള്‍ക്കിടയില്‍ നട്ടുവളര്‍ത്തുന്ന കറ്റാര്‍ വാഴ മറ്റൊരു വരുമാന സ്രോതസുമാകുന്നു!
ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചുപോയി. അവളുടെ ഓര്‍മ നിലനിര്‍ത്താന്‍ ‘കിരണ്‍നിധി യോജന’ എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് അപ്പന്‍ തുടക്കമിട്ടു. പദ്ധതി പ്രകാരം പെണ്‍കുഞ്ഞ് ജനിക്കുന്ന വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ ഗ്രാമവാസികള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക.
ഗ്രാമത്തില്‍ ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോഴും ഗ്രാമവാസികള്‍ അവള്‍ക്കായി 21000 രൂപ ശേഖരിച്ച് കുഞ്ഞിന്റെ പിതാവിനു നല്‍കണം. അതിനൊപ്പം വീട്ടുകാരും 10,000 രൂപ കൂടി ചേര്‍ത്ത് 31000 രൂപ പിതാവ് കുഞ്ഞിന്റെ പേരില്‍ 20 വര്‍ഷത്തേക്ക് ബാങ്കില്‍ സ്ഥിരമായി നിക്ഷേപിക്കണം..!
ഒപ്പം 20 വയസിനു മുന്‍പ് കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കില്ലെന്നും അവള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുമെന്ന് മറ്റൊരു സമ്മതപത്രവും പിതാവ് എഴുതി നല്‍കുകയും ചെയ്യണം.. കേവലം ഒരു ഗ്രാമത്തലവന് ഒരു നാടിന്റെ മുഖഛായ തന്നെ ഇതോടെ മാറ്റിമറിക്കാന്‍ കഴിഞ്ഞു. പെണ്‍കുഞ്ഞുങ്ങളെ ശാപമായി കരുതുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വേറിട്ട് പിപ്പലാന്ത്രി ഓരോ പെണ്‍കുഞ്ഞിന്റെയും ജനനം ആഘോഷമാക്കി മാറ്റുന്നു. പെണ്ണും പ്രകൃതിയും ഒന്നുതന്നെയാണെന്ന് പിപ്പലന്ത്രി നമ്മോടു വിളിച്ചു പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *