Follow Us On

05

April

2025

Saturday

ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

ഹെയ്തി: വിമത സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് ഓ പ്രിസന്‍സ്/ഹെയ്തി: ഹെയ്തിയിലെ മിറാബലൈസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമത്തിന് മറുപടിയായി  ഗുണ്ടാ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഓര്‍ഡര്‍ ഓഫ് സെന്റ് തെരേസയിലെ രണ്ട് കന്യാസ്ത്രീകളായ ഇവനെറ്റ് വണ്‍സെയര്‍, ജീന്‍ വോള്‍ട്ടയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്ക് മറുപടിയായി രാജ്യത്തെ ഏറ്റവും ശക്തമായ സംഘങ്ങളെ ഒന്നിപ്പിക്കുന്ന വിവ്രെ എന്‍സെംബിള്‍ സഖ്യമാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അഴിച്ചുവിട്ടത്.

രാജ്യം യുദ്ധത്തിലാണെന്ന് ട്രാന്‍സിഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫ്രിറ്റ്സ് അല്‍ഫോണ്‍സ് ജീന്‍ പറഞ്ഞു. കരീബിയന്‍ രാഷ്ട്രത്തെ വിഴുങ്ങുന്ന പ്രതിസന്ധിയുടെ ഗൗരവം അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള മിറെബലൈസ് എന്ന പട്ടണമാണ് വിവ്രെ എന്‍സെംബിള്‍ ഗുണ്ടാ സഖ്യം അക്രമിച്ചത്. സുരക്ഷാ സേനയുടെ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും,നഗരത്തിന്റെ നിയന്ത്രണ തെരുവ് സംഘങ്ങളുടെ കയ്യിലാണ്. അക്രമം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നുണ്ട്.

രണ്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള മിറെബലൈസ് നേരത്തെയും ആക്രമണങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്കെതിരായ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ അടിച്ചമര്‍ത്തലിനെതിരായ പ്രതികാരമായാണ് സമീപകാല ആക്രമണങ്ങളെ വിലയിരുത്തുന്നത്. മുമ്പ് സംഭവിച്ചപോലെ സംഘാംഗങ്ങള്‍ പ്രാദേശിക ജയിലില്‍ ഇരച്ചുകയറുകയും കുറഞ്ഞത് 500 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ദേശീയ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 30 ഓളം സംഘാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന രാജ്യത്തെ ഏറ്റവും നൂതനമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ആസ്ഥാനമാണ് മിരെബാലൈസ്. കൂടാതെ, ഹെയ്തിയുടെ രണ്ട് പ്രധാന പാതകളുടെ സംഗമസ്ഥാനത്തുള്ള തന്ത്രപ്രധാനമായ  നഗരവുമാണിത്.

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലേക്ക് ഹെലികോപ്റ്റര്‍ വഴിയല്ലാതെ നിലവില്‍ സുരക്ഷിതമായ പ്രവേശനമോ പുറത്തുകടക്കാനുള്ള വഴികളോ ഇല്ലെന്ന് യുഎന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥനായ വില്യം ഒ നീല്‍ പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ നിയന്ത്രണത്തിലാണ് സമീപപ്രദേശങ്ങള്‍.  വീടുകള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയ്ക്കെല്ലാം സംഘം തീയുടകയാണെന്നും കൊലപാതകങ്ങളും ബലാത്കാരങ്ങളും നടത്തുന്നതായും വില്യം പറഞ്ഞു. യുഎന്‍ കണക്കുകള്‍ പ്രകാരം, 2024 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെ ഹെയ്തിയില്‍ 4,200-ലധികം ആളുകള്‍ കൊല്ലപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?