Follow Us On

18

August

2025

Monday

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് അന്തരിച്ചു

സാവോ പോളോ, ബ്രസീല്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 116 ാം വയസില്‍ അന്തരിച്ചു.  ബ്രസീലിലെ പോര്‍ട്ടോ അലെഗ്രെയിലുള്ള സാന്തോ എന്റിക്ക് ഡെ ഒസോയിലെ വിശ്രമകേന്ദ്രത്തില്‍വച്ചായിരുന്നു  സിസ്റ്റര്‍ ഇന കാനബാരോയുടെ അന്ത്യം.

1908 മെയ് 27 ന് ജനിച്ച സിസ്റ്റര്‍ ഇനാ തെരേസിയന്‍ സന്യാസിനി സമൂഹത്തിലെ അംഗമാണ്.  ഒരു സ്വകാര്യ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങളിലൊന്ന് ലോകത്തിലെ എല്ലാ ആളുകള്‍ക്കും വേണ്ടി എല്ലാ ദിവസവും നടത്തുന്ന  പ്രാര്‍ത്ഥനയാണെന്ന് സിസ്റ്റര്‍ ഇനാ പരാമര്‍ശിച്ചിരുന്നു. റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്തെ സാവോ ഫ്രാന്‍സിസ്‌കോ ഡി അസീസില്‍ നിന്നുള്ള ഇനാ, അതേ സംസ്ഥാനത്ത് നടന്ന ഫറൂപില്‍ഹ വിപ്ലവത്തിന്റെ (1835-1845) പ്രധാന നേതാക്കളിലൊരാളായ ജനറല്‍ ഡേവിഡ് കാനബാരോയുടെ മരുമകളാണ്.  കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച ഇനാ, 1927-ല്‍ 19 വയസ്സുള്ളപ്പോള്‍ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലെ തെരേസിയന്‍ സിസ്റ്റേഴ്സിനൊപ്പം നോവിഷ്യേറ്റില്‍ ചേര്‍ന്നു. ഒരു നൂറ്റാണ്ടിലേറെയായി, ലോകത്തിലും സഭയിലും സംഭവിച്ച നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യ വഹിച്ച സിസ്റ്റര്‍ ഇനാ രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും 10  പാപ്പാമാരുടെ കാലങ്ങളിലൂടെയും ജീവിച്ചു.സിസ്റ്റര്‍ ജനിച്ച വര്‍ഷമാണ് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒരു അധ്യാപിക എന്ന നിലയില്‍, റിയോ ഡി ജനീറോ, ഇറ്റാക്വി, സാന്റാന ഡോ ലിവ്രമെന്റോ എന്നിവിടങ്ങളിലെ തെരേസിയന്‍ സ്‌കൂളുകളില്‍ സിസ്റ്റര്‍ ഇനാ പോര്‍ച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല, മതം എന്നിവ പഠിപ്പിച്ചു. സാന്റാന ഡോ ലിവ്രമെന്റോയില്‍ സാന്താ തെരേസ സ്‌കൂള്‍ മാര്‍ച്ചിംഗ് ബാന്‍ഡ് സൃഷ്ടിച്ചതാണ് സിസ്റ്ററിന്റെ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ നേട്ടം. 115 സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ ബാന്‍ഡ് ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സാന്റാന ഡോ ലിവ്രമെന്റോയുടെ സഹോദര നഗരമായ ഉറുഗ്വേയിലെ റിവേരയില്‍ പ്രശസ്തമായ പോമോളി ഹൈസ്‌കൂളിലും മാര്‍ച്ചിംഗ് ബാന്‍ഡ് സൃഷ്ടിക്കുന്നതില്‍ സിസ്റ്റര്‍ ഇനാ സഹകാരിയായി. സിസ്റ്ററിന്റെ മരണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് വനിതയായ  115 വയസുള്ള എഥല്‍ കാറ്റര്‍ഹാമാണ് ഇനി ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി. 1909 ഓഗസ്റ്റ് 21-നാണ് എഥല്‍ കാറ്റര്‍ഹാം ജനിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?