Follow Us On

11

May

2025

Sunday

വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി.

ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ പാപ്പ കര്‍ദിനാള്‍ സംഘത്തെ ക്ഷണിച്ചു. തുടര്‍ന്ന് പാപ്പ ഇപ്രകാരം പറഞ്ഞു, ‘ആ കുരിശ് വഹിക്കാനും ആ ദൗത്യം നിര്‍വഹിക്കാനും നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരു സഭ എന്ന നിലയില്‍, യേശുവിന്റെ സുഹൃത്തുക്കളുടെ ഒരു സമൂഹമായി, വിശ്വാസികളായി, സുവിശേഷം പ്രഘോഷിക്കാന്‍ എന്നോടൊപ്പം നടക്കാന്‍ നിങ്ങളില്‍ ഓരോരുത്തരെയും എനിക്ക് ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം’.

പത്രോസിന്റെ ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നമ്മുടെ രക്ഷകനായ യേശു മാത്രമാണ് പിതാവിന്റെ മുഖം വെളിപ്പെടുത്തുന്നതെന്ന് പാപ്പ തുടര്‍ന്നു. നമ്മുടെ എല്ലാ പരിധികളെയും കഴിവുകളെയും മറികടക്കുന്ന ഒരു നിത്യ വിധിയുടെ വാഗ്ദാനത്തോടൊപ്പം, നമുക്കെല്ലാവര്‍ക്കും അനുകരിക്കാന്‍ കഴിയുന്ന മനുഷ്യ വിശുദ്ധിയുടെ ഒരു മാതൃക യേശു നമുക്ക് കാണിച്ചുതന്നു. ക്രിസ്തീയ വിശ്വാസം അസംബന്ധമാണെന്നും ദുര്‍ബലരും ബുദ്ധിശൂന്യരുമായവര്‍ക്ക് വേണ്ടിയുള്ളതാണ് വിശ്വാസമെന്നും കരുതപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്. സാങ്കേതികവിദ്യ, പണം, വിജയം, അധികാരം, അല്ലെങ്കില്‍ ആനന്ദം തുടങ്ങിയ മറ്റ് സുരക്ഷാ സങ്കേതങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സാഹചര്യങ്ങളുമുണ്ട്. സുവിശേഷം പ്രസംഗിക്കുകയും സത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് എളുപ്പമല്ലാത്ത സന്ദര്‍ഭങ്ങളാണിവ, വിശ്വാസികള്‍ പരിഹസിക്കപ്പെടുകയോ എതിര്‍ക്കപ്പെടുകയോ വെറുക്കപ്പെടുകയോ പരമാവധി സഹിക്കുകയോ  ചെയ്യുന്ന സ്ഥലങ്ങളാണിവ. ഇതേ കാരണങ്ങള്‍ക്കൊണ്ടു തന്നെ നമ്മുടെ മിഷനറി പ്രവര്‍ത്തനം അത്യന്തം ആവശ്യമുള്ള സ്ഥലങ്ങളാണിവയെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ പറഞ്ഞു.

ഇന്ന്,  യേശു  മനുഷ്യനായി വിലമതിക്കപ്പെടുന്നുണ്ടെങ്കിലും, ഒരുതരം കരിസ്മാറ്റിക് നേതാവോ സൂപ്പര്‍മാനോ ആയി ചുരുക്കപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്. വിശ്വാസികളല്ലാത്തവര്‍ക്കിടയില്‍ മാത്രമല്ല, മാമ്മോദീസാ സ്വീകരിച്ച നിരവധി ക്രിസ്ത്യാനികള്‍ക്കിടയിലും ഇത് സംഭവിക്കുന്നുണ്ട്. അവര്‍ ഈ തലത്തില്‍, പ്രായോഗിക നിരീശ്വരവാദികളായി ജീവിക്കുന്നവരാണെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി.
‘നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ലോകം ഇതാണ്, ഫ്രാന്‍സിസ് പാപ്പ പലതവണ നമ്മെ പഠിപ്പിച്ചതുപോലെ, രക്ഷകനായ ക്രിസ്തുവിലുള്ള നമ്മുടെ സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പത്രോസിനോടൊപ്പം, ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ എന്ന് നാമും ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്’ എന്ന് പാപ്പ കര്‍ദിനാള്‍മാരോട് പറഞ്ഞു.

ക്രിസ്തു നിലനില്‍ക്കുന്നതിനായി മാറിനില്‍ക്കുവാനും അവന്‍ അറിയപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നതിനായി സ്വയം ചെറുതാകുവാനും, എല്ലാവരും ക്രിസ്തുവിനെ അറിയാനും സ്‌നേഹിക്കാനും അവസരം ലഭിക്കുന്നതിന് സ്വയം വിട്ടുനല്‍കുവാനും പാപ്പ ആഹ്വാനം ചെയ്തു. സഭയുടെ അമ്മയായ മറിയത്തിലൂടെ സ്‌നേഹനിര്‍ഭരമായ മധ്യസ്ഥതയിലൂടെ ദൈവം ഇന്നും എപ്പോഴും എനിക്ക് ഈ കൃപ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?