ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
പാക്കിസ്ഥാന്റെ ചില അവസ്ഥകള്‍ മനസിലാക്കാം.
ആളോഹരി വരുമാനം : 1680 അമേരിക്കന്‍ ഡോളറിന് തുല്യം. ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ 158-ാം സ്ഥാനം.
സാക്ഷരത : 68 ശതമാനം, സ്ത്രീ സാക്ഷരത : 52 ശതമാനം, ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനം : 25 ശതമാനം, സാമ്പത്തിക വളര്‍ച്ചാനിരക്ക് : 0.92 ശതമാനം, ആരോഗ്യമേഖലക്ക് ചെലവാക്കുന്ന തുക : ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനം, മാതൃമരണനിരക്ക് : ഓരോ പതിനായിരം പ്രസവങ്ങള്‍ക്കും 155 പേര്‍, ശിശുമരണനിരക്ക് : ഓരോ ആയിരം ജനനങ്ങള്‍ക്കും 50 വീതം.
ഒരു രാജ്യത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മനസിലാക്കാന്‍ സഹായിക്കുന്ന അടിസ്ഥാന സാമ്പത്തിക സൂചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ സൂചകങ്ങള്‍വച്ച് നോക്കിയാല്‍ പാക്കിസ്ഥാന്‍ ഒരു ദരിദ്രരാജ്യമാണെന്ന് പറയേണ്ടിവരും. എന്തുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാക്കിസ്ഥാന് ഈ ദുരവസ്ഥ ഉണ്ടായത്? അതേദിവസം സ്വാതന്ത്ര്യം കിട്ടിയ രാജ്യമല്ലേ ഇന്ത്യ? ഇന്ത്യ എവിടെ നില്‍ക്കുന്നു, പാക്കിസ്ഥാന്‍ എവിടെ നില്‍ക്കുന്നു!
അടുത്ത കാലത്ത് പാക്കിസ്ഥാന് ചിലപുതിയ പേരുകള്‍ കൂടി കിട്ടി. ഒന്ന്, ടെററിസ്ഥാന്‍, രണ്ട് തെമ്മാടി രാഷ്ട്രം, മൂന്ന് തീവ്രവാദികളുടെ നഴ്‌സറി. ഈ പേരുകള്‍ ആര് നല്‍കിയത് ആണെങ്കിലും അവ ആ രാജ്യത്തെ സംബന്ധിച്ച് ശരിയാണ്.
പാക്കിസ്ഥാന്റെ ഈ ദുരവസ്ഥയ്ക്ക് രണ്ട് പ്രധാന കാരണങ്ങളുണ്ട്. പാക്കിസ്ഥാന്‍ ചെയ്യുന്ന രണ്ട് തെറ്റുകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. രണ്ട് തെറ്റും ചെയ്യുന്നത് ഭരണാധികാരികളും മതതീവ്രവാദികളും ചേര്‍ന്നിട്ടാണ്. ഈ രണ്ട് തെറ്റുകള്‍ ഇവയാണ്: ഒന്ന് – അവര്‍ അവരുടെ രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കും സമാധാനപൂര്‍ണമായ ജീവിതത്തിനുംവേണ്ടി വേണ്ടത്ര ശ്രദ്ധയും പരിശ്രമവും കാണിക്കുന്നില്ല. രണ്ട് – അവര്‍ ടെററിസം വളര്‍ത്തുന്നതിലും ഇന്ത്യയെ ആക്രമിക്കുന്നതിലും വലിയ ശ്രദ്ധ കാണിക്കുന്നു. രണ്ടും വ്യക്തമാക്കാം.
ഒന്നാമത്തെ കാര്യം: രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമം, സാമ്പത്തിക പുരോഗതി, സമാധാനപൂര്‍ണമായ ജീവിതം, ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയൊക്കെയാണ് ഏതൊരു രാജ്യത്തിലെയും ഭരണാധികാരികളുടെ മുഖ്യലക്ഷ്യം ആകേണ്ടത്. ഈ ലക്ഷ്യം നേടാന്‍വേണ്ടി അവര്‍ അധ്വാനിക്കണം. ഇതിനുവേണ്ടി രാജ്യത്തിന്റെ വിഭവശേഷി ഉപയോഗിക്കണം. ഇതിനുവേണ്ടി വേണ്ടിവന്നാല്‍ ലോകത്തിലെ വിവിധ ഏജന്‍സികളില്‍നിന്ന് കടം വാങ്ങണം. അങ്ങനെ വാങ്ങുന്ന പണം സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിക്കണം. അപ്പോള്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകും.
രാജ്യത്തിന്റെ വരുമാനം കൂടും. ആളോഹരി വരുമാനം കൂടും. തൊഴില്‍ അവസരങ്ങള്‍ കൂടും. വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും കൂടും. ആരോഗ്യരംഗം മെച്ചപ്പെടും. രാജ്യത്ത് നല്ല റോഡുകളും പാലങ്ങളും വ്യവസായങ്ങളും കൃഷിയും സാങ്കേതിക വിദ്യയും എല്ലാം മെച്ചപ്പെടും. രാജ്യത്തിന്റെ കരുത്ത് വര്‍ധിക്കും. രാജ്യത്തിന്റെ സല്‍പേര് ലോകത്തില്‍ ഉയരും. ജനങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കും. അവരുടെ ജീവിതനിലവാരം മെച്ചപ്പെടും. അവര്‍ നല്ല വീടുകളില്‍ താമസിക്കും. അവര്‍ക്കു വൈദ്യുതി, ശുദ്ധജലം എന്നിവ തടസമില്ലാതെ കിട്ടും. അവര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കും. അവര്‍ക്ക് മാന്യമായ ജീവിതം കഴിഞ്ഞ് പണം മിച്ചം വരും. അത് അവര്‍ സമ്പാദിക്കും. ഒന്നുകില്‍ ആ പണം ബാങ്കില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ സ്വന്തമായി സാമ്പത്തിക കാര്യങ്ങളില്‍ ഇടപെട്ട് നിക്ഷേപിക്കും. രണ്ടായാലും രാജ്യം വളരും.
എന്നാല്‍ പാക്കിസ്ഥാന്റെ അവസ്ഥയോ? അവിടുത്തെ ജനങ്ങളുടെ അവസ്ഥയോ? അവരുടെ ജീവിതനിലവാരത്തിന്റെ അവസ്ഥയോ? അവിടെ നടക്കുന്ന സാമ്പത്തിക വികസനത്തിന്റെ വേഗതയോ? എല്ലാം മോശം. കാരണം ഇതാണ്: ലഭ്യമായ പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടവിധം ഉപയോഗിക്കുന്നില്ല. അഴിമതിമൂലം കുറെ പണം ലീക്ക് ആകുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും തീവ്രവാദികളെ പരിശീലിപ്പിക്കാനും അവര്‍ക്കുവേണ്ടി ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാനും ധാരാളം പണം മാറ്റിവയ്ക്കപ്പെടുന്നു. ഇതെല്ലാം കഴിഞ്ഞ് രാജ്യപുരോഗതിക്കും ജനക്ഷേമം വര്‍ധിപ്പിക്കുന്നതിനും ചെലവാക്കാന്‍ കാര്യമായ പണം ഉണ്ടാകുന്നില്ല. തന്മൂലം ദാരിദ്ര്യം തുടരുന്നു. സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും താഴ്ന്നുനില്‍ക്കുന്നു. ആരോഗ്യരംഗം താറുമാറായി കിടക്കുന്നു. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടാതെ വരുന്നു. രാജ്യം പിന്നോക്കാവസ്ഥയില്‍ തുടരുന്നു. രാജ്യത്തിന് ലോകത്തില്‍ അംഗീകാരവും ആദരവും ബഹുമാനവും സ്വാധീനവും കാര്യമായി ലഭിക്കാതെ പോകുന്നു. പാക്കിസ്ഥാന്‍ കാലാകാലങ്ങളില്‍ ഭരിച്ചിരുന്നവരുടെ ഒന്നാമത്തെ തെറ്റ് ഇതാണ്. ആ തെറ്റ് അവര്‍ തുടരുകയും ചെയ്യുന്നു.
ഇനി രണ്ടാമത്തെ പ്രശ്‌നങ്ങളിലേക്ക് വരാം. അവര്‍ തീവ്രവാദം വളര്‍ത്തുന്നു. തീവ്രവാദികളെ പരിശീലിപ്പിക്കുന്നു. തീവ്രവാദികളുടെ രാജ്യം ആകുന്നു. തീവ്രവാദികളുടെ നഴ്‌സറി എന്ന പേര് അവര്‍ക്ക് കിട്ടുന്നു. ചെടികള്‍ നട്ടു പിടിപ്പിക്കുന്ന സ്ഥലമാണല്ലോ നഴ്‌സറി. അവിടെ നട്ടുപിടിപ്പിക്കുന്ന ചെടികള്‍ ആളുകള്‍ വാങ്ങി സ്വന്തം സ്ഥലത്ത് നട്ടുപിടിപ്പിക്കുന്നു. അപ്പോള്‍ അനേക സ്ഥലത്ത് ചെടികളും മരങ്ങളും വളരാന്‍ ഈ നഴ്‌സറി കാരണമാകുന്നു. ഇതുപോലെ പാക്കിസ്ഥാന്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന നഴ്‌സറിയാണ്. അവിടെ പരിശീലിപ്പിക്കപ്പെട്ട് ആയുധങ്ങള്‍ ലഭിക്കുന്ന തീവ്രവാദികള്‍ രാജ്യം മുഴുവനിലേക്കും ലോകം മുഴുവനിലേക്കും വ്യാപിക്കുന്നു. അവര്‍ എവിടെയാണെങ്കിലും അവരുടെ ചിന്ത അക്രമം, കലാപം, ഭീകരപ്രവര്‍ത്തനം തുടങ്ങിയവയാണ്. എത്ര പണമാണ് പാക്കിസ്ഥാന്‍ അവര്‍ക്കുവേണ്ടി ചെലവാക്കുന്നത്? എത്ര വിഭവങ്ങളാണ് അവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്നത്? എത്ര ശ്രദ്ധയാണ് അവരുടെ കാര്യത്തില്‍ അധികാരികള്‍ക്കുള്ളത്? ഈ ശ്രദ്ധയും പണവും രാജ്യപുരോഗതിക്കും ജനക്ഷേമത്തിനുംവേണ്ടി ഉപയോഗിക്കേണ്ടിയിരുന്നവ അല്ലേ? പകരം തീവ്രവാദികളെ വളര്‍ത്തി മറ്റുള്ളവരെ ആക്രമിക്കുന്നു.
ഇന്ത്യാ ഗവണ്‍മെന്റിനുപോലും രാജ്യപുരോഗതിക്കുവേണ്ടി ചെലവഴിക്കേണ്ട ശ്രദ്ധയും വിഭവങ്ങളും ഭീകരരില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുവാന്‍വേണ്ടി മാറ്റിവയ്‌ക്കേണ്ടിവരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് നടത്തുന്ന യുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും മാത്രം ഓര്‍ത്താല്‍ മതി.
പാക്കിസ്ഥാന്‍ രണ്ട് തിന്മകള്‍ ചെയ്യുകയാണ്. ഒന്ന്, സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി അവഗണിക്കുന്നു. അതിനുവേണ്ടി ചെലവാക്കേണ്ട ശ്രദ്ധയും പണവും തീവ്രവാദികള്‍ക്കുവേണ്ടി ചെലവാക്കുന്നു. രണ്ട്, മറ്റ് രാജ്യങ്ങളെ ആക്രമിച്ച് അവരുടെ സൈ്വരജീവിതം നഷ്ടപ്പെടുത്തുന്നു. ഇതാണോ ഒരു രാജ്യത്തിലെ ഭരണാധികാരികളുടെ ജോലി? പാക്കിസ്ഥാന്റെ ഇരട്ട തെറ്റുകളെ നമ്മള്‍ അറിഞ്ഞിരിക്കുക.
Leave a Comment
Your email address will not be published. Required fields are marked with *