Follow Us On

18

May

2025

Sunday

കാലത്തിനുള്ള ദൈവത്തിന്റെ മറുപടി

കാലത്തിനുള്ള ദൈവത്തിന്റെ മറുപടി

ഫാ.ജോയി ചെഞ്ചേരില്‍ MCBS

സഭ ദൈവത്തിന്റെതാണെന്നും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലാണ് അതിന്റെ പദചലനങ്ങളെന്നും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ കത്തോലിക്ക സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമപ്പുറം ദൈവത്തിന്റെ ശക്തമായ ഇടപെടലിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമനായി നിയമിതനായിരിക്കുന്നത്.

കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും ചേരുംപടിചേര്‍ത്ത് ദൈവം നിയോഗിച്ച ലിയോ പതിനാലാമന്‍ പാപ്പ. ഇക്കാലഘട്ടത്തിന്, തിരുസഭയ്ക്ക് ആവശ്യകമായ ഒരു ഇടയന്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും ഒരു ചേര്‍ച്ചയല്ലാതെ മറ്റെന്താണ്? വേദപുസ്തകത്തിന്റെയും സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങളുടെയും ശക്തമായ സാമൂഹികനീതിയുടെയും ചേര്‍ച്ച പുതിയ പാപ്പയില്‍ നിറഞ്ഞു തുളുമ്പുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

യു.എന്‍ സെക്രട്ടറി ജനറലിന്റെ വാക്കുകള്‍

‘ക്രിസ്തുവില്‍ നമ്മള്‍ ഒന്ന്’ എന്ന ആപ്തവാക്യത്തിന്റെ പ്രതിധ്വനിയും പ്രതിബിംബവും ഐക്യത്തിനും ആത്മീയജീവിതത്തിനുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനമാണ്. ‘പുതിയ പാപ്പയുടെ രംഗപ്രവേശനം ആഗോളതലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വെല്ലുവിളികളുടെ നടുവിലാണെന്നും അതിനാല്‍ത്തന്നെ സമാധാനത്തിന്റെയും സാമൂഹികനീതിയുടെയും മനുഷ്യമഹത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും കാരുണ്യത്തിന്റെയും ദൃഢശബ്ദമായിരിക്കണം അദ്ദേഹത്തിന്റെത്’ എന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്കുകള്‍ ലോകം മാര്‍പാപ്പയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ പ്രതിഫലനമാണ്.
ഇരുളിനെയും മരണത്തെയും പരാജയപ്പെടുത്തിയ ക്രിസ്തുവിന്റെ തിരുവുത്ഥാന സമ്മാനമായ സമാധാനം കൊണ്ടല്ലാതെ മറ്റൊന്നിനും ഈ കാലഘട്ടത്തിന്റെ കൂരിരുട്ടിനെ നിര്‍മാര്‍ജനം ചെയ്യാനാവില്ലെന്ന് പുഞ്ചിരിച്ചുകൊണ്ടും ദൈവവിചാരത്തിലൂന്നിയും അദ്ദേഹം പറഞ്ഞപ്പോള്‍ അത് വ്യക്തമായ ദിശാബോധത്തിന്റെയും ക്രിസ്തുമാര്‍ഗത്തിന്റെയും ഉടയാത്ത ശബ്ദവും നിലയ്ക്കാത്ത പ്രതീക്ഷയുമായിരുന്നു.

ഭയമില്ലാതെ നമുക്കൊരുമിച്ച് കൈകോര്‍ത്തു മുന്നേറാമെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ മുന്‍ഗാമിയായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഉറച്ച പ്രത്യാശയുടെയും സഹനടത്തത്തിന്റെയും (സിനഡാലിറ്റി) സുകൃതസരണികള്‍ തെളിഞ്ഞുനില്‍ക്കുന്നു! കണ്ടുമുട്ടലുകളിലൂടെയും സംഭാഷണത്തിലൂടെയും സംവാദങ്ങളിലൂടെയും പാലം പണിതുകൊണ്ട്, ഭിന്നതകള്‍ അകറ്റാന്‍, സാഹോദര്യത്തിന്റെ ഐക്യം ഉറപ്പിക്കാന്‍ ലിയോ പതിനാലാമന്‍ പാപ്പ നമ്മെ ക്ഷണിക്കുന്നു.

അഗസ്തീനിയന്‍ സന്യാസത്തനിമ

നിരുപാധികം സ്‌നേഹിക്കുന്ന ദൈവത്തെയും അവിടുത്തെ പ്രകാശിപ്പിച്ച ക്രിസ്തുവിനെയും ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനമായിരിക്കട്ടെ തിരുസഭയുടേതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഈടുറ്റ ദൈവശാസ്ത്രവും സഭാപ്രബോധനവും ലിയോ പതിനാലാമന്‍ പാപ്പയുടെ വാക്കുകളിലും വേഷത്തിലും പകല്‍പോലെ പ്രകാശിച്ചു. തന്റെ അഗസ്തീനിയന്‍ സന്യാസത്തനിമ സ്‌നേഹപൂര്‍വം പ്രഖ്യാപിച്ചുകൊണ്ട് ദൈവമഹത്ത്വത്തിനും സാമൂഹികപ്രതിബദ്ധതയ്ക്കുമുള്ള സമര്‍പ്പണജീവിതത്തിന്റെ ഹരിതാഭ മങ്ങിയിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ജന്മംകൊണ്ട് അമേരിക്കനും വിശ്വാസത്തില്‍ കത്തോലിക്കനും കര്‍മംകൊണ്ട് പ്രേഷിതനും സമര്‍പ്പണത്തില്‍ സന്യാസിയുമാണ് ലിയോ പതിനാലാമന്‍ പാപ്പ. അദ്ദേഹം ലോകോത്തര മിഷന്‍ പ്രവര്‍ത്തനത്തിന്റെ വക്താവാണ്. അതുകൊണ്ടുതന്നെയാണ് ‘ദരിദ്രപക്ഷത്തു നില്‍ക്കുന്ന സഭ’യെന്ന് മിഷനറിജീവിതത്തെ അദ്ദേഹം വിഭാവനം ചെയ്തത്. ബഹുഭാഷാപണ്ഡിതനായ അദ്ദേഹത്തിന് ഭാഷകൊണ്ടും സമ്പര്‍ക്കംകൊണ്ടും ലോകരാജ്യങ്ങളോടും നേതാക്കളോടും സുഗമമായി സംവേദനം ചെയ്യാനാവുമെന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്.

ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടി ശബ്ദം ഉയര്‍ത്തിയ ലിയോ പതിമൂന്നാമന്റെ വിപ്ലവാത്മകമായ സാമൂഹികപ്രതിബദ്ധതയുടെ പിന്തുടര്‍ച്ച അദ്ദേഹത്തിന്റെ നാമത്തിലും കര്‍മത്തിലും സ്പഷ്ടമാവുകയാണ്. സംസ്‌കാരവൈവിധ്യങ്ങളെയും ബഹുസ്വരതകളെയും കൈകാര്യം ചെയ്യാനും സമന്വയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് പാപ്പയുടെ കര്‍മവഴികള്‍ സാക്ഷ്യപ്പെടുത്തുന്നു. ദൈവവിശ്വാസക്കുറവ് മനുഷ്യജീവനോടുള്ള അനാദരവിനും കാരുണ്യത്തിന്റെ അഭാവത്തിനും മനുഷ്യാന്തസിന്റെ ലംഘനത്തിനും കുടുംബശൈഥില്യങ്ങള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാപനത്തിനും മറ്റു പല സാമൂഹിക മുറിവുകള്‍ക്കും കാരണമാകുമെന്ന് പാപ്പ വിചാരപ്പെടുന്നു. അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും കരുണാര്‍ദ്രമായ സമീപനമാണ് അദ്ദേഹം എന്നും പുലര്‍ത്തിയിരുന്നത്.

നീതി ഉറപ്പുവരുത്തിയ അജപാലകന്‍

സാമൂഹികമാധ്യമങ്ങള്‍ അവസരങ്ങളാണെങ്കിലും അവ അപകടമാര്‍ഗങ്ങള്‍ കൂടിയാണെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെയും സഭയുടെയും കെട്ടുറപ്പിനെയും ഐക്യത്തിനെയും തകര്‍ക്കാന്‍ അവയ്ക്ക് കഴിയുമെന്നതിനാല്‍ അതിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. വാക്കുകളെക്കാള്‍ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാപ്പ കാലാവസ്ഥവ്യതിയാനത്തിലും കാലഘട്ടത്തിന്റെ പ്രവണതകളിലും ചര്‍ച്ചകളെക്കാള്‍ വ്യക്തമായ കര്‍മപദ്ധതികള്‍ക്കാണ് ആഹ്വാനം ചെയ്യുന്നത്.

ശ്രവിക്കുന്ന സഭയുടെ പ്രയോക്താവാണ് ലിയോ പതിനാലാമന്‍ പാപ്പ. പാവങ്ങളോടൊപ്പംനിന്ന്, അവരെ ശ്രവിച്ച്, അവര്‍ക്ക് നീതിയും സമഗ്രതയും ഉറപ്പുവരുത്തിയ അജപാലകന്‍. മെത്രാന്‍സംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ കത്തോലിക്കാസഭയുടെ വെല്ലുവിളികളും പ്രതിസന്ധികളും അടുത്തറിയുകയും അനിവാര്യമായ ഇടപെടലുകളും പ്രതിവിധികളും നിര്‍ണയിച്ച പരിചയസമ്പത്ത് ഒരു പാപ്പ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും.
വിശുദ്ധ അഗസ്തീനോസിന്റെ പുത്രന്‍ എന്ന നിലയില്‍ കുര്‍ബാന കേന്ദ്രീകൃതമായ ആധ്യാത്മികത അദ്ദേഹത്തിന്റെ മുന്‍ഗണനതന്നെയാകും എന്നതില്‍ സംശയമില്ല. കാനന്‍നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ വൈജ്ഞാനികമണ്ഡലത്തിന് ആഴവും പരപ്പും ഏറെയാണ്. ആന്തരികതയ്ക്കും (Inter-iority) വിനയത്തിനും (Humility) ഐക്യത്തിനും (Unity) ഊന്നല്‍കൊടുത്തുകൊണ്ടുള്ള അഗസ്തീനിയന്‍ സന്യാസചൈതന്യം അദ്ദേഹത്തിന്റെ അറിവിന്റെയും അനുഭവങ്ങളുടെയും ആധ്യാത്മികതയുടെയും ചക്രവാളങ്ങളെ പ്രശോഭിതമാക്കുന്നു.

പാരമ്പര്യവും നവീകരണവും നന്നായി പരിചയമുള്ള ലിയോ പതിനാലാമന്‍ പാപ്പ സഭയുടെ പങ്കാളിത്തത്തിനും സഹനടത്തത്തിനും (സിനഡാലിറ്റി) മുന്‍പന്തിയിലുണ്ടാകും. ‘ക്രിസ്തു അറിയപ്പെടാനായി സ്വയം ചെറുതാകുക; അവനെ അറിയിക്കാനായി തന്നെത്തന്നെ വിട്ടുകൊടുക്കുക,’ പാപ്പ ആവര്‍ത്തിച്ച് അടിവരയിടുന്നു. വിശ്വാസത്തോടും വിജ്ഞാനത്തോടും വിവേകത്തോടും കൂടെ ഇന്നത്തെ ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പോന്നവിധത്തില്‍ ജാഗരൂകനായ ഒരു ഇടയനായിരിക്കും ലിയോ പതിനാലാമന്‍ പാപ്പ. ‘തിന്മ പ്രബലപ്പെടില്ല, നാമെല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.’ ഇതിനപ്പുറം എന്തുറപ്പാണ് സഭയ്ക്കും സമൂഹത്തിനും വേണ്ടത്?

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?