കൊച്ചി: വന്യജീവികള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ അടിയന്തര നടപടികളില്ലാതെ കേന്ദ്രസര്‍ക്കാരിനെയും നിയമത്തെയും പഴിചാരി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍.
കഴിഞ്ഞ 9 വര്‍ഷക്കാലം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ഈ ജനകീയ പ്രശ്‌നത്തിന്മേല്‍ നടപടികളെടുക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളെ വിഢികളാക്കുന്ന കാപഠ്യം മാത്രമാണ്. വരാന്‍പോകുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ക്കു മുമ്പുള്ള കുതന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള വകുപ്പുകള്‍ നിലവിലുണ്ടെന്നിരിക്കെ നടപടികള്‍ക്കു ശ്രമിക്കാത്തതിന്റെ പിന്നില്‍ ദുരൂഹതകളുണ്ട്. കാട്ടുപന്നിയെ കൊല്ലാന്‍ വകുപ്പില്ലെന്ന് പറഞ്ഞവര്‍ ഇപ്പാഴെങ്ങനെ കൊല്ലാന്‍ ഉത്തരവിറക്കി.
വന്യമൃഗങ്ങളെയിറക്കി മനുഷ്യനെ കുരുതികൊടുത്ത്, കുടിയിറക്കുകയും റവന്യൂഭൂമി വനഭൂമിയാക്കിമാറ്റി രാജ്യാന്തര സാമ്പത്തിക ഏജന്‍സികളില്‍ നിന്നും വീതം വാങ്ങി വനവല്‍ക്കരണപ്രക്രിയ നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള ആര്‍ജ്ജവം ജനങ്ങള്‍ക്കുണ്ട്.
അധികാരത്തിലിരിക്കുമ്പോള്‍ നടപടികളെടുക്കാതെ സ്വന്തം കര്‍ഷക സംഘടനകളെക്കൊണ്ട് സമരം ചെയ്യിക്കുന്ന വിരോധാഭാസം വിലപ്പോവില്ല. വന്യജീവി അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പോലും അട്ടിമറിച്ചിരിക്കുന്ന ഭരണവീഴ്ച അന്വേഷിക്കണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പിറന്നുവീണ മണ്ണില്‍ നിലനില്‍പ്പിനായി ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണസംവിധാനങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണെന്നും ഇത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *