കണ്ണൂര്‍: തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി നിര്‍വഹിച്ചു. വിളക്കന്നൂര്‍ ക്രിസ്തുരാജാ പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.
തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, ആര്‍ച്ചുബിഷപ് എമരിറ്റസുമാരായ മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികരായി.
തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി തിരുവോസ്തി പ്രതിഷ്ഠ നിര്‍വഹിച്ചു. റോമിലെ വിശ്വാസ തിരുസംഘത്തിന്റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ വായിച്ചു. തുടര്‍ന്നുനടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കി. ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി സന്ദേശം നല്‍കി.

തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോള്‍ വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പതിക്കല്‍, തലശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, വിളക്കന്നൂര്‍ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കീഴാരത്തില്‍, മുന്‍ വികാരിമാര്‍ എന്നിവരും പ്രഖ്യാപനവേദിയില്‍ സന്നിഹിതരായിരുന്നു.
ആഘോഷമായ സമൂഹബലിക്ക് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദര്‍ശിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനുമുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്തിക്ക് ഒടുവള്ളിത്തട്ടില്‍ സ്വീകരണം നല്‍കി. അവിടെനിന്ന് അമ്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകമ്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്തി ആനയിച്ചത്.
2013 നവംബര്‍ 15-ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ ഫാ. തോമസ് പതിക്കല്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് അത്ഭുതമുണ്ടായത്. വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖത്തിന്റെ ഛായ പ്രത്യക്ഷപ്പെടുകയായിരിന്നു. വത്തിക്കാന്‍ മാര്‍ഗരേഖ അനുസരിച്ച് പിന്നീട് തിരുവോസ്തി അതിരൂപതാ കാര്യാലയത്തിലേക്ക് മാറ്റി. നാലുവര്‍ഷത്തോളം അതിരൂപതാകേന്ദ്രത്തില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തിക്ക് യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ദിവ്യകാരുണ്യം 2018 സെപ്റ്റംബര്‍ 20നു വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെത്തിച്ചു.
തുടര്‍ന്നു 2020 ജനുവരി വരെ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2020 ജനുവരിയില്‍ തിരുവോസ്തി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് എത്തിച്ചു. കൊച്ചിയില്‍ എത്തിയ അന്നത്തെ ഭാരതത്തിന്റെ അപ്പസ്‌തോലിക ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ് ഡോ. ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്കു തിരുവോസ്തി കൈമാറിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *