Follow Us On

30

July

2025

Wednesday

പരിഷ്‌ക്കരിച്ച പിഒസി ബൈബിളിന്റെ പ്രകാശനം 3-ന്

പരിഷ്‌ക്കരിച്ച പിഒസി ബൈബിളിന്റെ പ്രകാശനം 3-ന്
കൊച്ചി: പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ ജൂണ്‍ 3-ന് ഉച്ചയ്ക്ക് 12 മണിക്ക് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പ്രകാശനം ചെയ്യും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പ്രഫ. എം.കെ. സാനുവിന് നല്‍കി  പ്രകാശന കര്‍മ്മം നിര്‍വഹിക്കും. കേരളത്തിലെ എല്ലാ മെത്രാന്മാരും മേജര്‍ സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്‍മ്മത്തില്‍ പങ്കുചേരും.
വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്‌ക്കരണശ്രമങ്ങള്‍ ആരംഭിച്ചത്. 2008-ല്‍ ആരംഭിച്ച പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണം വിവിധഘട്ടങ്ങളിലൂടെ കടന്നുപോയി 2024-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു.
പിഒസി ബൈബിള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1992-ല്‍  ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 2005 ജൂണില്‍ അന്നത്തെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ. സൈറസ് വേലംപറമ്പില്‍ പുതിയ നിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്ട് കെസിബിസിക്ക് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ കണ്‍വീനറായി ബൈബിള്‍ പണ്ഡിതരുടെ ടീം ഡിസംബറില്‍ രൂപീകരിക്കുകയും മൂലഭാഷകളില്‍ നിന്ന് വിവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ബൈബിള്‍ പണ്ഡിതരായ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ഡോ. ആന്റണി തേറാത്ത്, ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍, ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്ടി, ഡോ. കുര്യന്‍ വാലുപറമ്പില്‍, ഭാഷാപണ്ഡിതരായ ഡോ.ചെറിയാന്‍ കുനിയാന്‍തോടത്ത് സിഎംഐ, പ്രഫ. ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവര്‍ വിവിധ കാലയളവുകളില്‍ പുതിയ നിയമ പരിഷ്‌കരണ ടീമില്‍ അംഗങ്ങളായിരുന്നു. പരിഷ്‌കരിച്ച പുതിയ നിയമം 2012-ല്‍ പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന് 2015-ല്‍ അന്നത്തെ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ. ജോഷി മയ്യാറ്റില്‍ പഴയനിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്ട് കെസിബിസിക്ക് സമര്‍പ്പിച്ചു. ഡോ. ജോഷി മയ്യാറ്റില്‍, ഡോ.ജോസഫ് തൊണ്ടിപ്പറമ്പില്‍, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ഡോ. അബ്രഹാം പേഴുംകാട്ടില്‍, ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍, ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്ടി, ഡോ. ആന്റണി തറക്കടവില്‍, ഡോ. ജേക്കബ് പ്രസാദ്, ഭാഷാപണ്ഡിതരായ  ഷെവ. പ്രിമൂസ് പെരിഞ്ചേരി,  പ്രഫ. ഡൊമിനിക് പഴമ്പാശ്ശേരി എന്നിവരടങ്ങിയ ടീമാണ് പഴയ നിയമ പരിഷ്‌കരണം പൂര്‍ത്തിയാക്കിയത്.
പരിഷ്‌കരിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു. പരിഭാഷയുടെ കൃത്യതക്കും ഭാഷ സംശോധനക്കും വേണ്ട തിരുത്തലുകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച പിഒസി സമ്പൂര്‍ണ്ണ ബൈബിള്‍ ഇന്ന് പ്രകാശിതമാവുകയാണ്. കേരളസഭയ്ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കും  പിഒസിക്കും കെസിബിസി ബൈബിള്‍ കമ്മീഷനും ഇത് അഭിമാനത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?