പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കന്‍ ഇറാഖി ഗ്രാമമായ അല്‍-നസിരിയയില്‍ നിന്ന് അവസാനത്തെ ക്രൈസ്തവരും പലായനം ചെയ്തെങ്കിലും, അവിടെയുള്ള മാര്‍ ഒഡിഷോ ദൈവാലയത്തിന്റെ വാതിലുകള്‍ ഇന്നും തുറന്നാണിരിക്കുന്നത്. ഇതിന് നന്ദി പറയേണ്ടത് ഒരു പ്രാദേശിക യാസിദി കുടുംബത്തോടാണ്.
ഇറാഖിലെ ന്യൂനപക്ഷ സമൂഹമായ യസീദി വംശത്തിലുള്ള വെയ്ല് ജെജോ ഖദീദയാണ് ഈ ദൈവാലയത്തിന്റെ താക്കോലുകള്‍ കൈവശം വച്ചിരിക്കുന്നത്, മാതാപിതാക്കളില്‍ നിന്ന് കൈമാറി ലഭിച്ച പാരമ്പര്യം തുടരുന്ന ഖദീദ, ഇന്ന് കുടുംബസമേതം ദൈവാലയം സംരക്ഷിക്കുന്നു. വൃത്തിയോടെയും പരിപാവനമായും ദൈവാലയം കാത്ത് സൂക്ഷിക്കുന്നു.
2012 ല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് ഒരു കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ‘അവര്‍ എനിക്ക് ഒരു നിര്‍ദ്ദേശം നല്കി. പള്ളിയെ പരിപാലിക്കുക. പള്ളിയാണ് ആദ്യം വരുന്നത് – സ്വന്തം വീടിന് മുമ്പ്, അവര്‍ എന്നോട് പറഞ്ഞു,’ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അവര്‍ ഇപ്പോഴും എല്ലാ ഫോണ്‍ കോളുകളിലും പള്ളിയെക്കുറിച്ച് ചോദിക്കാറുണ്ടെന്നും, അത് അവഗണിച്ചാല്‍ അവര്‍ ദൈവാലയം സംരക്ഷിക്കുന്നതിനായി ഇവിടേക്ക് തിരിച്ചുവന്നേക്കുമെന്നും അദ്ദേഹം പറയുന്നു.
‘യസിദി ആണെങ്കിലും, ഖദീദ ദൈവാലയത്തെ പവിത്രമായി കാണുന്നു, ‘ഇത് വിശുദ്ധ പ്രാര്‍ത്ഥനയുടെ സ്ഥലമാണ്. അവസാന ശ്വാസം വരെ ഈ പള്ളിയെ സേവിക്കും,’ ഖദീദ പറഞ്ഞു.
2023-ല്‍, 22 വര്‍ഷത്തിനിടെ ആദ്യമായി, കല്‍ദായ സഭയിലെ അല്‍കോഷ് രൂപത ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ച വിശുദ്ധ ഒഡിഷോയുടെ തിരുനാള്‍ ഈ ദൈവാലയത്തില്‍ ആഘോഷിച്ചു. അന്ന് മാര്‍ ഒഡിഷോ ദൈവാലയത്തില്‍ വീണ്ടും ഒരു ദിവ്യബലിയര്‍പ്പണം നടന്നു. അതിനുശേഷം, ക്രിസ്ത്യാനികളും യസീദികളും പള്ളി സന്ദര്‍ശിക്കുന്നത് പുനരാരംഭിച്ചതായും പ്രത്യേകിച്ച് ഞായറാഴ്ചകളില്‍, മെഴുകുതിരികള്‍ കത്തിച്ച് മാര്‍ ഒഡീഷോയുടെ മാധ്യസ്ഥം തേടുന്നതായും ഖദീദ പറഞ്ഞു.
നിരവധിയാളുകള്‍ക്ക് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി കുഞ്ഞുങ്ങളെ ലഭിച്ചതിന്റെയും ചര്‍മരോഗം സുഖപ്പെട്ടതിന്റെയും സാക്ഷ്യങ്ങള്‍ ഖദീദയ്ക്ക് പറയാനുണ്ട്. ഒരു കുടുംബം വിദേശത്ത് നിന്ന് ഒരു നേര്‍ച്ച നിറവേറ്റാന്‍ വേണ്ടി മാത്രം ഇവിടെ മടങ്ങിയെത്തിതായും ഇവിടെ പ്രാര്‍ത്ഥിച്ച് ലഭിച്ച മകനെയും കൊണ്ടാണവര്‍ വന്നതെന്നും ഖദീദ പറഞ്ഞു.
അല്‍-നസിരിയയിലെ അവസാനത്തെ ക്രൈസ്തവ നിവാസികള്‍ 2003-ല്‍ ഇവിടെ നിന്ന് യാത്രയായതാണ്. എന്നിരുന്നാലും, ഖദീദ പ്രതീക്ഷ നല്കുന്നു. ‘ക്രിസ്ത്യാനികള്‍ തിരിച്ചുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. അവരുടെ സാന്നിധ്യം ഞങ്ങള്‍ക്ക് നഷ്ടമായി. അവര്‍ തിരികെ വരാനും ദൈവാലയം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥനയോടെ ജീവിതത്തിലേക്ക് തിരികെ വരാനും ക്ഷണിക്കുന്നു.’ ഖദീദ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഏകദൈവ മതങ്ങളില്‍ ഒന്നാണ് യസീദിസം, അതിന്റെ അനുയായികളില്‍ ഭൂരിഭാഗവും ഇറാഖിലും സിറിയയിലുമാണ് താമസിക്കുന്നത്. വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികളുമായും മറ്റ് മതന്യൂനപക്ഷങ്ങളുമായും യസീദികള് വളരെക്കാലമായി സഹവര്‍ത്തിത്വത്തോടെ ജീവിച്ചുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *