Follow Us On

05

July

2025

Saturday

‘ആറാം വയസ് മുതല്‍ അള്‍ത്താര ബാലന്‍…. എന്നും രാവിലെ ദിവ്യബലിക്ക് പോകാന്‍ അമ്മ എഴുന്നേല്‍പ്പിക്കും’

ബാല്യകാലസ്മരണകള്‍ കുട്ടികളുമായി പങ്കുവച്ച് ലിയോ 14 ാമന്‍ പാപ്പ

‘ആറാം വയസ് മുതല്‍ അള്‍ത്താര ബാലന്‍…. എന്നും രാവിലെ  ദിവ്യബലിക്ക് പോകാന്‍ അമ്മ എഴുന്നേല്‍പ്പിക്കും’

റോം: ദിവ്യബലിക്ക് പോകാന്‍ എന്നും രാവിലെ തന്നെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല്‍ അള്‍ത്താരശുശ്രൂഷകനായി ദിവ്യബലിയില്‍ പങ്കെടുത്തതിന്റെയും ഓര്‍മകള്‍ വത്തിക്കാന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി പങ്കുവച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  സന്തോഷകരവും ശാന്തവുമായ അന്തരീക്ഷത്തില്‍, തന്റെ ബാല്യകാലസ്മരണകള്‍ പങ്കുവെച്ച പാപ്പ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഊഷ്മളമായും ആര്‍ദ്രമായും മറുപടി നല്‍കി.

കുട്ടിക്കാലത്ത് കുര്‍ബാനയ്ക്ക് പോയിരുന്നോ, എന്നും എന്ത് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും ചോദിച്ച കുട്ടിയോടുള്ള പാപ്പയുടെ പുഞ്ചിരിനിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘തീര്‍ച്ചയായും ഞാന്‍ പോയിരുന്നു. ഞാന്‍ അമ്മയോടും അച്ഛനോടും ഒപ്പം കുര്‍ബാനയ്ക്ക് പോയിരുന്നു. സ്‌കൂളിനു മുമ്പായി കുര്‍ബാനയ്ക്ക് പോകാന്‍ അമ്മ എല്ലാ ദിവസവും രാവിലെ ഉണര്‍ത്തുമായിരുന്നു…..കുര്‍ബാനയില്‍ ശുശ്രൂഷ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു, കാരണം ചെറുപ്പം മുതലേ യേശു എപ്പോഴും അടുത്തുണ്ടെന്നും, അവന്‍ ഏറ്റവും നല്ല സുഹൃത്താണെന്നും എന്നെ പഠിപ്പിച്ചിരുന്നു,’ പാപ്പ പറഞ്ഞു.

സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന വത്തിക്കാനില്‍ ജോലി ചെയ്യുന്നവരുടെ 300 ഓളം കുട്ടികള്‍ക്ക് പുറമെ കാരിത്താസ് ഇറ്റലി ആതിഥേയത്വം വഹിച്ച ഉക്രെയ്‌നില്‍ നിന്നുള്ള 300 കുട്ടികള്‍ ഉള്‍പ്പെടെ പോള്‍ ആറാമന്‍ ഹാളില്‍ തടിച്ചുകൂടിയ 600-ലധികം കുട്ടികളോടാണ് പാപ്പ സംവദിച്ചത്.
കുര്‍ബാനയില്‍ ശുശ്രൂഷ ചെയ്ത മറ്റ് കുട്ടികളുമായുള്ള സൗഹൃദവും ദിവ്യബലിയില്‍ യേശുവിനോടുള്ള അടുപ്പവും പ്രധാനപ്പെട്ടതായിരുന്നുവെന്ന് പാപ്പ പറഞ്ഞു.ഒഴിവുസമയങ്ങളില്‍, മറ്റേതൊരു കുട്ടിയെയും പോലെ തന്നെ കളിക്കാനാണ്  താന്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തനായ ഒരാളെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന മറ്റൊരു കുട്ടിയുടെ ചോദ്യത്തിനുത്തരമായി ‘മറ്റുള്ളവരെ കണ്ടുമുട്ടുക, പരസ്പരം ബഹുമാനിക്കുക, പരസ്പരം സൗഹൃദത്തിലാകാന്‍ പഠിക്കുക എന്നിവ വളരെ പ്രധാനമാണെന്ന്’ പാപ്പ പറഞ്ഞു. വ്യത്യാസങ്ങള്‍ക്കിടയിലും, ‘പരസ്പരം ബഹുമാനിക്കാനും പാലങ്ങള്‍ പണിയാനും, സൗഹൃദം കെട്ടിപ്പടുക്കാനും, സുഹൃത്തുക്കളാകാനും, സഹോദരീസഹോദരന്മാരാകാനും, ഈ രീതിയില്‍ ഒരുമിച്ച് നടക്കാനും മുന്നോട്ട് പോകാനും കഴിയുമെന്ന് തിരിച്ചറിയാനും’ പാപ്പ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ചിലപ്പോള്‍ അതിന് ‘ഒരു പ്രത്യേക ശ്രമം ആവശ്യമാണ്’ എന്നും പാപ്പ മുന്നറിയിപ്പ് നല്‍കി.

കുട്ടികളായിരിക്കുമ്പോള്‍ തന്നെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും നിര്‍മാതാക്കളാകാന്‍ പാപ്പ ആഹ്വാനം ചെയ്തു. ‘യുദ്ധത്തില്‍ ഒരിക്കലും ഏര്‍പ്പെടരുത്, വിദ്വേഷം വളര്‍ത്തരുത്…യേശു നമ്മളെ എല്ലാവരും സുഹൃത്തുക്കളാകാന്‍, സഹോദരീസഹോദരന്മാരാകാന്‍ പഠിക്കാന്‍ വിളിക്കുന്നു.  നമ്മള്‍ ഇറ്റലിക്കാരായാലും, അമേരിക്കക്കാരായാലും, ഉക്രേനിയക്കാരായാലും,  ഏത് രാജ്യത്ത് നിന്ന് വന്നാലും, നാമെല്ലാവരും ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്. ചെറുപ്പം മുതല്‍, നമുക്ക് പാലം പണിയാനും മറ്റുള്ളവരെ സഹായിക്കാനുള്ള അവസരങ്ങള്‍ തേടാനും പഠിക്കാം. സമാധാനത്തിന്റെ പ്രമോട്ടര്‍മാരാകുക, സൗഹൃദത്തിന്റെ പ്രമോട്ടര്‍മാരാകുക, എല്ലാവരോടും സ്‌നേഹം പുലര്‍ത്തുക,’ മാര്‍പാപ്പ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

ഒടുവില്‍, മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധത്തിന്റെ വേദന സഹിക്കുന്ന ഉക്രേനിയന്‍ കുട്ടികളെ സ്വാഗതം ചെയ്യുന്നതിന്റെ സൂചനയായി, ഉക്രേനിയന്‍ ഭാഷയില്‍ ‘സ്വാഗതം’ എന്ന വാക്ക്  കുട്ടികളെക്കൊണ്ട് പാപ്പ ഉച്ചത്തില്‍ ഉച്ചരിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?