ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിച്ച ഫാ. ജയിംസ് കെല്ലി എല്ലാദിവസവും രാവിലെ, ഉണരുമ്പോള്‍ ചൊല്ലുന്നത് കൗതുകകരമായ ഒരു പ്രാര്‍ത്ഥനയാണ ് ‘കര്‍ത്താവേ, ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?. ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കറിയില്ല, പക്ഷേ ഇന്ന് എന്ത് സംഭവിച്ചാലും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ജീവിതം വച്ചു നീട്ടുന്ന അതിശയങ്ങളെ കൗതുകത്തോടെ കാത്തിരിക്കുകയും ദൈവകരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുന്ന ഈ മനോഭാവം തന്നെയാകണം ഒരു പക്ഷെ ഫാ. കെല്ലിയുടെ ദീര്‍ഘായുസിന്റെ രഹസ്യം. എന്നാല്‍ ദീര്‍ഘായുസിന്റെ കാരണത്തെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം നല്‍കുന്നത് വ്യത്യസ്തമായ ഒരു ഉത്തരമാണ് – ‘ഞാന്‍ ധാരാളം പാല്‍ കുടിക്കുന്നു, ധാരാളം പ്രാര്‍ത്ഥിക്കുന്നു’ എന്നതാണ് അത്.
ആയിരക്കണക്കിന് ആളുകള്‍ക്ക് മാമ്മോദീസ നല്‍കി, ആയിരക്കണക്കിന് ആളുകളുടെ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച്, ആശുപത്രികളില്‍ എണ്ണമറ്റ രോഗികള്‍ക്ക് ശുശ്രൂഷ ചെയ്ത്, നൂറോളം രാജ്യങ്ങള്‍ സഞ്ചരിച്ച്, ഒരു ഓപ്പറ സൂപ്പര്‍സ്റ്റാറുമായും, ഒരു വിശുദ്ധയുമായും സൗഹൃദം സ്ഥാപിച്ച് നൂറാമത്തെ വയസിലേക്ക് പ്രവേശിക്കുന്ന ഫാ. ജെയിംസ് കെല്ലിയുടെ ജീവിതം അത്ഭുതം എന്നതില്‍ കുറഞ്ഞ ഒരു വാക്കുകൊണ്ടും വിശേഷിപ്പിക്കാനാവില്ല. ഫിലാഡല്‍ഫിയ അതിരൂപതയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഫാ. ജയിംസ് അടുത്തിടെ തന്റെ പട്ടത്തിന്റെ 75-ാം വാര്‍ഷികവും 100-ാം ജന്മദിനവും ആഘോഷിച്ചു.
ദൈവം തനിക്ക് കുറച്ച് അധിക സമയം നല്‍കിയതായി അദ്ദേഹം കരുതുന്നു. അതുകൊണ്ട് തന്നെ ജീവിക്കുന്ന ഓരോ ദിവസവും അവിസ്മരണീയമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ‘യാത്ര ചെയ്യാനും മനോഹരമായ കാര്യങ്ങള്‍ കാണാനും ആരോഗ്യവും ശക്തിയും ഊര്‍ജ്ജവും കര്‍ത്താവ് നല്‍കി. ദൈവം എപ്പോഴും എനിക്ക് ആശ്ചര്യങ്ങള്‍ നല്‍കിയിരുന്നു,’ ഫാ. കെല്ലി പറയുന്നു.1925 ജനുവരി 7 ന് ഫിലാഡല്‍ഫിയയിലെ റോക്‌സ്ബറോയിലെ ഒരു കത്തോലിക്ക കുടുംബത്തിലാണ് കെല്ലിയുടെ ജനനം. മറ്റ് കുട്ടികള്‍ അത്‌ലറ്റുകളും ഡോക്ടര്‍മാരും അഗ്‌നിശമന സേനാംഗങ്ങളും ആകണമെന്ന് സ്വപ്‌നം കണ്ടപ്പോള്‍ ഒരു പുരോഹിതനാകണമെന്നാണ് കെല്ലി ചെറുപ്പത്തില്‍ തന്നെ ആഗ്രഹിച്ചത്.
പുരോഹിതനായതിന്റെയും അതിന് ശേഷവും മുമ്പുമുള്ള ഫോട്ടോകളിലൂടെ കണ്ണോടിച്ചുകൊണ്ടാണ് ഇന്ന് ഫാ. കെല്ലി ദൈവത്തിന് നന്ദി പറയുന്നത്. ആത്മഹത്യക്കായി ഒരു പാലത്തിന്റെ മുകളില്‍ കയറിയ മനുഷ്യനെ വൈദികവേഷത്തില്‍ 400 അടി ഉയരത്തില്‍ കയറി മരണത്തിലേക്ക് ചാടുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച സമയത്ത് പത്രത്തില്‍ വന്ന ഫോട്ടോയാണ് അതിലൊന്ന്. മെക്‌സിക്കോയില്‍ ഒരു അവധിക്കാലത്ത് അദ്ദേഹം ഒരു പാരച്യൂട്ട് ജമ്പ് നടത്തിയതിന്റെ ചിത്രങ്ങളുണ്ട്. 100-ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതിന്റെയും മദര്‍ തെരേസയുമായി സൗഹൃദം സ്ഥാപിച്ചതിന്റെയും ഓര്‍മകള്‍ അദ്ദേഹം ഏറെ വിലമതിക്കുന്നു. ‘ഈ ലോകത്തിലെ ഏറ്റവും മഹത്തരവും നല്ലവരുമായ ചില ആളുകളെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു, അവര്‍ എന്നോട് ഏറ്റവും ഉദാരതയോടെയും ദയയോടെയും പെരുമാറി,’ ഫാ. കെല്ലി പറയുന്നു.
നൂറാം വയസിലും ഏറ്റവും ലളിതമായ സന്തോഷങ്ങള്‍ പോലും ഫാ. കെല്ലി നന്ദിയോടെ ആസ്വദിക്കുന്നു. പുതിയ കാര്യങ്ങള്‍ എപ്പോഴും പഠിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം പെന്‍സില്‍വാനിയയിലെ ബ്ലൂ ബെല്ലില്‍ അദ്ദേഹം താമസിക്കുന്ന നോര്‍മാണ്ടി ഫാംസ് എസ്റ്റേറ്റ്‌സ് കമ്മ്യൂണിറ്റിയില്‍ സംഗീതം, കലാ ചരിത്രം, എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളില്‍ പലപ്പോഴും പങ്കെടുക്കാറുണ്ട്. ചോക്ക് കൊണ്ട് അദ്ദേഹം വരച്ച കന്യകാമറിയത്തിന്റെ ഒരു പെയിന്റിംഗ്, അമ്മയുടെ ഛായാചിത്രം, ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പിട്ട ഒരു കുറിപ്പ് എന്നിവയാല്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റ് അലങ്കരിച്ചിരിക്കുന്നു.
എല്ലാ ദിവസവും രാവിലെ, കെല്ലി അലാറം ക്ലോക്ക് ഇല്ലാതെ ഉണര്‍ന്ന് അതേ പ്രാര്‍ത്ഥന ചൊല്ലുന്നു: ‘കര്‍ത്താവേ, ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?…’. തുടര്‍ന്ന് ഒരു കപ്പ് കാപ്പി കുടിച്ച ശേഷം, തന്റെ കമ്മ്യൂണിറ്റിയിലെ കുറച്ച് താമസക്കാര്‍ക്കായി അദ്ദേഹം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുര്‍ബാന അര്‍പ്പിക്കുന്നു.
ഫാ. കെല്ലിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോല്‍ നമ്മുടെയും മനസ് ദൈവത്തോടുള്ള നന്ദിയാല്‍ നിറയുന്നു – ‘എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേയുള്ളൂ. രണ്ട് വാക്കുകള്‍: താങ്ക് യൂ. എനിക്ക് മറ്റൊരു ദിവസം കൂടിയുണ്ട് എന്നത് അതിശയകരമാണ്. ഇന്ന് എനിക്ക് കുറച്ച് രുചികരമായ ചെറി കഴിക്കാനും ആളുകളെയും പുതിയ സുഹൃത്തുക്കളെയും കണ്ടുമുട്ടാനും കഴിഞ്ഞേക്കാം. എന്ത് അത്ഭുതങ്ങളാണ് ഇന്ന് കാത്തിരിക്കുന്നതെന്ന് ദൈവത്തിനറിയാം.’
Leave a Comment
Your email address will not be published. Required fields are marked with *