Follow Us On

08

July

2025

Tuesday

സ്‌കൂളുകളിലെ സുംബ ഡാന്‍സ് എതിര്‍ക്കപ്പെടേണ്ടതാണോ?

സ്‌കൂളുകളിലെ സുംബ ഡാന്‍സ് എതിര്‍ക്കപ്പെടേണ്ടതാണോ?
സ്‌കൂളുകളില്‍ നടപ്പിലാക്കിയ സുംബ ഡാന്‍സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കോഴിക്കോട് ദേവഗിരി കോളജ് പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ് വയലില്‍ സിഎംഐ ഈ വിഷയത്തെ വിലയിരുത്തുന്നു.
കേരള ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സുംബ ഡാന്‍സ് ജൂണ്‍ മുതല്‍ നടപ്പാക്കിയിരിക്കുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേര്‍ രംഗത്തുണ്ട്. എന്നാല്‍, സുംബ ഡാന്‍സിനെപ്പറ്റി പ്രചരിക്കുന്നത് അധികവും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.
എന്താണ് സുംബ ഡാന്‍സ്?
സുംബ ഡാന്‍സ് ഒരു ഫിറ്റ്‌നസ് പ്രോഗ്രാം ആണ്. പണ്ടൊക്കെ സ്‌കൂളുകളിലെ ഡ്രില്‍ പിരിയഡുകളില്‍ വ്യായാമമുറകള്‍ അഭ്യസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പരിശീലനം പൊതുവേ വിദ്യാര്‍ത്ഥികളില്‍ മുഷിപ്പും മടിയും ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ സുംബ വ്യത്യസ്തമായ ഒരു വ്യായാമമുറയാണ്. സംഗീതത്തിന്റെ അകമ്പടിയോടുകൂടി ഡാന്‍സും വ്യായാമവും കൂട്ടിച്ചേര്‍ന്ന ഒരു വ്യായാമമുറ.
ആരംഭം
1990-കളില്‍ കൊളംബിയന്‍ ഡാന്‍സറും കൊറിയോഗ്രാഫറും എയ്‌റോഞ്ചിക്‌സ് ഇന്‍സ്ട്രക്ടറും ആയിരുന്ന ആല്‍ബെര്‍ട്ടോ ബെറ്റോ പെരെസ് ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. നൃത്തത്തിന്റെ ചുവടുകളും ചലനങ്ങളും ക്രമീകരിക്കുന്ന ആളെയാണ് നൃത്തസംവിധായകന്‍ അഥവാ കൊറിയോഗ്രാഫര്‍ എന്ന് പറയുന്നത്. രക്തയോട്ടം മെച്ചപ്പെടുത്തുന്നതും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതും പേശീബലം വര്‍ധിപ്പിക്കുന്നതുമായ വ്യായാമങ്ങളെയാണ് എയ്‌റോബിക്‌സ് എന്ന് പറയുന്നത്.
ഒരിക്കല്‍ എയ്‌റോബിക്‌സ് പരിശീലനം നല്‍കാന്‍ അദ്ദേഹം എത്തിയപ്പോള്‍ സാധാരണ ഉപയോഗിക്കുന്ന പാട്ടുകളുടെ കാസറ്റ് കൊണ്ടുവരാന്‍ മറന്നുപോയി. അതിനാല്‍ അന്ന് ലാറ്റിന്‍ സംഗീതത്തിന്റെ കാസറ്റുകള്‍ ഉപയോഗിച്ചു. പരിശീലനത്തില്‍ സംഗീതം, ഡാന്‍സ് ഫിറ്റ്‌നസ് എന്നിവ സമന്വയിപ്പിച്ചു. ഇത് എല്ലാവര്‍ക്കും ഇഷ്ടമായി. തുടര്‍ന്ന് ഈ രീതി അദ്ദേഹം ആവര്‍ത്തിച്ചു. ഈ പരിപാടി തുടര്‍ന്ന് വ്യാപിക്കുകയും ചെയ്തു. 2001 ല്‍ ആണ് ഈ പരിപാടിക്ക് സുംബ ഡാന്‍സ് എന്ന് പേരിട്ടത്. തുടര്‍ന്ന് ഫിറ്റ്‌നസ് സെന്ററുകളില്‍ എത്തുന്നവരുടെ ആവേശമായി സുംബ ഡാന്‍സ്. ഇന്ന് ചുരുങ്ങിയത് 116 രാജ്യങ്ങളില്‍ രണ്ടുലക്ഷം കേന്ദ്രങ്ങളിലായി 150 ലക്ഷം ജനങ്ങള്‍ സുംബ ഡാന്‍സ് അഭ്യസിക്കുന്നുണ്ട്.
ഗുണങ്ങള്‍
1. ഇത് ഒരു ഫിറ്റ്‌നസ് പ്രോഗ്രാം ആണ്. ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
2. സംഗീതം, ഡാന്‍സ്, ഫിറ്റ്‌നസ് വ്യായാമം എന്നിവയുടെ ഒരു സമ്മിശ്രണം ആണിത്.
3. ഉണര്‍വും ഊര്‍ജസ്വലതയും വിനോദവും ഒന്നിച്ചുതരുന്ന ഒരു പരിപാടിയാണ്.
4. പങ്കെടുക്കുന്നവര്‍ക്ക് ഒരു ഡാന്‍സില്‍ പങ്കെടുക്കുന്ന അനുഭവമാണ് തോന്നുക.
5. ഏതു ശാരീരികക്ഷമത ഉള്ളവര്‍ക്കും ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും പറ്റുന്ന വ്യായാമമുറയാണിത്. വേഗം കൂടിയതും കുറഞ്ഞതുമായ ചലനങ്ങള്‍ സുംബ ഡാന്‍സിലുണ്ട്.
6. ശരീരം മുഴുവന്‍ വ്യായാമം കിട്ടും.
7. സുംബ മിക്കവാറും ഗ്രൂപ്പായിട്ടാണ് ചെയ്യുന്നത്. അതിനാല്‍ ഇതിന് ഒരു സാമൂഹ്യവും പരസ്പരം പ്രചോദിപ്പിക്കുന്നതുമായ അംശങ്ങള്‍ ഉണ്ട്.
8. ശരീരത്തോടൊപ്പം മനസിനും ഇത് ഉണര്‍വ് നല്‍കുന്നു.
9. ഹൃദയത്തിന്റെയും രക്തധമനികളുടെയും ക്ഷമത വര്‍ധിപ്പിക്കുന്നു.
10. ഇത് ബോഡി കോംപോസിഷന്‍ (ശരീരഘടന) വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ വ്യത്യസ്ത ഘടകങ്ങളായ കൊഴുപ്പ്, അസ്ഥി, വെള്ളം, പേശി എന്നിവ അടങ്ങുന്നതാണ് ശരീരഘടന.
11. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
12. മാനസികസമ്മര്‍ദം കുറയ്ക്കുന്നു.
13. മുഴുവന്‍ ശരീരത്തിനും ഹൃദയത്തിനും വ്യായാമം നല്‍കുന്ന ഒരു അഭ്യാസം ആണിത്.
14.കലോറി ഉപയോഗം കൂട്ടുന്നു. ഒരു മണിക്കൂര്‍ സമയം സുംബ ഡാന്‍സ് ചെയ്യുമ്പോള്‍ 400 മുതല്‍ 1000 കലോറിവരെ ഉപയോഗിച്ച് തീര്‍ക്കുന്നു. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് നിയന്ത്രിക്കാനും കഴിയുന്നു.
15. ഫാസ്റ്റ് മ്യൂസിക് ആണ് ഉപയോഗിക്കുന്നത്. അതനുസരിച്ച് ഡാന്‍സ് ചെയ്യുമ്പോള്‍ നല്ല വ്യായാമമായി മാറുന്നു.
16. ഗ്രൂപ്പായി ചെയ്യുന്നതിനാലും വ്യായാമവും വിനോദവും ഒരേസമയം നല്‍കുന്നതിനാലും ഇത് സ്ഥിരതയോടെ ചെയ്യാന്‍ ആളുകള്‍ക്ക് താല്‍പര്യം ഉണ്ടാകും. അതിനാല്‍ മനുഷ്യന്റെ സ്ഥിരത കൂട്ടാന്‍ സഹായിക്കുന്നു.
17. ബ്ലഡ് പ്രഷറും കൊളസ്‌ട്രോളും കുറക്കാന്‍ സഹായിക്കും. തന്മൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍, മസ്തിഷ്‌ക്കാഘാതം എന്നിവയുടെ സാധ്യതകള്‍ കുറയുന്നു.
ചുരുക്കത്തില്‍ ശരീരത്തിനും മനസിനും ആരോഗ്യം പകരാന്‍ സഹായിക്കുന്ന ഒന്നാണ് സുംബ ഡാന്‍സ്. അതോടൊപ്പം ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് വിനോദവും ലഭിക്കുന്നു.
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും മറ്റും ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും മറ്റുപല തിന്മകളില്‍നിന്നും രക്ഷിക്കുവാന്‍ സുംബ ഡാന്‍സിന് കഴിയുമെന്നാണ് കരുതുന്നത്. ശരീരക്ഷമത വര്‍ധിപ്പിക്കാനും മനസിന്റെ പിരിമുറുക്കം കുറക്കാനും സഹായിക്കും എന്നത് സുംബ ഡാന്‍സിന്റെ ഗുണങ്ങളാണ്.
എതിര്‍പ്പുകള്‍
ചില വിഭാഗം ആളുകള്‍ സുംബ ഡാന്‍സ് സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. അതിന് അവര്‍ പറയുന്ന ചില ന്യായങ്ങള്‍ ഇവയാണ്. ഒന്ന്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുനിന്നാണ് ഡാന്‍സ് ചെയ്യുന്നത്. അതിനോട് യോജിക്കാന്‍ കഴിയില്ല. രണ്ട്, ഇറുകിയതും നീളം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നു. അത് അംഗീകരിക്കാന്‍ പറ്റുകയില്ല.
ഈ വാദങ്ങള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇങ്ങനെയാണ് മറുപടി നല്‍കിയത്: ”ഒന്ന്, സുംബ ഡാന്‍സില്‍ പങ്കെടുക്കുക എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. രണ്ട്, വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നത്. അതിനാല്‍ വസ്ത്രധാരണത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ക്ക് പ്രസക്തിയില്ല. മൂന്ന്, സുംബ ഡാന്‍സിനെ എതിര്‍ക്കുന്നത്, മയക്കുമരുന്നിനെക്കാള്‍ വലിയ വിഷം മനുഷ്യമനസുകളില്‍ കുത്തിവയ്ക്കുന്നതിന് തുല്യമാണ്.”
2017 ല്‍ ഇറാനില്‍ സുംബ ഡാന്‍സ് നിരോധിച്ചിരുന്നു. മറ്റൊരു രാജ്യത്തിലും നിരോധിച്ചതായി അറിവില്ല. ജീവിതശൈലിയില്‍ മാറ്റം വരുത്തുവാന്‍ സുംബ ഡാന്‍സ് അതില്‍ പങ്കെടുപ്പിക്കുന്നവരെ പ്രേരിപ്പിക്കും എന്നതാണ് എതിര്‍ക്കുന്നവരുടെ പ്രധാന ആക്ഷേപം.
ഏതായാലും വിദ്യാര്‍ത്ഥികളെ പല ദുഃശീലങ്ങളില്‍നിന്നും പിന്തിരിപ്പിക്കുന്നതിനും അവരുടെ ശാരീരിക-മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും സുംബ ഡാന്‍സ് സഹായിക്കും എന്നത് നേരാണ്. സുംബ ഡാന്‍സ് പരിശീലകരുടെ സാന്നിധ്യത്തില്‍ നടത്തുന്നതിനാല്‍ കുട്ടികള്‍ വഴിതെറ്റിപ്പോകുമെന്നതിന് അടിസ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല. ഇനി ജീവിതശൈലി മാറും എന്നതാണ ല്ലോ പലരുടെയും ഭയം. ചിലരുടെയൊക്കെ ജീവിതശൈലി മാറുന്നത് നല്ലതാണുതാനും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?