Follow Us On

20

November

2025

Thursday

ജൂതന്മാരെ സംരക്ഷിച്ചതിന്റെ പേരില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാസി കമാന്‍ഡറിനെ മാനസാന്തരപ്പെടുത്തിയ വൈദികന്‍: മോണ്‍. ഒ ഫ്‌ലാഹര്‍ട്ടിയെ ആദരിച്ച് അയര്‍ലണ്ട്

ജൂതന്മാരെ സംരക്ഷിച്ചതിന്റെ പേരില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാസി കമാന്‍ഡറിനെ മാനസാന്തരപ്പെടുത്തിയ വൈദികന്‍:  മോണ്‍. ഒ  ഫ്‌ലാഹര്‍ട്ടിയെ ആദരിച്ച് അയര്‍ലണ്ട്
ഡബ്ലിന്‍/ അയര്‍ലണ്ട്: രണ്ടാം ലോകമഹായുദ്ധത്തില്‍ 6,500 ജൂതന്മാരെ രക്ഷിച്ച വത്തിക്കാന്‍ നയതന്ത്രജ്ഞനായ മോണ്‍. ഹ്യൂ ഒ’ഫ്‌ലാഹെര്‍ട്ടിയുടെ ജീവിതം ഒരു സിനിമ കഥ പോലെ ഉദ്വേഗജനകവും ഏറെ ട്വിസ്റ്റുകളും ദൈവിക ഇടപെടലുകളും നിറഞ്ഞതാണ്. മോണ്‍.   ഒ’ഫ്‌ലാഹെര്‍ട്ടിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കാന്‍ ഐറിഷ് ഗവണ്‍മെന്റ് സ്റ്റാമ്പ് പുറത്തിറക്കി.
1943 സെപ്റ്റംബര്‍ മുതല്‍ 1944 ജൂണ്‍ വരെയുള്ള കാലയളവില്‍ നാസി സേനയുടെ റോം അധിനിവേശസമയത്താണ്, റോമന്‍  കൂരിയയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് ഫ്‌ലാഹെര്‍ട്ടി നിരവധി യഹൂദരെ നാസി സേനയില്‍ നിന്ന് ഒളിപ്പിച്ചത്. 6,500 ജൂതന്മാരെ ആശ്രമങ്ങളിലും കോണ്‍വെന്റുകളിലും, എന്തിനേറെ, കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍പ്പോലും, ഒളിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അദ്ദേഹം രക്ഷിച്ചതായി കണക്കാക്കപ്പെടുന്നു.
റോമ നഗരത്തിന്റെ ഉള്ളിലാണെങ്കിലും സ്വതന്ത്ര രാജ്യമായ വത്തിക്കാന്റെ മണ്ണിലേക്ക് കടക്കാന്‍ ജര്‍മന്‍ സൈന്യത്തിന് അനുവാദമില്ലാത്തതിനാല്‍, പലായനം                 ചെയ ്തെത്തുന്ന  യഹൂദരെ ഓ’ഫ്‌ലാഹെര്‍ട്ടി സ്വാഗതം ചെയ്യുന്നത് നിരാശയോടെയും കോപത്തോടെയും കാണാന്‍ മാത്രമേ നാസി സൈന്യത്തിന് കഴിയുമായിരുന്നുള്ളൂ. അങ്ങനെ നിത്യനഗരത്തിലെ ജര്‍മന്‍ സൈന്യത്തിന്റെ ഏറ്റവും പ്രധാന നോട്ടപ്പുള്ളിയായി  ഫ്‌ലാഹെര്‍ട്ടി മാറി.
റോമിലെ എസ്എസ് കമാന്‍ഡറായിരുന്ന കേണല്‍ ഹെര്‍ബര്‍ട്ട് കാപ്ലര്‍, ഒ’ഫ്‌ലാഹെര്‍ട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടത്തി. ഒരിക്കല്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നാല് സ്വിസ് ഗാര്‍ഡുകളുടെ ഒരു സംഘം ഇദ്ദേഹത്തെ വകവരുത്താനത്തിയ ഗസ്റ്റപ്പോ ഹിറ്റ് സ്‌ക്വാഡിനെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുദ്ധാനന്തരം, ആര്‍ഡിയേറ്റൈന്‍ കൂട്ടക്കൊലയിലെ പങ്കിന് കാപ്ലറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റോമിന് പുറത്തുള്ള ഗെയ്റ്റ ജയിലിലെ അദ്ദേഹത്തിന്റെ ഏക സന്ദര്‍ശകനായിരുന്നു മോണ്‍. ഒ’ഫ്‌ലാഹെര്‍ട്ടി. 1959-ല്‍ ഒ’ഫ്‌ലാഹെര്‍ട്ടി കാപ്ലര്‍ക്ക് മാമ്മോദീസാ നല്‍കി കത്തോലിക്കാ വിശ്വാസത്തിലേക്ക് സ്വീകരിച്ചു. അനേകം യഹൂദരെ രക്ഷിച്ചതിന് പുറമെ തന്നെ കൊലപ്പെടുത്താന്‍ രഹസ്യ സ്‌ക്വാഡിനെ വരെ അയച്ച കമാന്‍ഡറെ മാനസാന്തരത്തിലേക്ക് നയിച്ച മോണ്‍. ഫ്‌ലാഹെര്‍ട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി 1983-ല്‍  ‘ദി സ്‌കാര്‍ലറ്റ് ആന്‍ഡ് ദി ബ്ലാക്ക്’ എന്ന സിനിമ പുറത്തിറങ്ങി.
അയര്‍ലണ്ടിലെ കൗണ്ടി കോര്‍ക്കില്‍ ജനിച്ച ഫ്‌ലാഹെര്‍ട്ടി 1925-ല്‍ റോമില്‍ പൗരോഹിത്യം സ്വീകരിച്ച ശേഷം, ഈജിപ്ത്, ഹെയ്തി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളില്‍ വത്തിക്കാന്‍ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. തിരിച്ച് ഇറ്റലിയിലെത്തിയ അദ്ദേഹം വടക്കന്‍ ഇറ്റലിയിലെ സഖ്യകക്ഷികളുടെ യുദ്ധത്തടവുകാരുടെ ക്യാമ്പുകളിലെ മാര്‍പാപ്പയുടെ പ്രതിനിധിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം, ഇറ്റാലിയന്‍ ഫാസിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പലായനം ചെയ്യുന്ന ജൂതന്മാരെയും, വിമതരെയും, ഇറ്റാലിയന്‍ പട്ടാളക്കാരെയും സഹായിക്കാന്‍ തുടങ്ങിയതായി ഡിക്ഷ്‌നറി ഓഫ് ഐറിഷ് ബയോഗ്രഫിയില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?