പ്രശസ്ത സംഗീത മാസികയായ ബില്‍ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള്‍ ഗ്രൂപ്പ് സോങ്‌സ്’ പട്ടികയില്‍ ഇടം നേടുകയും എംടിവിയില്‍ പ്രീമയിര്‍ ചെയ്യുകയും ചെയ്ത ‘ഫോര്‍ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്‍ണല്‍. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന പറയുന്നതിങ്ങനെ-‘ഞാന്‍ എന്റെ നിര്‍മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടാല്‍ നിര്‍മാതാക്കളുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുക്കേണ്ടി വരും’.
അന്ന് 18 വയസ്സുള്ള ക്രിസ്റ്റീന ബാലെസ്റ്റെറോ എന്നറിയപ്പെടുന്ന ബെര്‍ണല്‍, ഒരു വിദേശ റെക്കോര്‍ഡ് കമ്പനിയുമായി ഒരു വലിയ കരാറില്‍ ഒപ്പിടാന്‍ തയാറെടുക്കുകയായിരുന്നു. പക്ഷേ നിര്‍മാതാവിന്റെ ഈ വാക്കുകള്‍ ആ കരാറിനെക്കുറിച്ചു മാത്രമല്ല തന്റെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് തന്നെ മാറിച്ചിന്തിക്കാന്‍ ക്രിസ്റ്റീനയെ പ്രേരിപ്പിച്ചു
ആദ്യ വരി പാടി, പിന്നെ പൊട്ടിക്കരഞ്ഞു
ഈ സംഭവം നടക്കുന്നതിന് ഏതാനും നാളുള്‍കള്‍ക്ക് മുമ്പാണ് ക്രിസ്റ്റീന ഹൈസ്‌കൂളിലെ വര്‍ഷിപ്പ് ബാന്‍ഡില്‍ അംഗമായത്. ദൈവത്തോടും ദൈവാലയത്തോടുമൊന്നും വലിയ ബന്ധമില്ലാതിരുന്ന ക്രിസ്റ്റീന സ്ഥൈര്യലേപന കൂദാശയ്‌ക്കൊരുക്കിയ വൈദികന്റെ നിര്‍ബന്ധപ്രകാരമാണ് ഈ ബാന്‍ഡിലെ അംഗമായത്.
ക്രിസ്റ്റീന ഉള്‍പ്പെട്ട വര്‍ഷിപ്പ് ബാന്‍ഡ് ഒരു ദിവ്യകാരുണ്യ ആരാധനയ്ക്ക് വേണ്ടി ഗാനം പരിശീലിക്കുന്നതിനിടയില്‍ അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ‘ബാന്‍ഡ് പരിശീലനത്തിനിടെ ഞങ്ങളുടെ ഇന്‍സ്ട്രക്റ്റര്‍ ഇപ്രകാരം പറഞ്ഞു, ”ശരി, നിങ്ങള്‍ നന്നായി പാടുന്നു, പക്ഷേ ഇനി നിങ്ങള്‍ പാടുമ്പോള്‍ വരികളെക്കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” തുടര്‍ന്ന് ഞാന്‍ ആദ്യ വരി പാടി, പിന്നെ പാട്ട് നിര്‍ത്തി, ഞാന്‍ പൊട്ടിക്കരഞ്ഞു,’ ക്രിസ്റ്റീന പങ്കുവച്ചു. ആ സമയത്ത്, ലജ്ജ തോന്നിയെങ്കിലും അത് മറ്റുള്ളവരെ കൂടെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന മനോഹരമായ നിമിഷമാണെന്ന് പറഞ്ഞാണ് ഇന്‍സ്ട്രക്റ്റര്‍ ക്രിസ്റ്റീനയെ ആശ്വസിപ്പിച്ചത്. അന്ന് ആലപിച്ച ഗാനവും, അതിലെ വരികളും ക്രിസ്റ്റീന ഇപ്പോഴും ഓര്‍മിക്കുന്നു, ”ജോഷ് വില്‍സന്റെ ”സേവ്യര്‍, പ്ലീസ്” എന്ന ഗാനമാണത്. കോറസില്‍ വരികളുടെ അര്‍ത്ഥം ഏതാണ്ട് ഇപ്രകാരമാണ്: ”ഞാന്‍ വളരെ ‘ടഫ് ‘ ആകാന്‍ ശ്രമിക്കുന്നു / പക്ഷേ എനിക്ക് വേണ്ടത്ര ശക്തിയില്ല / എനിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല,/ ദൈവമേ എനിക്ക് നിന്നെ വേണം / എന്നെ താങ്ങിനിര്‍ത്താന്‍.
ആ അനുഭവം ക്രിസ്റ്റീനയെ വളരെയധികം സ്വാധീനിച്ചു. പിന്നീട് ഹൈസ്‌കൂളിനുശേഷം, ഒരു പോപ്പ് താരമാകാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നപ്പോഴും ദൈവത്തിന്റെ കരം ക്രിസ്റ്റീനയോടൊപ്പമുണ്ടായിരുന്
പരിശുദ്ധാത്മാവുമായുള്ള ഒരു കൂടിക്കാഴ്ച
ക്രിസ്റ്റീനയുടെ ഉള്ളില്‍ ജീവിതവിശുദ്ധിയും പോപ്പ് സംഗീത ലോകത്തിന്റെ മാസ്മരികതയും തമ്മില്‍ വലിയൊരു പിടിവലി നടക്കുന്ന സമയമായിരുന്നു അത്. അത്തരത്തില്‍ ഒരു രാത്രിയില്‍, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും എന്തുചെയ്യണമെന്ന ചിന്തിയും ക്രിസ്റ്റീനയെ അമിതമായി ബാധിച്ചു. ഹില്‍സോങ്ങിന്റെ ‘ഫ്രം ദി ഇന്‍സൈഡ് ഔട്ട്’ എന്ന ആരാധനാ ഗാനം ആലപിച്ചുകൊണ്ട് ചന്ദ്രവെളിച്ചത്തില്‍ ഇരുന്നപ്പോള്‍ , പെട്ടെന്ന് വലിയൊരു സമാധാനം ക്രിസ്റ്റീനയുടെ ഉള്ളിലേക്ക് വന്ന് നിറഞ്ഞു. പിന്നെ മുഖത്തും കൈകളിലുംം ചൂടും വിറയലും അനുഭവപ്പെട്ടു.
‘ആ രാത്രിയില്‍ പരിശുദ്ധാത്മാവില്‍ സ്‌നാനമേറ്റത് പരിശുദ്ധ അമ്മയിലൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ക്രിസ്റ്റീന പറഞ്ഞു.
ദൈവവുമായുള്ള ഒരു സംഭാഷണം
പിറ്റേന്ന് രാവിലെ, ക്രിസ്റ്റീന ഒരു ചാപ്പലില്‍ പോയി ദൈവസന്നിധിയില്‍ മുട്ടുകുത്തി. ‘ഞാന്‍ ദൈവത്തോട് പറഞ്ഞു, ‘ഞാന്‍ ഈ അവസ്ഥയിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി എന്റെ വിശുദ്ധിയെ ഇല്ലാതാക്കുന്ന ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ക്ക് ഒരു നല്ല മാതൃകയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. … ലോകത്തില്‍ നന്മയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ പിന്നെ അവള്‍ സ്വയം ദൈവത്തിന് സമര്‍പ്പിച്ചു.
തുടര്‍ന്ന് ക്രിസ്റ്റീന ദൈവത്തോട് ഇപ്രകാരം ചോദിച്ചു ‘ഞാന്‍ എന്തുചെയ്യണം, ഞാന്‍ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?’. തുടര്‍ന്ന് 40 മിനിറ്റ് മൗനം പാലിച്ചു. ആ സമയത്ത് ‘കര്‍ത്താവ് എന്നെ സമാധാനം കൊണ്ട് നിറയ്ക്കുകയും എന്നെ ആലിംഗനം ചെയ്യുകയും ചെയ്തു,’ ക്രിസ്റ്റീന പങ്കുവച്ചു. തുടര്‍ന്ന് ശ്രവിച്ച ദൈവസ്വരത്തെക്കുറിച്ച് ക്രിസ്റ്റീന ഇപ്രകാരം പറയുന്നു- ‘നീ എന്റെ കൂടെ വരണം, നീ എന്റെ കൂടെ വരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് കര്‍ത്താവ് പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പറഞ്ഞു, ‘ ഞാന്‍ തയാറാണ്.’
ഒരു പുതിയ തുടക്കം
ആ കണ്ടുമുട്ടല്‍ ക്രിസ്റ്റീനയുടെ ജീവിതം അടിമുടി മാറ്റിമറിച്ചു. ഇന്ന് ദിവ്യബലിക്കുള്ള സംഗീതമുള്‍പ്പടെ ദൈവത്തിനുവേണ്ടി സംഗീതം സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് ക്രിസ്റ്റീന. ‘സ്വര്‍ഗം ഭൂമിയെ കണ്ടുമുട്ടുന്ന ദിവ്യബലിയില്‍ ഗാനം ആലപിക്കുന്നതിനേക്കാള്‍ വലിയ അംഗീകാരം ലഭിക്കാനില്ലെന്ന്’ ക്രിസ്റ്റീന പറയുന്നു, ‘ചില ആളുകള്‍ക്ക് സെക്കുലര്‍ മേഖലയില്‍ സംഗീത പരിപാടി അവതരിപ്പിക്കാനും സുവിശേഷം പ്രസംഗിക്കാനും ആവാം വിളി ലഭിക്കുന്നത്. എന്നാല്‍ സഭയെ സേവിക്കാനാണ് ദൈവം എന്നെ വിളിച്ചത്.’
‘ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ റെക്കോര്‍ഡ് ലേബല്‍’ എന്ന് വിശേഷിപ്പിക്കുന്ന നോവം റെക്കോര്‍ഡ്സിലെ ഒരു കലാകാരിയാണിന്ന് ക്രിസ്റ്റീന ബെര്‍ണല്‍. 2021-ല്‍ പുറത്തിറങ്ങിയ ‘താങ്ക്ഫുള്‍’ എന്ന ഗാനം ഉള്‍പ്പെടെ സ്വന്തമായി രചനകള്‍ എഴുതി സ്വതന്ത്ര നിര്‍മാതാവായി പ്രവര്‍ത്തിച്ച ശേഷമാണ് 2022-ല്‍ ക്രിസ്റ്റീന നോവം റെക്കോര്‍ഡ്‌സിലെത്തുന്നത്. സംഗീതം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യവ്യാപകമായി കോണ്‍ഫ്രന്‍സുകള്‍, ധ്യാനങ്ങള്‍ എന്നിവ നയിക്കുന്നു. ഇന്ന് ഭര്‍ത്താവിനും രണ്ട് ഇളയ ആണ്‍മക്കള്‍ക്കുമൊപ്പം സാന്‍ അന്റോണിയോയിലാണ് ക്രിസ്റ്റീന ബെര്‍ണല്‍ താമസിക്കുന്നത്. ഓഗസ്റ്റില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട ഒരു പുതിയ ആല്‍ബം പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് ക്രിസ്റ്റീന.
Leave a Comment
Your email address will not be published. Required fields are marked with *