വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്, ലോകത്തിന്റെ വെളിച്ചവും! ഇന്ന് നിങ്ങളുടെ ശബ്ദം നിങ്ങളുടെ ഉത്സാഹം, നിങ്ങളുടെ നിലവിളികള്‍ – എല്ലാം യേശുക്രിസ്തുവിനുവേണ്ടി – ഭൂമിയുടെ അതിര്‍ത്തികള്‍ വരെ കേള്‍ക്കും!. യുവജനങ്ങളുടെ ജൂബിലിക്കായി വത്തിക്കാനിലെത്തിയ യുവജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞ വാക്കുകളാണിത്.
സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ല ആഘോഷിച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ സ്വാഗത കുര്‍ബാനയ്ക്ക് ശേഷം, ലിയോ പാപ്പ പോപ്പ് മൊബൈലില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് ചുറ്റും സഞ്ചരിച്ച് യുവജനങ്ങളെ അഭിവാദ്യം ചെയ്തു. അപ്രതീക്ഷിതമായി പാപ്പ നടത്തിയ സന്ദര്‍ശനത്തെ ആയിരക്കണക്കിന് യുവജനങ്ങള്‍ ദേശീയ പതാകകള്‍ വീശിക്കൊണ്ട് വരവേറ്റു.
യുവജന ജൂബിലിയുടെ ഉദ്ഘാടന വേളയില്‍, യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടെ ഒരുമിച്ച് നടക്കാന്‍ പാപ്പ യുവജനങ്ങളെ ക്ഷണിച്ചു. ലോകത്തിന് പ്രത്യാശയുടെ സന്ദേശങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. നിങ്ങളാണ് ആ സന്ദേശം. നിങ്ങള്‍ എല്ലാവര്‍ക്കും പ്രത്യാശ നല്‍കുന്നത് തുടരണമെന്ന് പാപ്പ പറഞ്ഞു.
ആശീര്‍വാദത്തിനുശേഷം, പാപ്പ യുവ തീര്‍ത്ഥാടകര്‍ക്ക് റോമില്‍ ഒരു നല്ല ആഴ്ച ആശംസിക്കുകയും, ഓഗസ്റ്റ് 2, 3 തീയതികളില്‍ യുവജന ജൂബിലിയുടെ ജാഗരണത്തിനും കുര്‍ബാനയ്ക്കും വീണ്ടും ഒത്തുകൂടാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു.ഓഗസ്റ്റ് മൂന്നിന് ലിയോ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് യുജനങ്ങളുടെ ജൂബിലി സമാപിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *