തിരുവനന്തപുരം: ഭാരതത്തിലെ ക്രിസ്ത്യാനികള്‍ ഭയപ്പെട്ട് സുവിശേഷം മടക്കിവയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കരുതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ.
ഛത്തീസ്ഡഗ് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ജയില്മോചിതരാക്കണമെന്നാവശ്യപ് പെട്ട് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മൗനജാഥയ്ക്കുശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട വിചാരണ നേരിട്ട സന്യാസിനിമാര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷഭാരത സംസ്‌കാരം; മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ചോദിച്ചു.
ആര്‍ഷഭാരതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് സന്യാസിനിമാര്‍. അറസ്റ്റ് ചെയ്യപ്പെട്ടവരെപ്പോലുള്ള ആയിരക്കണക്കിന് സന്യാസിനിമാരാണ് ഭാരതത്തില്‍ പതിനായിരക്കണക്കിന് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചിട്ടുള്ളത്. അവരുടെ സമര്‍പ്പണം എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണ്. ഒരു കല്‍ത്തുറുങ്കിനും അതു തടയാനാകില്ല; കര്‍ദിനാള്‍ പറഞ്ഞു.
ക്രൈസ്തവര്‍ ഭൈരതത്തില്‍ രണ്ടായിരം വര്‍ഷമായി മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് വാദം. അങ്ങനെയെങ്കില്‍ ക്രൈസ്തവര്‍ ഇപ്പോഴും എങ്ങനെയാണ് രണ്ടര ശതമാനത്തില്‍ ഒതുങ്ങിപ്പോയതെന്നു അദ്ദേഹം ചോദിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു കറുത്ത റിബണ്‍കൊണ്ട് വാ മൂടിക്കെട്ടി നടത്തിയ പ്രതിഷേധജാഥ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സേവനമേഖലകളില്‍ ഭാരതത്തില്‍ എന്നും ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ളവരാണ് സന്യാസിനിമാരെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപത സഹായമെത്രാന്‍ ഡോ. ഡി. സെല്‍വരാജന്‍, മാര്‍ത്തോമ സഭ മെത്രാപ്പോലീത്ത ഐസക് മാര്‍ ഫീലിക്‌സിനോസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ വര്‍ഗീസ് തെക്കേക്കര, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *