ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറക്കി. തമിഴ്‌നാട് കത്തോലിക്ക സഭയുടെ ഔദ്യോഗിക വാരികയായ ‘നാം വാഴ്‌വ്’-ന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് ആദ്യത്തെ പ്രതിദിന ഇ-പത്രം പുറത്തിറക്കിയത്. തമിഴ്നാട്ടിലെ കത്തോലിക്കരുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.
നാല് പേജുള്ള പ്രതിദിന പതിപ്പില്‍ വത്തിക്കാനില്‍ നിന്നുള്ള അനുദിന വാര്‍ത്തകള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാമുകള്‍, ഏഷ്യ, ഇന്ത്യ,തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്.
അതോടൊപ്പം പ്രാദേശിക-അന്തര്‍ദ്ദേശിയ തലങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. രൂപതകളില്‍ നടക്കുന്ന പ്രധാന സംഭവങ്ങളും ലോകം അറിയേണ്ട സഭാ പ്രവര്‍ത്തനങ്ങളും തീര്‍ ത്ഥാടന കേന്ദ്രങ്ങളും ദേവാലയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഈ ഇ-പത്രത്തിലൂടെ അറിയാന്‍ കഴിയും.
യുവാക്കളെ കൂടുതല്‍ വായിക്കാന്‍ പ്രചോദിപ്പിക്കുകയും സഭയുടെ സാമൂഹികവും രാഷ്ട്രീയവുമായ ദൗത്യം വ്യക്തമായി മനസിലാക്കാന്‍ അവരെ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് ആന്റണിസാമി പറഞ്ഞു.
നാം വാഴ് വ് പബ്ലിഷിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ് ലൂര്‍ദ് ആനന്ദ്, എഡിറ്റര്‍-ഇന്‍-ചീഫ് ഫാ. രാജശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
1975ല്‍ സ്ഥാപിതമായ നാം വാഴ്‌വ് അഞ്ച് പതിറ്റാണ്ടായി തമിഴ്‌നാട്ടിലെ കത്തോലിക്കാ സമൂഹത്തിന്റെ ശബ്ദമാണ്. ഇപ്പോള്‍ എല്ലാ ദിവസവും ഇന്‍ബോക്‌സുകളിലേക്കും സോഷ്യല്‍ മീഡിയ ഫീഡുകളിലേക്ക് സമയബന്ധിതമായ വാര്‍ത്തകള്‍ നേരിട്ട് എത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *