കേരള, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ മുന്‍ അക്കൗണ്ടന്റ് ജനറലും രാഷ്ട്ര ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന, തിങ്കളാഴ്ച അന്തരിച്ച ജെയിംസ് കെ. ജോസഫിനെ ദീപികയുടെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടി.ദേവപ്രസാദ് അനുസ്മരിക്കുന്നു.
തിളക്കമാര്‍ന്ന ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി കടന്നുപോയ ജയിംസ് കെ. ജോസഫ് (76) എന്ന പത്രാധിപരായ ഉദ്യോഗസ്ഥനെ ചരിത്രം അടയാളപ്പെടുത്തുന്നത് ഹൃദയംകൊണ്ട് തീരുമാനങ്ങളെടുത്ത സത്യാനേഷി എന്നായിരിക്കും.
കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തമിഴിനാടിന്റെയും അക്കൗണ്ടന്റ് ജനറലായിരുന്ന ശേഷം സര്‍വീസില്‍നിന്നും വിരമിക്കുവാന്‍ 10 വര്‍ഷം ബാക്കിനില്‌ക്കെയാണ് സര്‍ക്കാര്‍ സേവനം മതിയാക്കി ഔദ്യോഗിക പദവികളില്‍നിന്നും സ്വയം വിരമിച്ചത്.
വെബ് ജേര്‍ണലിസത്തിന്റെ തുടക്കക്കാരന്‍
ദീപികയുടെ സാരഥിയാകുമ്പോഴാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ അവസരം കിട്ടുന്നത്. കര്‍ക്കശക്കാരനായ ഡോ. പി.കെ അബ്രാഹമിനെ തുടര്‍ന്നുവന്ന സൗമ്യനായ ഈ സാരഥി അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്ക് കുളിര്‍മ പകരുന്ന ഓര്‍മ്മയാണ്. ദീപികയുടെ ഉന്നതമായ പത്ര പ്രവര്‍ത്തനപാരമ്പര്യവുമായി വല്ലാത്ത അടുപ്പം സൂക്ഷിച്ച മനസിന്റെ ഉടമയായിരുനന്നു ജെയിംസ്. ജനനന്മക്കുവേണ്ടിയുള്ള സത്യാന്വേഷണം ആകണം നമ്മുടെ പത്രപ്രവര്‍ത്തനം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഒപ്പം പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുവാനും അവരുടെ ആത്മാര്‍ത്ഥമായ വിമര്‍ശനങ്ങള്‍ ഗൗരവത്തില്‍ കണക്കിലെടുക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ദീപികയില്‍ പ്രവര്‍ത്തിച്ച രണ്ടു വര്‍ഷം കൊണ്ട് ദീപികയില്‍ വലിയ മാറ്റങ്ങള്‍ക്ക് അദ്ദേഹം തുടക്കുംകുറിച്ചു. വെബ് ജേര്‍ണലിസത്തിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ മലയാളപത്രമായി ദീപിക മാറിയത് അക്കാലത്താണ്. ജേക്കബ് മണ്ണംപ്ലാക്കല്‍ ആയിരുന്നു നെറ്റ് ദീപികയുടെ പ്രധാന ശില്പി. ജയിംസ് സാറിന്റെ കാലത്താണ് ദീപികയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണം ചില്‍ഡ്രണ്‍സ് ഡൈജസ്റ്റ് ആരംഭിച്ചത്.
കാരുണ്യം നിറഞ്ഞ ഹൃദയം
ഹുദയംകൊണ്ട് തീരുമാനങ്ങള്‍ എടുത്ത അദ്ദേഹത്തിന് അതിന്റെ പേരില്‍ വലിയ വിലകൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു സംഭവം ഇതാണ്. അദ്ദേഹം ദീപികയെ നയിക്കുന്ന കാലം. ദീപികയുടെ ഒരു സ്ട്രിംഗര്‍ ജീവനക്കാരന്‍ ഹൃദ്രോഗ ബാധിതനായി തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റായി. ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും അതിനായി വന്‍തുക അടയ്ക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു വഴിയും കാണാതെ അയാളുടെ ബന്ധുക്കള്‍ ദീപികയിലെത്തി.
ദീപികയുമായി നല്ലബന്ധം സൂക്ഷിക്കുന്ന സമര്‍ത്ഥനായ ഒരാളായിരുന്നു രോഗി. സഹായിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് വലിയൊരു തുകയാണ് അടക്കേണ്ടിയിരുന്നത്. അവര്‍ ജെയിംസ് സാറിനെ കണ്ടു. അദ്ദേഹം സീനിയറായ സഹപ്രവര്‍ത്തകരോട് ആലോചിച്ചു. തുക കൊടുക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം തിരിച്ചടക്കണം എന്ന വ്യവസ്ഥയിലാണ് നല്‍കിയത്.
ഏതാനും ദിവസം കഴിഞ്ഞു. ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ മാറ്റിവച്ചു. ദീപികയില്‍ നിന്നും അടച്ച തുക വാങ്ങി സ്ട്രിംഗര്‍ സ്ഥലംവിട്ടു. തുക തിരിച്ചടക്കാനോ സാറിനെ കണ്ടു സംസാരിക്കുവാന്‍പോലുമോ കൂട്ടാക്കിയില്ല. ഇത്രയും വലിയ തുക നല്‍കിയതിന് ഡയറക്ടര്‍ ബോര്‍ഡ് ജെയിംസ് സാറിനെ കുറ്റപ്പെടുത്തി. ആ വേദന അദ്ദേഹം സഹിച്ചു, ഒരു സഹായത്തിനുള്ള സമ്മാനമായി.
ബസുകളുമായി നടത്തിയ വിലാപയാത്ര
തലസ്ഥാനത്ത് അദ്ദേഹം സുഹൃത്തിനോടൊപ്പം ആരംഭിച്ച വസ്ത്ര വ്യാപാരശാലയും ഇത്തരംഹൃദയവിശാലതകൊണ്ട് മുന്നോട്ട് കൊണ്ടു പാകാനാവാതെ വന്നതായി അദ്ദേഹത്തിന്റെ സഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.
ദീപിക വിട്ട അദ്ദേഹം കെഎസ്‌ഐഡിസിയുടെയും കെഎസ്ആര്‍ടിസിയുടെയും എ.ഡിയായി പ്രവര്‍ത്തിച്ചു. ഒരു വിദ്യാര്‍ത്ഥി സമരത്തിന് തകര്‍ക്കപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ബസുകളുമായി തലസ്ഥാനത്ത് അദ്ദേഹം നടത്തിയ വിലാപയാത്ര വേറിട്ട കാഴ്ചയായി.
പ്രശസ്തരായ നിരവധി വ്യക്തികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി അദ്ദേഹത്തിന്റെ ബന്ധുവാണ്. അന്തരിച്ച മുന്‍മന്ത്രി ബേബിജോണ്‍ ഭാര്യ പിതാവും മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഭാര്യാസഹോദരനുമാണ്. കേരളത്തിലെ ചീഫ് സെക്രട്ടറിമാരായിരുന്ന ബാബു ജേക്കബ്, ലിസി ജേക്കബ്, പി.ജെ തോമസ് എന്നിവരും കുടുംബാംഗങ്ങളാണ്. രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് സഹോദരി ഭര്‍ത്താവാണ്.
പുരാതന കത്തോലിക്കാ കുടുംബമായ പൊന്‍കുന്നം കരിക്കാട്ടുകുന്നേല്‍ മുന്‍ വിദ്യാഭ്യാസ ഡയറകടര്‍ എം.വി ജോസഫിന്റെ മകനായി മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14-നാണ് ജനനം. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കോടെ പാസായ ജെയിംസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിലാണ്. സിവില്‍ സര്‍വീസ് പരീക്ഷ പാസായി അക്കൗണ്ട്‌സ് ആന്‍ഡ് ഓഡിറ്റ് വകുപ്പില്‍ സര്‍വീസ് ആരംഭിച്ചതു തിരുവനന്തപുരത്തായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *