വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും, കാണാതായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ പാപ്പ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പ മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും ദൈവാനുഗ്രങ്ങള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ചു.
ഓഗസ്റ്റ് 31 ന് വൈകുന്നേരമാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ 800 ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാം സന്ദേശത്തില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരോടും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരോടും സിവില്‍ അധികാരികളോടും തന്റെ ഹൃദയംഗമമായ ഐകദാര്‍ഢ്യം പാപ്പ പ്രകടിപ്പിച്ചു.
പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായി എട്ട് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നതായും റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയാത്ത വിദൂര പ്രദേശങ്ങളിലേക്ക് എത്താന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *