Follow Us On

02

September

2025

Tuesday

‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്

‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്

മനില/ഫിലിപ്പിന്‍സ്: ഫിലിപ്പിനോ വൈദികനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസസഭാംഗവുമായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയെ ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിളിക്കപ്പെടുന്ന  2025 ലെ  റമോണ്‍ മാഗ്സസെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  റമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ‘ഫാദര്‍ ഫ്‌ലേവി’ എന്നറിയപ്പെടുന്ന വൈദികന് പുരസ്‌കാരം സമ്മാനിച്ചത്.

ദരിദ്രരായ ഫിലിപ്പിനോകള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനായി 2015 ല്‍  ഫാ. ഫ്‌ലേവി മനിലയില്‍ ആര്‍നോള്‍ഡ് ജാന്‍സെന്‍ കലിംഗ സെന്റര്‍ സ്ഥാപിച്ചു. ഭക്ഷണം, പാര്‍പ്പിടം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ കേന്ദ്രത്തിലൂടെ നിരവധിയാളുകള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഉപജീവനമാര്‍ഗവും നേടാനും  മാന്യമായ ജീവിതം നയിക്കാനും  അവസരമൊരുക്കി.  കൂടാതെ ഫിലിപ്പിന്‍സിനെ ഏകാധിപത്യ രീതിയില്‍ ഭരിച്ച പ്രസിഡന്റ് ഡുട്ടാര്‍ട്ടെ നടത്തിയ ഡ്രാക്കോണിയന്‍ മയക്കുമരുന്ന് യുദ്ധത്തില്‍ ഇരകളായവരുടെ വിധവകള്‍ക്കും അനാഥരായ മക്കള്‍ക്കും ഒരു സങ്കേതമായി ഈ കേന്ദ്രം മാറി.  വൈകാരിക സൗഖ്യവും, മാനസിക-സാമൂഹിക പിന്തുണയും ഉറപ്പാക്കിക്കൊണ്ടും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന്  പരിശീലനം നല്‍കിക്കൊണ്ടും ഈ കുടുംബങ്ങള്‍ക്ക് സാധാരണ ജീവിതം തുടരാന്‍ അദ്ദേഹം അവസരമൊരുക്കി.

നീതിക്ക് പല രൂപങ്ങളെടുക്കാം  എന്നും – അവയില്‍, ഒരാളുടെ ആത്മവിശ്വാസം വീണ്ടെടുക്കല്‍, സ്വയം ക്ഷമിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായും ഫാ. ഫ്‌ലേവിയുടെ പ്രശംസാ പത്രത്തില്‍ പറയുന്നു.
മുന്‍പ്  മയക്കുമരുന്നിന്  അടിമയായിരുന്ന ഒരു ചരിത്രവും ഫ്‌ലേവിക്കുണ്ട്. 1995-ല്‍ അദ്ദേഹം മാനസാന്തരപ്പെട്ട്  ഇതില്‍ നിന്ന് പുറത്തു വരുകയും ഒടുവില്‍ 2006-ല്‍ ഒരു വൈദികനാകുകയുമായിരുന്നു. തന്റെ വ്യക്തിപരമായ പരിവര്‍ത്തനം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി ചേര്‍ന്നുനടക്കാനും ഏറ്റവും തകര്‍ന്ന ജീവിതങ്ങളെ പോലും പുനരുദ്ധരിക്കാനും സഹായിച്ചതായി ഫാ. ഫ്‌ലേവി പറഞ്ഞു. കോടതിമുറികളില്‍ മാത്രമല്ല, സമൂഹം ഉപേക്ഷിക്കുന്നവരുടെ അന്തസ് പുനഃസ്ഥാപിക്കുന്നതിലൂടെ കൂടെയാണ് യഥാര്‍ത്ഥ നീതി അളക്കപ്പെടുന്നതെന്ന് ഫാ. ഫ്‌ലേവി പറയുന്നു. ‘വീട് എന്ന് വിളിക്കാന്‍ തെരുവില്‍ ഒരു ചെറിയ സ്ഥലം തേടുന്ന എണ്ണമറ്റ ഭവനരഹിതര്‍ക്കുവേണ്ടിയും മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ ഇരകളായ ധീരരായ വിധവകള്‍ക്കും അനാഥര്‍ക്കും വേണ്ടിയും ഞാന്‍ ഈ ബഹുമതി സ്വീകരിക്കുന്നു,’ ഫാ. ഫ്‌ലേവി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ടു എഡ്യൂക്കേറ്റ് ഗേള്‍സ് ഗ്ലോബലി ഇന്‍ ഇന്ത്യ എന്ന സംഘടനയും, ദുര്‍ബലമായ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും നേതൃത്വം നല്‍കുന്ന മാലിദ്വീപിലെ ഷാഹിന അലിയുമാണ് ഫാ. ഫ്‌ലേവിയൊടൊപ്പം ഈ വര്‍ഷം റമോണ്‍  മാഗ്‌സസെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 1957 ല്‍ സ്ഥാപിതമായ റമോണ്‍ മഗ്സസെ അവാര്‍ഡ് ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ബഹുമതിയായാണ് വിലയിരുത്തപ്പെടുന്നത്. 67-ാമത് റമോണ്‍ മാഗ്സസെ അവാര്‍ഡ് ദാന ചടങ്ങ് നവംബര്‍ 7 ന് മനിലയിലെ മെട്രോപൊളിറ്റന്‍ തിയേറ്ററില്‍ നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?