Follow Us On

19

September

2025

Friday

നൈജറില്‍ മാമോദീസ ചടങ്ങിനിടെ 22 പേരെ വെടിവച്ചു കൊലപ്പെടുത്തി

നൈജറില്‍ മാമോദീസ ചടങ്ങിനിടെ  22 പേരെ വെടിവച്ചു കൊലപ്പെടുത്തി

നിയാമേ/നൈജര്‍: പടിഞ്ഞാറന്‍ നൈജറിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ തോക്കുധാരികള്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന 22 പേരെ വധിച്ചു. ബുര്‍ക്കിന ഫാസോയ്ക്കും മാലിക്കും സമീപമുള്ള തില്ലബെറി മേഖലയിലാണ് ആക്രമണം നടന്നത്. അല്‍-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ സജീവമായ മേഖലയാണിത്.

തകൗബാട്ട് ഗ്രാമത്തിലെ ഔല്ലം ഡിപ്പാര്‍ട്ട്മെന്റിലെ തില്ലബെറി മേഖലയില്‍  നിരപരാധികളായ കുടുംബങ്ങളെ ദുഃഖത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു എന്ന് പ്രാദേശിക പൗരാവകാശ പ്രവര്‍ത്തകന്‍ മൈകോള്‍ സോഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു മാമോദീസ ചടങ്ങ് ആഘോഷിക്കാന്‍ ഗ്രാമവാസികള്‍ ഒത്തുകൂടിയപ്പോള്‍, ആയുധധാരികളായ ആളുകള്‍ വെടിയുതിര്‍ത്തു, മരണവും ഭീകരതയും വിതയ്ക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നൈജറിന്റെ അധികാരികള്‍ പ്രദേശത്ത് ഒരു ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍  പുറത്തുവിട്ടിട്ടില്ല. 2023 ജൂലൈയില്‍  പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കി ജനറല്‍ അബ്ദുറഹ്‌മാനെ ചിയാനി അധികാരം പിടിച്ചെടുത്തത് മുതല്‍  നൈജര്‍ സൈനിക നിയന്ത്രണത്തിലാണ്. മാര്‍ച്ച് മുതല്‍ സായുധ സംഘങ്ങള്‍ ആക്രമണങ്ങള്‍ ശക്തമാക്കിയതായും കുറഞ്ഞത് 127 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായും വീടുകള്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുന്നതില്‍ സൈനിക അധികാരികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരാജയത്തെ നൈജറില്‍ പുതുതായി രൂപീകരിച്ച ജനാധിപത്യ അനുകൂല സഖ്യം അപലപിച്ചു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കാനും, ഭരണകൂടം പിരിച്ചുവിട്ട രാഷ്ട്രീയ പാര്‍ട്ടികളെയും യൂണിയനുകളെയും പുനഃസ്ഥാപിക്കാനും, പുറത്താക്കപ്പെട്ട പ്രസിഡന്റ് ബസൂമിനെ മറ്റ് എല്ലാ രാഷ്ട്രീയ തടവുകാരോടൊപ്പം മോചിപ്പിക്കാനും ഗ്രൂപ്പ് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?