മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഫ്രിസ്‌കോ: വിശുദ്ധ മറിയം ത്രേസ്യായുടെ നാമധേയത്തിലുള്ള അമേരിക്കയിലെ പ്രഥമ ദേവാലയമായ നോര്‍ത്ത് ഡാളസിലെ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളിനു കൊടിയേറി. കഴിഞ്ഞ വര്‍ഷമാണ് ദേവാലയം കൂദാശ ചെയ്തത്. ഒക്‌ടോബര്‍ 12-നാണ് തിരുനാള്‍.
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് മുഖ്യകാര്‍മികനായി ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി.
കുടുംബങ്ങളുടെ പ്രേഷിതയായ വിശുദ്ധ മറിയം ത്രേസ്യാ പുണ്യവതിയുടെ ജീവിതം തിരുകുടുംബങ്ങളില്‍ അനുകരണീയമാക്കണമെന്നു മാര്‍ ആലപ്പാട്ട് പറഞ്ഞു.
ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ വരികളെഴുതി, ഈണം നല്‍കിയ തിരുനാളിനോടനുബന്ധിച്ചു പ്രകാശനം ചെയ്ത വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രത്യേക പ്രാര്‍ത്ഥനാ ഗാനത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
കേരളത്തില്‍നിന്ന് കൊണ്ടുവന്ന വിശുദ്ധ മറിയം ത്രേസ്യായുടെ തിരുസ്വരൂപവും പുണ്യവതിയുടെ കബറിടമായ കുഴിക്കാട്ടു ശേരിയില്‍നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും മിഷനില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ട്രസ്റ്റിമാരായ റെനോ അലക്‌സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട്, റോയ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *