കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സേവനത്തിന്റെയും കാരുണ്യത്തിന്റെയും 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 75-ാമത് സ്ഥാപക ദിനം കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ ആഘോഷിച്ചു.
വിശുദ്ധ മദര്‍ തെരേസയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചാപ്പലില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് ഗോമസ്, എംസി ഫാദേഴ്സ് സുപ്പീരിയര്‍ ഫാ. ബെഞ്ചമിന്‍ എംസി തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. സിസ്റ്റേഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ട് ചാപ്പല്‍ നിറഞ്ഞു കവിഞ്ഞു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, ഡെറക് ഒബ്രിയന്‍ എം.പി, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി ജോസഫ് എംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദര്‍ ഹൗസിന് പുറത്ത് സ്ഥാപിച്ച വി.മദര്‍ തെരേസയുടെ പുതിയ പ്രതിമ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രതിനിധീകരിച്ച് ഡെറക് ഒബ്രിയന്‍ എം.പി അനാച്ഛാദനം ചെയ്തു. വടക്കന്‍ ബംഗാളിലെ പ്രകൃതിദുരന്തങ്ങള്‍ കാരണമായിരുന്നു മമത ബാനര്‍ജിക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. വി. മദര്‍ തെരേസ തന്റെ അടുത്തേക്ക് ഓടിവരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൈ പിടിച്ചിരിക്കുന്ന രീതിയിലാണ് പ്രതിമ.
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആന്റോ അക്കര നിര്‍മ്മിച്ച ‘മദര്‍ തെരേസ-പ്രോഫെറ്റ് ഓഫ് കംപാഷന്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രീമിയര്‍ സ്‌ക്രീനിംഗും നടന്നു. 1995 ല്‍ മദര്‍ തെരേസയുമായുള്ള ആന്റോ അക്കരയുടെ അഭിമുഖത്തില്‍ നിന്നുമുള്ള അപൂര്‍വ സംഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *