വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള അതിരൂപതയായ വിയന്ന അതിരൂപതയുടെ തലവനും കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പിന്‍ഗാമിയുമായി ഫാ. ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. 80 വയസുള്ള കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ലോവര്‍ ഓസ്ട്രിയയില്‍ ജനിച്ച 62 കാരനായ ഗ്രുന്‍വിഡ്ല്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിയന്ന വൈദിക സമിതിയുടെ ചെയര്‍മാനും വിയന്ന അതിരൂപതയുടെ തെക്കന്‍ വികാരിയേറ്റിന്റെ എപ്പിസ്‌കോപ്പല്‍ വികാരിയുമായിരുന്നു. ഓര്‍ഗനിസ്റ്റ് കൂടിയായ നിയുക്ത ആര്‍ച്ചുബിഷപ്, 1988-ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1995 മുതല്‍ 1998 വരെ കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ സെക്രട്ടറിയായിരുന്നു.
വിരമിച്ച കര്‍ദിനാള്‍ ഷോണ്‍ബോണ്‍, വിയന്ന അതിരൂപതയെ 30 വര്‍ഷക്കാലം നയിച്ചു. ദൈവശാസ്ത്രജ്ഞനായ അദ്ദേഹം, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം എഴുതാന്‍ സഹായിക്കുകയും 22 വര്‍ഷക്കാലം ഓസ്ട്രിയന്‍ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷനായിരിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *