തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കത്തോലിക്കരുടേതോ ക്രിസ്ത്യാനികരുടേതോ മാത്രമല്ല പൊതുസമൂഹത്തിന്റെ മുഴുവനുമാണെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ പതിനാറായിരത്തോളം അധ്യാപകര്‍ ശമ്പളമില്ലാതെ വിഷമിക്കുമ്പോള്‍ തളര്‍ന്നുപോകുന്നത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗമാണ്. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ചുകൊണ്ട് പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് ഉണ്ടാകുമ്പോള്‍ അതു വലിയൊരു സമൂഹത്തെ കുത്തി മുറിവേല്‍പ്പിക്കുകയാണെന്ന് തിരിച്ചറിയണം. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ അതിന്മേല്‍ കാര്യമായ നടപടികള്‍ ഒന്നും എടുക്കുന്നില്ല.
വിദ്യാഭ്യാസത്തിലൂടെ, ആതുരശുശ്രൂഷയിലൂടെ, കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളം എന്ന കൊച്ചുസംസ്ഥാനത്തിന് എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ ചെയ്ത സമുദായമാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയണം. മതസൗഹാര്‍ദ്ദത്തിനു വേണ്ടിയും പൊതു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയും നിലനിന്നിട്ടുള്ള ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് മാര്‍ തറയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
ബിലീവേഴ്‌സ് ചര്‍ച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് തിരുവനന്തപുരം ബിഷപ് ഡോ. മോഹന്‍ മാനുവല്‍, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാന്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെലൂസ് മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട്, അഡ്വ. ബിജു പറയനിലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്‌നങ്ങളും അവസാനിപ്പിക്കുക, റബര്‍, നെല്ല് ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യാത്ര നടത്തിയത്.
ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള അധ്യാപക നിയമന നിരോധനം, ഇഡബ്യൂഎസ് സംവരണം, ഭൂപതിവു ചട്ട ഭേദഗതി, മുനമ്പം പ്രശ്‌നത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ തുടങ്ങിയവയും യാത്രയുടെ പ്രധാന വിഷയങ്ങളായിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *