വത്തിക്കാന്‍ സിറ്റി: സഭയുടെ പൊതു പദ്ധതികളില്‍ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നരെ തടയുവാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ. സിനഡല്‍ ടീമുകള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി കുര്‍ബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടിയത്. സഭയിലെ ബന്ധങ്ങള്‍ അധികാരത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സ്നേഹത്തിലധിഷ്ഠിതമാണെന്നും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ചിന്റെ സാന്നിധ്യത്തില്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു.
സഭ കേവലമൊരു മതസ്ഥാപനമല്ലെന്നും അധികാരശ്രേണികളും അതിന്റെ ഘടനകളാലുമല്ല സഭയെ മനസിലാക്കേണ്ടതെന്നും പാപ്പ പറഞ്ഞു. സഭയില്‍, ആധിപത്യം സ്ഥാപിക്കാനല്ല സേവിക്കാനാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ആരും സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. മറിച്ച് എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. സഭയില്‍ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. ആരും സത്യം പൂര്‍ണതയില്‍ സ്വന്തമാക്കിയിട്ടില്ലെന്നും മറിച്ച് നാമെല്ലാവരും താഴ്മയോടെ ഒരുമിച്ച് സത്യത്തെ അന്വേഷിക്കുകയാണ് വേണ്ടതെന്നും സിനഡാത്മക സഭയുടെ സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
ദൈവത്തെ പിന്തുടരുന്നതില് ഒരുമിച്ച് നടക്കാന്‍ സഭയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ദോഷകരമായ ധ്രുവീകരണത്തിലേക്ക് നയിക്കപ്പെടാതെ അവയെ വിവേചിച്ചറിഞ്ഞ് കൈകാര്യം ചെയ്യാന്‍ ആത്മാവിന്റെ സഹായത്താല്‍ സാധിക്കും. സത്യം കൈവശാവകശമല്ലെന്ന് തിരിച്ചറിഞ്ഞ് സ്നേഹത്തിലും സ്നേഹത്തോടെയും കൂടുതുല്‍ എളിമയുള്ള സഭയെ നിര്‍മിക്കുക എന്നതാണ് സിനഡല്‍ സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. പൂര്‍ണമായും സിനഡലായ, ശുശ്രൂഷാപരമായ, ക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെടുന്ന, അതുവഴി ലോകത്തെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധമായ സഭയെ കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുവാന് പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *