Follow Us On

03

November

2025

Monday

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാം എന്ന് അധികാരികള്‍; പാക്ക് വനിതയുടെ ജീവിതത്തില്‍ സംഭവിച്ച ‘അത്ഭുത ഭൂകമ്പം’

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാം എന്ന് അധികാരികള്‍; പാക്ക് വനിതയുടെ ജീവിതത്തില്‍ സംഭവിച്ച  ‘അത്ഭുത ഭൂകമ്പം’
ലാഹോര്‍/ പാക്കിസ്ഥാന്‍:  യേശുവിനെ നിന്ദിച്ചാല്‍ തന്നെ മോചിപ്പിക്കാമെന്ന് അധികാരികള്‍ പറഞ്ഞെന്നും എന്നാല്‍  തന്റെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ച യേശുവിനെ   തള്ളിപ്പറയില്ലെന്നായിരുന്നു അവര്‍ക്ക് നല്‍കിയ മറുപടിയെന്നും, വ്യാജ ദൈവനിന്ദ കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ പാകിസ്ഥാന്‍ ക്രിസ്ത്യാനിയായ ഷഗുഫ്ത കൗസര്‍. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ 2025 ലെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം ഷഗുഫ്ത പങ്കുവച്ചത്.
‘ആ സമയത്ത്, യേശുവിനെ തള്ളിപ്പറഞ്ഞാല്‍ എന്നെ മോചിപ്പിക്കാമെന്ന് അധികാരികള്‍ പറഞ്ഞു,’ ഒക്ടോബര്‍ 21-ന് നടന്ന പരിപാടിയില്‍, ഷഗുഫ്ത പറഞ്ഞു. ‘എന്നാല്‍ ഞാന്‍ പറഞ്ഞു, ഇല്ല, യേശു എന്റെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചു. ഞാന്‍ അവനെ നിഷേധിക്കില്ല.’
ഷഗുഫ്ത കൗസറിനെയും ഭര്‍ത്താവ് ഷഫ്ഖത്ത് ഇമ്മാനുവലിനെയും 2013-ലാണ് ദൈവനിന്ദ ആരോപിച്ച് പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മര്‍ദ്ദനത്തിന്റെയും പീഡനത്തിന്റെയും കാലമായിരുന്നു. ‘എന്റെ വിശ്വാസം മൂലമുള്ള പീഡനമായിരുന്നു ഇത്.   ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ‘ഷഗുഫ്തയ്ക്കും ഷഫ്ഖത്ത് ഇമ്മാനുവലിനും മരണം’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു,’. ഷഗുഫ്തയ്ക്കും തളര്‍വാതം ബാധിച്ച ഭര്‍ത്താവിനും ദൈവനിന്ദ കുറ്റത്തിന് കോടതി വധശിക്ഷ വിധിച്ചു.  തുടര്‍ന്ന് അവരെ വ്യത്യസ്ത ജയിലുകളില്‍ ഏകാന്തതടവിലാണ് പാര്‍പ്പിച്ചത്. ജയിലില്‍ കഴിഞ്ഞ സമയത്ത്, ഷഗുഫ്തയ്ക്ക് ഗുരുതരമായ ശാരീരിക അസ്വസ്ഥതകളുടെ ഭാഗമായി സംസാരിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു – പക്ഷേ അപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഷഗുഫ്ത നഷ്ടമാക്കിയില്ല. ‘എനിക്ക് ജീവിതത്തില്‍ ഒരു അവസരം തരണമെന്ന് ഞാന്‍ കര്‍ത്താവിനോട് അപേക്ഷിച്ചു, കാരണം എന്റെ കുട്ടികളെ വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിച്ചു,’ ഷഗുഫ്ത പറഞ്ഞു. ‘അപ്പോള്‍ എനിക്ക് ഒരു ദര്‍ശനം ഉണ്ടായി. ഒരു കുരിശും കര്‍ത്താവിനെയും ഞാന്‍ കണ്ടു. അവന്‍ എന്നെ സുഖപ്പെടുത്തി. ആ സെല്ലില്‍ വച്ച് അവന്‍ എനിക്ക് നല്‍കിയ ജീവിതത്തിനായി ഞാന്‍ കുമ്പിട്ട് കര്‍ത്താവിനെ സ്തുതിച്ചു.’
തുടര്‍ന്ന് ജയിലില്‍ വച്ചുണ്ടായ ദൈവാനുഭവം ഷഗുഫ്ത വിശദീകരിച്ചു. ‘ഒരു ദിവസം,  ബൈബിള്‍ വായിക്കുമ്പോള്‍, പൗലോസും സീലാസും ജയിലിലായിരുന്ന സമയത്ത് ഭൂകമ്പം ഉണ്ടായി വാതിലുകള്‍ തുറന്ന സംഭവമാണ് എനിക്ക് ലഭിച്ചത്. ഞാന്‍ അത് വായിച്ചുകൊണ്ടിരിക്കുമ്പോള്‍, എനിക്ക് ഒരു യഥാര്‍ത്ഥ ഭൂകമ്പം അനുഭവപ്പെട്ടു. എല്ലാം കുലുങ്ങുകയായിരുന്നു, കാവല്‍ക്കാര്‍ നിലവിളിച്ചു.’
തുടര്‍ന്ന് ഷഗുഫ്തയുടെ മോചനത്തിലനേക്ക് നയിച്ച മറ്റൊരു ‘ഭൂകമ്പം’ ഷഗുഫ്തയുടെ ജീവിതത്തില്‍ സംഭവിച്ചു. ‘ അത് എന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളണ്ടില്‍ നിന്നുള്ള ഒരു നിവേദനമായിരുന്നു. ഒരു ദിവസം കൊണ്ട് പതിനാറായിരം പേര്‍ നിവേദനത്തില്‍ ഒപ്പുവച്ചു, അത് പാകിസ്ഥാന്‍ എംബസിയില്‍ എത്തിച്ചു. തുടര്‍ന്ന്, യൂറോപ്യന്‍ പാര്‍ലമെന്റ് 600-ലധികം വോട്ടുകളോടെ ഒരു പ്രമേയം അംഗീകരിച്ചു, ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. നിവേദനത്തില്‍ ഒപ്പുവച്ചവരിലും ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി വാദിച്ചവരിലും നിരവധി മതേതര ആളുകള്‍ ഉണ്ടായിരുന്നു, ഇത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമായിരുന്നു,’ ഷഗുഫ്ത പറഞ്ഞു.
താമസിയാതെ, ഷഗുഫ്തയെയും ഷഫ്ഖത്ത് ഇമ്മാനുവേലിനെയും മോചിപ്പിക്കുകയും കുട്ടികളുമായി അവര്‍ വീണ്ടും ഒന്നിക്കുകയും ചെയ്തു. അവര്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കി. ഒടുവില്‍  പാക്കിസ്ഥാന്‍ വിട്ട ഷഗുഫ്തയും ഷഫ്ഖത്തും ഇപ്പോള്‍ സ്വതന്ത്രരായി പുതിയൊരു ദേശത്ത് താമസിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന മറ്റ് ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജോലിയില്‍ വ്യാപരിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയാണീ ദമ്പതികള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?