ജോസഫ് മൈക്കിള്‍
തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫാ. മൈക്കിള്‍ കാരിമറ്റം 2000-ല്‍ ഗുരുതരമായ അവസ്ഥയിലെത്തി. അടിയന്തിരമായി ഓപ്പറേഷന്‍ ചെയ്തു. വിശ്രമം കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ തല വണ്ടിയിലിടിച്ച് വീണ്ടും ബ്ലീഡിംഗ് ഉണ്ടായി. ജീവിതത്തിലേക്ക് ഇനി ഒരു മടങ്ങിവരവിന് സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആ സമയം മരണതീരത്തുകൂടി കടന്നുപോകുന്ന അനുഭവം അച്ചന് വ്യക്തിപരമായി ഉണ്ടായി. എന്നാല്‍, മെഡിക്കല്‍ സയന്‍സിനെ അമ്പരിപ്പിച്ചുകൊണ്ട് അച്ചന്‍ ജീവിതത്തിലേക്ക് തിരികെ എത്തി. അടുത്ത രണ്ടര വര്‍ഷം തീവ്രമായ സഹനങ്ങളുടെ കാലമായിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. നിന്നുകൊണ്ട് കുര്‍ബാന അര്‍പ്പിക്കുവാന്‍പോലും കഴിയാത്തെ വിധത്തില്‍ ശരീരം ദുര്‍ബലമായി. ദൈവം നല്‍കിയ ‘റീബര്‍ത്ത്’ എന്നാണ് അച്ചന്‍ പിന്നീട് അതിനെ വിശേഷിപ്പിച്ചത്.
അഞ്ചാംക്ലാസിലെ
ടാപ്പിങ് തൊഴിലാളി
അസാധാരണമായ ദൈവിക ഇടപെടലുകളുടെ അനുഭവങ്ങള്‍ നിരവധി തവണ അച്ചന്‍ ജീവിതത്തില്‍ രുചിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത ആസ്മയും ദുര്‍ബലമായ ആരോഗ്യാവസ്ഥയും ഉണ്ടായിരുന്ന മൈക്കിള്‍ കൗമാരം പൂര്‍ത്തിയാക്കില്ലെന്നായിരുന്നു എതാണ്ട് എല്ലാവരും വിചാരിച്ചിരുന്നത്.
1943 ലാണ് പാലാ പ്രവിത്താനത്തുനിന്നും കാരിമറ്റം കുടുംബം മലബാറിലെ കുളത്തുവയലിനടുത്തുള്ള നരിനടയിലേക്ക് കുടിയേറിയത്. ഏഴു മക്കളില്‍ മൂത്തവനായ മൈക്കിളിന് അന്ന് ഒമ്പതു മാസമായിരുന്നു പ്രായം. അഞ്ച് വയസുവരെ അല്ലലിതാതെയായിരുന്നു വളര്‍ന്നത്. എന്നാല്‍, അപ്രതീക്ഷിതമായി പിതാവ് രോഗിയായി. അതോടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലായി.
ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവും എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായിരുന്ന മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ കുളത്തുവയലില്‍ വികാരിയായി എത്തുമ്പോള്‍ മൈക്കിള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വര്‍ക്കിയച്ചന്‍ മൈക്കിളിനെ അള്‍ത്താരബാലനാക്കി. പത്താം ക്ലാസ് പാസായിട്ടും സാമ്പത്തിക പ്രയാസം കാരണം തുടര്‍ പഠനത്തിന് പോയില്ല. ആ സമയത്ത് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ആസ്മ കൂടി. ക്ഷയരോഗം ബാധിച്ചതുപോലെയായി. ചങ്കിനുവേദന, ശരീരം ശോഷിക്കല്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍. ആശുപത്രികളില്‍ പോയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. ആറ് മാസത്തിലധികം ആയുസ് നീളില്ലെന്ന വിലയിരുത്തലുകളും ഇതിനിടയില്‍ വന്നു.

എന്നാല്‍ ദൈവത്തിന് അവനെക്കുറിച്ച് വലിയ പദ്ധതികള്‍ ഉണ്ടായിരുന്നു. അവിടെത്തന്നെയുള്ള ഒരു സാധാരണക്കാരിനിലൂടെയായിരുന്നു ദൈവം പ്രവര്‍ത്തിച്ചത്. ചില വ്യായാമങ്ങള്‍ അദ്ദേഹം പറഞ്ഞുകൊടുത്തു. ശ്വാസതടസം മാറി. രാത്രിയില്‍ ബുദ്ധിമുട്ടില്ലാതെ ഉറങ്ങാമെന്ന അവസ്ഥയായി. ആരോഗ്യം മെച്ചപ്പെടാന്‍ തുടങ്ങി. ആയുസ് നീട്ടിത്തന്ന തമ്പുരാനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെയാണ് വൈദികനാകണമെന്ന ചിന്ത ഉണ്ടായത്. രൂപതാ സെമിനാരിയില്‍ ചേരാന്‍ പണം ഇല്ല. മിഷന് പോകാമെന്ന് തീരുമാനിച്ചു.
വര്‍ക്കിയച്ചന്റെ പ്രവചനം
ഇടവക വികാരിയായ വര്‍ക്കിയച്ചന്റെ അടുത്തുചെന്നു ആഗ്രഹം പറഞ്ഞു. ഈ രൂപത്തില്‍ നിന്നെ സെമിനാരിയില്‍ എടുക്കുമോ എന്ന് അച്ചന്‍ താമശരൂപേണ ചോദിച്ചു. നീ പോയി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാന്‍ പറഞ്ഞ് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. അവിടെ ഇറ്റാലിയന്‍ ഡോക്ടര്‍ ഉണ്ടായിരുന്നു. അച്ചന്‍ ഡോക്ടര്‍ക്ക് കത്തും കൊടുത്തുവിട്ടിരുന്നു. പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഒട്ടിക്കാതെയാണ് കവര്‍ നല്‍കിയത്.
ഹൃദയത്തില്‍ നീരുവയ്ക്കുന്ന രോഗമുള്ളതിനാല്‍ സെമിനാരി പ്രവേശനത്തിന് യോഗ്യനല്ലെന്നായിരുന്നു എഴുതിയിരുന്നത്. വര്‍ക്കിയച്ചന്‍ അതുവായിച്ചിട്ടു സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു, ഞാന്‍ പറഞ്ഞതല്ലേ നിന്നെ ആരാ സെമിനാരിയില്‍ എടുക്കുന്നതെന്ന്. അങ്ങനെ പറഞ്ഞെങ്കിലും ആ കൗമാരക്കാരന്റെ ഹൃദയത്തില്‍ നൊമ്പരക്കടല്‍ ഇരമ്പുന്നത് അദ്ദേഹത്തിന് കേള്‍ക്കാമായിരുന്നു. തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ അവനെ തിരിച്ചുവിളിച്ച് കണ്ണുകളിലേക്ക് നോക്കിയിട്ടു വിശുദ്ധനായ ആ വൈദികന്‍ പറഞ്ഞു, ‘തമ്പുരാന് നിന്നെക്കുറിച്ച് പദ്ധതി ഉണ്ടെങ്കില്‍ അതു നടക്കും.’ ആ വാക്കുകള്‍ക്ക് പ്രവചന സ്വരം ഉണ്ടായിരുന്നു.
ബിബ്രുകാം രൂപതയിലേക്ക് വൈദികാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പരസ്യം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സത്യദീപത്തില്‍ കണ്ടു. സമപ്രായക്കാരനായ സെബാസ്റ്റ്യനോടൊപ്പം (ഫാ. സെബാസ്റ്റ്യന്‍ പൂങ്കുളത്ത്) വര്‍ക്കിയച്ചന്റെ അടുത്തുചെന്നു. രണ്ടുപേര്‍ക്കും മിഷനു പോകാനുള്ള ആഗ്രഹം അറിയിച്ചു. അതിന് ബിഷപ്പിന്റെ അനുവാദം വേണമെന്ന് വര്‍ക്കിയച്ചന്‍ പറഞ്ഞു. അച്ചന്റെ അടുത്ത വാചകം ഇങ്ങനെയായിരുന്നു: ”വള്ളോപ്പിള്ളി പിതാവ് ചോദിച്ചിരുന്നു, സെമിനാരിയില്‍ ചേരാന്‍ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന്. ഞാന്‍ പറഞ്ഞു ഒരാളുണ്ട്. പക്ഷേ, അവന് ഹൃദയത്തിന് നീരുവയ്ക്കുന്ന പ്രശ്‌നം ഉണ്ട്. എന്നാല്‍, എന്റെയടുക്കലേക്ക് പറഞ്ഞുവിട്ടേര്, എനിക്കും ആ അസുഖം ഉണ്ടെന്നായിരുന്നു വള്ളോപ്പിള്ളി പിതാവിന്റെ മറുപടി.” അവരെ രണ്ടുപേരെയും വര്‍ക്കിയച്ചന്‍ പിതാവിന്റെ അടുത്തേക്ക് അയച്ചു.

ഫീസൊന്നും വേണ്ട
തലശേരി ബിഷപ്‌സ് ഹൗസില്‍ ചെല്ലുമ്പോള്‍ വള്ളോപ്പിള്ളി പിതാവ് കോഴിക്കോടിന് പോകാന്‍ കാറില്‍ കയറാന്‍ തുടങ്ങുകയായിരുന്നു. മക്കള്‍ എവിടെനിന്നാണ് വരുന്നതെന്നായിരുന്നു പിതാവിന്റെ ചോദ്യം. മിഷനുപോകാനുള്ള അനുവാദം വാങ്ങാന്‍ വന്നതാണെന്നവര്‍ പറഞ്ഞു. എങ്കില്‍ വണ്ടിയില്‍ കയറിക്കോളാന്‍ പറഞ്ഞു. കാറില്‍വച്ച് പിതാവ് ഇംഗ്ലീഷില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അവസാനം പിതാവു പറഞ്ഞു, തലശേരി ഒരു മിഷന്‍ രൂപതയാണ്. നിങ്ങളെ രണ്ടുപേരെയും അവിടേക്ക് എടുത്തിരിക്കുന്നു.
”പൈസയുടെ കാര്യമോ?” മൈക്കിളിനെ അപ്പോഴും ആകുലപ്പെടുത്തിയത് അതായിരുന്നു. അതൊന്നും വേണ്ട, നീ അത്യാവശ്യം തുണിയൊക്കെ വാങ്ങിക്കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു പിതാവിന്റെ മറുപടി. വള്ളോപ്പിള്ളി പിതാവ് അന്നു കാണിച്ച കരുതല്‍ പീന്നീട് എന്നും ഉണ്ടായിരുന്നു.
1959 ജൂലൈയില്‍ തലശേരി രൂപതയുടെ കുന്നോത്ത് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1968 ജൂണ്‍ 29-ന് റോമില്‍വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. 1984-ലാണ് ഫാ. മൈക്കിള്‍ കാരിമറ്റം ബൈബിള്‍ ചിത്രകഥ ആരംഭിച്ചത്. ഏലിയ, ആമോസ്, ഏലീശ, ഹോസിയ, മിക്ക ഇങ്ങനെ അഞ്ച് പ്രവാചകന്മാരുടെ പുസ്തകം ഇറക്കി. തുടര്‍ന്ന് ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ ചിത്രകഥകളായി അവതരിപ്പിച്ചു. കായേനും ആബേലുമായിരുന്നു ആദ്യ പുസ്തകം. മലയാളത്തില്‍ 25,000 കോപ്പിയും ഇംഗ്ലീഷില്‍ 10,000 കോപ്പിയും അടിച്ചു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഷത്തില്‍ ആറ് പുസ്തകങ്ങള്‍ എന്ന രീതിയില്‍ 1990 ആയപ്പോഴേക്കും ബൈബിള്‍ 50 പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ചൈനീസ് അടക്കം 17 ഭാഷകളിലെ കുട്ടികള്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്താന്‍ ദൈവം ഉപകരണമാക്കി.
മിസോറാമില്‍ നിന്നൊരു കത്ത്
രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മിസോറാമിലെ പ്രസ്ബിറ്റേറിയന്‍ സഭയില്‍ നിന്നൊരു കത്തുവന്നു. ബൈബിള്‍ ചിത്രകഥ 5,000 എണ്ണം മിസോ ഭാഷയില്‍ ഇറക്കാന്‍ താല്പര്യം ഉണ്ടെന്നറിയിച്ചായിരുന്നു എഴുത്ത്. അച്ചന്‍ 10,000 കോപ്പി അടിച്ചു നല്‍കി. രണ്ട് മാസം കഴിഞ്ഞപ്പോള്‍ തെലുങ്കില്‍നിന്നും അന്വേഷണം വന്നു. അങ്ങനെ 16 ഭാഷകളില്‍ ബൈബിള്‍ ചിത്രകഥകള്‍ ഇറങ്ങി. മൂന്ന് വര്‍ഷം മുമ്പ് ചൈനീസ് ഭാഷയിലും ആ 50 ബൈബിള്‍ ചിത്രകഥകള്‍ പ്രസിദ്ധീകരിച്ചു. ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ ക്ലരീഷന്‍ വൈദികരാണ് അതിന് നേതൃത്വം നല്‍കിയത്.
വര്‍ത്തമാനകാലത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി അച്ചന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിശ്വാസികളുടെ കരങ്ങളില്‍ ബൈബിള്‍ എത്തിക്കാന്‍ കഠിനാധ്വാനം നടത്തി, അതില്‍ വിജയിച്ച വൈദികന്‍ എന്നാകും വരുകാലങ്ങളില്‍ ഫാ. മൈക്കിള്‍ കാരിമറ്റം എന്ന ബൈബിള്‍ പണ്ഡിതനായ വൈദികന്‍ അറിയപ്പെടാന്‍ സാധ്യത.
















Leave a Comment
Your email address will not be published. Required fields are marked with *