കോഴിക്കോട്: കൃഷിയുടെ വൈവിധ്യങ്ങള്‍ മലബാറിന് പരിചയപ്പെടുത്തിയത് കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍. മലബാര്‍ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, റൂബി ജൂബിലിയോടനുബന്ധിച്ച് താമരശേരി രൂപത കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാമെന്ന് കുടിയേറ്റ ജനത കാണിച്ചുതന്നു. ഉപയോഗിക്കപ്പെടാതെ കിടന്ന പ്രകൃതി വിഭവങ്ങള്‍ രാജ്യത്തിന് ഗുണകരമായ രീതിയില്‍ ഉപയോഗി ക്കാമെന്ന് പഠിപ്പിച്ചത് കുടിയേറ്റക്കാരാണ്. കപ്പയും മീനും കേരളത്തിലെ മുഖ്യ ആഹാരങ്ങളിലൊന്നായത് കുടിയേറ്റ ത്തിന്റെ ഫലമായാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കുടിയേറ്റ ജനതയെ സ്വീകരിക്കാന്‍ മലബാറിലെ സമൂഹം കാണിച്ച സൗമ്യത എടുത്തു പറയേണ്ടതാണെന്ന് ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. മലബാറിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വൈദികരുടെ നേതൃത്വവും സന്യസ്തരുടെ പരിശ്രമങ്ങളും കുടിയേറ്റ ജനതയുടെ കഠിനാദ്ധ്വാനവും മലബാറിനെ വിസ്മയകരമായ രീതിയില്‍ വളര്‍ത്തിയെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, താമരശേരി രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. പി. ജെ വിന്‍സെന്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് ഡയറക്ടര്‍ ഡോ. ജോയി വര്‍ക്കി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പുല്‍പ്പള്ളി പഴശിരാജാ കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജോഷി മാത്യു, കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജെ ജോര്‍ജ്, കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















Leave a Comment
Your email address will not be published. Required fields are marked with *