ജറുസലേം: ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല, ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവകയില്‍ അജപാലന സന്ദര്‍ശനത്തിനായി എത്തി. ലാറ്റിന്‍ പാത്രിയാര്‍ക്കല്‍ വികാരിയായ ഓക്‌സിലറി ബിഷപ് വില്യം ഷോമാലി അടങ്ങുന്ന പ്രതിനിധി സംഘവും കര്‍ദിനാളിന് ഒപ്പമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന സംഘര്‍ഷവും കഠിനമായ ബുദ്ധിമുട്ടുകളും അതിജീവിച്ച് മുമ്പോട്ട് പോകുന്ന ചെറിയ കത്തോലിക്കാ സമൂഹത്തോടുള്ള ഐകദാര്‍ഢ്യത്തിന്റെ അടയാളം കൂടെയാണ് കര്‍ദിനാളിന്റെ അജപാലന സന്ദര്‍ശനം.
മിന്നുന്ന വിളക്കുകളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും ഉള്‍പ്പടെയുള്ള അലങ്കാരങ്ങളുടെ നടുവില്‍ കര്‍ദിനാള്‍ പിസബല്ലയെ കുട്ടികള്‍ സ്വീകരിച്ചു. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ക്ക് ഹോളി ഫാമിലി ഇടവകയില്‍ അഭയം നല്‍കിയിട്ടുണ്ട്.
പാത്രിയാര്‍ക്കീസിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി, മാനുഷിക സഹായ ങ്ങള്‍, നിലവിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ദിനാള്‍ വിലയിരുത്തും. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയുമായി കൂടിക്കാഴ്ച നടത്തുന്ന കര്‍ദിനാള്‍ ഇടവകസമൂഹത്തിന്റെ ആവശ്യങ്ങളെയും പിന്തുണാ സംരംഭങ്ങളെയും കുറിച്ച് നേരിട്ട് കേള്‍ക്കും. ഡിസംബര്‍ 21 ഞായറാഴ്ച, കര്‍ദിനാള്‍ പിസബല്ല ക്രിസ്മസ് ദിവ്യബലി അര്‍പ്പിക്കും. സ്‌കൂളുകളും വീടുകളും ജീവിതവും പുനര്‍നിര്‍മിക്കുമെന്നും ഇവിടെ തന്നെ തുടരാനും ഞങ്ങള്‍ ഇവിടെയായിരിക്കാനുമാണ് ഗാസയിലെ ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
















Leave a Comment
Your email address will not be published. Required fields are marked with *