വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയിലൂടെ ദൈവം ലോകത്തിന് പുതുജീവന്‍ നല്കുന്നു എന്നതാണ് ക്രിസ്മസിന്റെ ചൈതന്യമെന്നും തന്റെ തന്നെ ജീവനാണ് ദൈവം എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നും ക്രിസ്മസ് ദിവ്യബലിയില്‍ നല്കിയ സന്ദേശത്തില്‍ ലിയോ 14-ാമന്‍ പാപ്പ.
ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭാവി തേടി അലഞ്ഞ മനുഷ്യരാശിക്ക്, ഭൂമിയിലെ ഒരു പുല്ത്തൊട്ടിയില് ദൈവം തന്നെത്തന്നെ വെളുപ്പെടിത്തിയ രാത്രിയാണ് ക്രിസ്മസ് രാത്രിയെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച പാതിര ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. ഇനി ദൈവമത്തെ ചക്രവാളങ്ങളിലോ ഉയരങ്ങളിലോ അല്ല തിരയേണ്ടതെന്നും മറിച്ച് താഴെ പുല്‍ത്തൊട്ടിയുടെ ലാളിത്യത്തിലാണെന്നും ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നു. സര്‍വശക്തനായ ദൈവം നവജാതശിശുവിന്റെ ദുര്‍ബലതയില്‍ പ്രകാശിക്കുന്നു. നിത്യമായ വചനത്തിന്റെ സൗന്ദര്യം ശിശുവിന്റെ ആദ്യ കരച്ചിലില്‍ പ്രതിഫലിക്കുന്നു. പരിചരണം ആവശ്യമുള്ള ശിശുവിന്റെ ദുര്‍ബലത സ്വര്ഗീയമായി മാറുന്നു. ഈ കുഞ്ഞില്‍ നിന്ന് പ്രശോഭിക്കുന്ന ദിവ്യപ്രകാശം എല്ലാ പുതുജീവന്റെയും അന്തസിനെ തിരിച്ചറിയാന്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷന്റെ അന്ധത മാറ്റുന്നതിനായി ദൈവം മനുഷ്യരൂപതത്തില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
ഭൂമിയില്‍ മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ലെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ലിയോ പാപ്പ വ്യക്തമാക്കി. ദൈവത്തെയോ മനുഷ്യനെയോ നിരാകരിക്കുന്നത് മറ്റതിനെക്കൂടെ നിരാകരിക്കുന്നതിന് തുല്യമാണ്. മനുഷ്യനെ വെറും ഉപഭോഗവസ്തുവായി കാണുന്ന ഇന്നത്തെ വികലമായ സാമ്പത്തിക വ്യവസ്ഥകളെയും പാപ്പ വിമര്‍ശിച്ചു. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് ദൈവമാകാന്‍ മനുഷ്യരാശി ശ്രമിക്കുമ്പോള്‍, മനുഷ്യനായി അവതരിച്ചുകൊണ്ട് എല്ലാ അടിമത്വങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രനാക്കാനാണ് ദൈവം തീരുമാനിച്ചതെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു. സ്വര്‍ഗത്തെയും ഭൂമിയെയും, സൃഷ്ടാവിനെയും സൃഷ്ടവസ്തുക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ തുടിപ്പുകളാണ് ക്രിസ്തുവിന്റെ ഹൃദയതുടിപ്പുകള്‍.
വിശ്വാസത്തിന്റെയും ഉപവിയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസിന്റെ ആനന്ദം പ്രഘോഷിക്കുവാന്‍ പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഏകദേശം 6,000-ത്തോളം വിശ്വാസികള്‍ ബസിലിക്കയ്ക്കുള്ളിലും അയ്യായിരത്തോളം പേര് പുറത്തെ ചത്വരത്തിലുമായി ക്രിസ്മസ് തിരുക്കര്മങ്ങളിലും പാതിര ദിവ്യബലിയിലും പങ്കെടുത്തു.

















Leave a Comment
Your email address will not be published. Required fields are marked with *