വത്തിക്കാന്‍ സിറ്റി: വിജയം, അധികാരം, സുഖസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആധുനിക മിഥ്യാധാരണകള്‍ക്കതീതമായി സുവിശേഷത്തിന്റെ മൂല്യങ്ങളെ വിലമതിക്കാനും വീടുകളിലെ ‘സ്‌നേഹത്തിന്റെ ജ്വാല’ സംരക്ഷിക്കാനും ക്രൈസ്തവ കുടുംബങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ.
എന്ത് വിലകൊടുത്തും വിജയം നേടുന്നതിനെക്കുറിച്ചുള്ള മിഥ്യാധാരണകളുടെയും അധാര്‍മ്മിക അധികാരത്തിന്റെയും ശൂന്യവും ഉപരിപ്ലവവുമായ സുഖസൗകര്യങ്ങളുടെയും ‘ഹേറോദുമാര്‍’ ഇന്നത്തെ ലോകത്തിലുമുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ഇത് സമൂഹങ്ങളില്‍ പലപ്പോഴും ഏകാന്തത, നിരാശ, ഭിന്നതകള്‍, സംഘര്‍ഷങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു. ഇതിന് ബദലായി പ്രാര്‍ത്ഥന, കൂദാശകളുടെ പതിവ് സ്വീകരണം – പ്രത്യേകിച്ച് കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവയുടെ, ആരോഗ്യകരമായ സ്‌നേഹം, ആത്മാര്‍ത്ഥമായ സംഭാഷണം, വിശ്വസ്തത, അനുദിനജീവിത്തിലെ നന്മയുടേതായ വാക്കുകളും പ്രവൃത്തികളും എന്നിവ വളര്‍ത്തിയെടുക്കാന്‍ ലിയോ പാപ്പ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചു.
അത്തരത്തിലുള്ള കുടുംബങ്ങള്‍ നാം ജീവിക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചം നല്‍കുന്ന ഇടങ്ങളും സ്‌നേഹത്തിന്റെ പാഠശാലയും ദൈവത്തിന്റെ കൈകളിലെ രക്ഷയുടെ ഉപകരണവുമായി മാറ്റുമെന്ന് പാപ്പ പറഞ്ഞു.
ഈശോയുടെ ജനനത്തിലുള്ള ആനന്ദവും പ്രകാശവും അക്രമത്താല്‍ അടിച്ചമര്‍ത്തപ്പെടേണ്ട ഭീഷണിയുടെ വികലമായ പ്രതിധ്വനിയായി മാത്രമാണ് ഹേറോദേസ് എന്ന ക്രൂരനായ ഭരണാധികാരിക്ക് മനസിലാക്കാന്‍ സാധിച്ചത്. ഇതില്‍ നിന്നും വ്യത്യസ്തമായി സൗജന്യമായി തന്നെത്തന്നെ പൂര്‍ണമായി മനുഷ്യരക്ഷയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് രക്ഷയുടെ ഏക ഉത്തരമായി മാറിയ ദൈവത്തെ നസ്രത്തിലെ തിരുക്കുടുംബം വെളിപ്പെടുത്തുന്നു. വിശുദ്ധ യൗസേപ്പിന്റെ തണലിലാണ് ഈജിപ്തില്‍ വച്ച്, ലോകത്തില്‍ മുഴുവന്‍ വെളിച്ചം പകരുന്ന സ്‌നേഹത്തിന്റെ ജ്വാല വളരുകയും ശക്തി പ്രാപിക്കുകയും ചെയ്തതെന്നും തിരുക്കുടുംബത്തിന്റെ തിരുനാള്‍ദിനത്തില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *