ഇടുക്കി: കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 14ന് ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ വച്ച് സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നു.
പാരീഷ് ഹാളില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അര്‍പ്പിക്കും. രൂപതയിലെ വികാരിയെ ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍ രൂപതയിലെ സമര്‍പ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം ഇടുക്കി നവജ്യോതി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ടെസ്‌ലിന്‍ എസ്.എച്ച്, രൂപതയിലെ അല്മായ പ്രതിനിധി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ സംസാരിക്കും.
രൂപതയിലെ മുഴുവന്‍ വൈദികരും സമര്‍പ്പിതരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും എല്ലാ ഇടവകകളില്‍ നിന്നുമുള്ള കൈക്കാരന്‍മാരും ദൈവാലയ ശുശ്രൂഷികളും ചടങ്ങില്‍ സംബന്ധിക്കും.
1977 മുതല്‍ 2003 വരെ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായിരുന്നു. ഹൈറേഞ്ചിന് വിദ്യാഭ്യാസ സാധ്യതകളും ആതുര ശുശ്രൂഷാ പ്രവര്‍ത്തനങ്ങളും തുറന്നു നല്‍കിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്.
ഹൈറേഞ്ചില്‍ നിരവധി സ്‌കൂളുകളും കോളേജും ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രാമങ്ങളില്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയെടുക്കുവാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടുക്കിയെ എല്ലാത്തരത്തിലും സ്വയം പര്യാപ്തതയില്‍ എത്തിച്ച ശേഷമാണ് ഹൈറേഞ്ചിലെ ഇടവകകളെ ചേര്‍ത്ത് ഒരു പുതിയ രൂപതയ്ക്ക് രൂപം നല്‍കാന്‍ അദ്ദേഹം പരിശ്രമിച്ചത്.
രൂപതാ ചാന്‍സലര്‍ റവ.ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
















Leave a Comment
Your email address will not be published. Required fields are marked with *