ഇടുക്കി: ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടുക്കി രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപത നല്കിയ സ്വീക രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലും ജനപ്രതിനിധികള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇടുക്കിയിലുള്ളത്. ഇടുക്കിയിലെ വന്യമൃഗശല്യം, പട്ടയ പ്രശ്നങ്ങള്‍, നിര്‍മ്മാണ നിരോധനം തുടങ്ങിയ നിരവധിയായ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നാടിന്റെ വളര്‍ച്ചയ്ക്കായി നടത്തുന്ന എല്ലാ ധാര്‍മിക മുന്നേറ്റങ്ങള്‍ക്കും രൂപതയുടെ പിന്തുണയുണ്ടാകുമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
പോപ്പ് ഫ്രാന്‍സിസ് സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രൂപതാംഗങ്ങളായ എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു. രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല് അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫാ. മാര്ട്ടിന് പൊന്‍പനാല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. ജോര്‍ജ് തകിടിയേല്‍, ഫാ. ജിന്‍സ് കാരക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട് എന്നിവര്‍ നേതൃത്വം നല്കി.
















Leave a Comment
Your email address will not be published. Required fields are marked with *