വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച് ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ ചെറിയ ആണ്‍കുട്ടി ആ സഭാ നിയമങ്ങള്‍ മുഴുവന്‍ മനപാഠമാക്കിയിട്ട് തിരികെ വന്നു. തുടര്‍ന്ന് അവന്‍ ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു.
1438-ലെ ഫ്ലോറെന്‍സിലെ കൂടിയാലോചനാ സമിതിയില്‍ പങ്കെടുക്കുവാനായി യൂജിന്‍ നാലാമന്‍ പാപ്പാ വിശുദ്ധനേ വിളിച്ചു. ഈ സമയത്താണ് സാന്‍ മാര്‍ക്കോ ആശ്രമത്തിലെ പ്രസിദ്ധമായ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 1446-ല്‍ വിശുദ്ധനു ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അദ്ദേഹം ഫ്ലോറെന്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായി, മെത്രാപ്പോലീത്തയായിരിന്നിട്ട് കൂടി വിശുദ്ധന്‍ ഒരു ഡൊമിനിക്കന്‍ സന്യാസിയുടേതായ വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പിന്നീട് അദ്ദേഹം നിരവധി ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, തന്റെ രൂപതയ്ക്ക് ചുറ്റുമുള്ള ഇടവകകള്‍ സന്ദര്‍ശിക്കുകയും, ആഹോരാത്രം സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക്കുയും ചെയ്തു. കൂടാതെ രാഷ്ട്രീയ കക്ഷികള്‍ക്കും സഭക്കുമിയിടയില്‍ ഉണ്ടായ ഭിന്നിപ്പ് അദ്ദേഹം പരിഹരിച്ചു.
യൂജിന്‍ നാലാമന്‍ പാപ്പാ മരണശയ്യയിലായിരിക്കുമ്പോള്‍ വിശുദ്ധന്‍ റോമില്‍ ഉണ്ടായിരുന്നു. മാത്രമല്ല പിന്നീട് വന്ന പാപ്പാമാര്‍ ഭരണസമിതിയുടെ നവീകരണഘട്ടങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. വിശുദ്ധ അന്റോണിനൂസ് ഒരു വലിയ ദൈവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു, ധാര്‍മ്മിക ദൈവശാസ്ത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ രചനകള്‍ മാറികൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലെ അമൂല്യ കൃതികളായി പരിഗണിക്കപ്പെടുന്നു.
വിശുദ്ധന്റെ മരണത്തിനു തൊട്ട് മുന്‍പ് ഫ്ലോറെന്‍സ് നഗരം മാരകമായ പ്ലേഗ് ബാധയുടെ പിടിയിലായി, നിരവധി ഡൊമിനിക്കന്‍ ഫ്രിയാറുമാര്‍ മരണപ്പെട്ടു. ക്ഷാമം കാരണം ജനങ്ങള്‍ പട്ടിണിയിലായി. ആ സമയത്ത് വിശുദ്ധന്‍ തനിക്കുള്ളതെല്ലാം വിറ്റ് വിശക്കുന്നവരേയും, അഗതികളേയും സഹായിക്കുകയുണ്ടായി. പിന്നീട് വലിയ ഭൂകമ്പം ഫ്ലോറെന്‍സ് നഗരത്തെ താറുമാറാക്കിയപ്പോള്‍ വിശുദ്ധന്‍ നഗരപുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കുകയും, നിരവധി ഭവനരഹിതര്‍ക്ക് തന്റെ ഭവനത്തില്‍ അഭയം നല്‍കുകയും ചെയ്തു.
1459 മെയ് 2നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. പിയൂസ് രണ്ടാമന്‍ പാപ്പാ വിശുദ്ധന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വിശുദ്ധനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഫ്ലോറെന്‍സിലെ ജനങ്ങള്‍ അവിടത്തെ പ്രസിദ്ധമായ ഉഫീസ്സി കൊട്ടാരത്തില്‍ വിശുദ്ധന്റെ പ്രതിമ സ്ഥാപിക്കുകയുണ്ടായി.
Leave a Comment
Your email address will not be published. Required fields are marked with *