Follow Us On

21

April

2025

Monday

ജൂൺ 07: വിശുദ്ധ റോബര്‍ട്ട് ന്യൂമിന്‍സ്റ്റര്‍

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ്‌ മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത വിശുദ്ധന്‍ അറിഞ്ഞത്. ശൈത്യകാലത്തിന്റെ മദ്ധ്യത്തില്‍ വിശുദ്ധന്‍ ആ 13 സന്യാസിമാര്‍ക്കൊപ്പം ചേരുവാനായി വിറ്റ്‌മിയിലേക്ക് പോയി, റിപ്പോണിനു സമീപമുള്ള സ്കെല്‍ഡ്‌ നദിയുടെ തീരത്ത് മരച്ചില്ലകള്‍ കൊണ്ടും പുല്ലു കൊണ്ടും നിര്‍മ്മിക്കപ്പെട്ട ഒരു കുടിലിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. വസന്തകാലമായപ്പോഴേക്കും അവര്‍ ക്ലെയര്‍വോക്സിലേക്ക് പോവുകയും രണ്ടു വര്‍ഷത്തോളം അവിടെ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയും ചെയ്തു.

അധികം താമസിയാതെ ജനങ്ങള്‍ അവരുടെ ദിവ്യത്വത്തെ കുറിച്ചറിഞ്ഞു. ഇത് മറ്റൊരു സന്യാസാര്‍ത്ഥിയേയും അവരുടെ പക്കല്‍ എത്തിച്ചു, യോര്‍ക്കിലെ ഡീന്‍ ആയിരുന്ന ഹഗ്ഗായിരുന്നു അത്. അദ്ദേഹം തന്‍റെ സ്വത്തു മുഴുവന്‍ ആ സന്യാസസമൂഹത്തിന്‌ സംഭാവന ചെയ്തു. കൂടാതെ ഫൌണ്ടന്‍സിലെ ആശ്രമത്തിനു അടിസ്ഥാനമിടുകയും ചെയ്തു. 1137-ല്‍ മോര്‍പെത്തിലെ പ്രഭുവായിരുന്ന റെയ്നൂള്‍ഫ് ഫൌണ്ടന്‍സിലെ ആശ്രമത്തിലെ സന്യാസിമാരുടെ ജീവിതത്തില്‍ ആകൃഷ്ടനായി നോര്‍ത്തമ്പര്‍ലാന്‍ഡില്‍ അവര്‍ക്കായി ന്യൂമിന്‍സ്റ്റര്‍ എന്ന് പേരായ മറ്റൊരു ആശ്രമവും പണികഴിപ്പിച്ചു.

വിശുദ്ധ റോബര്‍ട്ടായിരുന്നു അവിടത്തെ ആശ്രമാധിപതിയായത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും, നിര്‍ദ്ദേശങ്ങളും തന്റെ സഹോദര സന്യാസിമാരെ പൂര്‍ണ്ണതയിലേക്കെത്തിക്കുകയും, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഭവനത്തില്‍ നിന്നും മൂന്ന്‍ സമൂഹങ്ങള്‍ കൂടി ഉണ്ടാവുകയും, ഈ ആശ്രമം വിശുദ്ധിയുടെ കേന്ദ്രമായി മാറുകയും ചെയ്തു. കൂടാതെ 1143-ല്‍ പൈപ്‌വെല്ലിലും, 1147-ല്‍ റോച്ചെയിലും, 1148-ല്‍ സാവ്‌ലിയിലുമായി മൂന്ന്‍ ആശ്രമങ്ങള്‍ കൂടി വിശുദ്ധന്‍ സ്ഥാപിച്ചു.

വിശുദ്ധ റോബര്‍ട്ട്‌ അദ്ദേഹത്തിന്റെ ദയ, വിശുദ്ധി, ആഴമായ ആത്മീയത തുടങ്ങിയ കാരണങ്ങളാല്‍ വളരെയേറെ അറിയപ്പെട്ടിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയില്‍ ശക്തമായി ആശ്രയിക്കുകയും, അതില്‍ മുഴുകുകയും ചെയ്തു. കൂടാതെ ഒരു ആത്മീയ എഴുത്ത്കാരനും, പിശാച് ബാധയൊഴിപ്പിക്കുന്നവനുമായിരുന്നു വിശുദ്ധന്‍. കഠിനമായ ജീവിതം നയിക്കുകയും, ആഹാരവും, വെള്ളവുമുപേക്ഷിച്ചുകൊണ്ട് ഉപവസിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു, പ്രത്യേകിച്ച് നോമ്പിന്റെ അവസരത്തില്‍.

ഒരു ഈസ്റ്റര്‍ ദിനത്തില്‍ നോമ്പിലെ ഉപവാസം കാരണം വിശുദ്ധന്റെ ഉദരം ക്ഷയിക്കുകയും വളരെ ക്ഷീണിതനാകുകയും ചെയ്തു. അവസാനം വിശുദ്ധന്‍ തേനില്‍ അപ്പം മുക്കി കഴിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ ഭക്ഷണം വരുന്നതിനു മുന്‍പ്‌ വിശുദ്ധന്‍ തന്റെ തീരുമാനം മാറ്റുകയും അതില്‍ തൊടുകപോലും ചെയ്യാതെ അത് പാവങ്ങള്‍ക്ക്‌ കൊടുക്കുകയും ചെയ്തു.

ദിവ്യനായിരുന്ന ഫിന്‍ചാലേയിലെ വിശുദ്ധ ഗോഡ്‌റിക്കിനെ വിശുദ്ധ റോബര്‍ട്ട് ഇടക്കിടക്ക്‌ സന്ദര്‍ശിക്കുമായിരുന്നു. 1159-ല്‍ വിശുദ്ധന്‍ മരിക്കുന്ന അവസരത്തില്‍ ഒരു തീഗോളത്തിന്റെ രൂപത്തില്‍ വിശുദ്ധ റോബര്‍ട്ടിന്റെ ആത്മാവിനെ വിശുദ്ധ ഗോഡ്‌റിക്ക് കണ്ടു. പ്രകാശപൂരിതമായ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹത്തിന്റെ ആത്മാവിനെ മാലാഖമാര്‍ കൊണ്ട് പോവുന്നതും, സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവര്‍ക്കായി തുറക്കുന്നതുമാണ് അദ്ദേഹം കണ്ടത്‌. 1159 ജൂണ്‍ 7ന് വിശുദ്ധന്‍ മരിക്കുന്നത് വരെ അദ്ദേഹവും, അദ്ദേഹത്തിന്റെ സന്യാസിമാരും താമസിച്ചിരുന്ന ന്യൂമിന്‍സ്റ്റര്‍ ആശ്രമത്തിന്റെ പേരും വിശുദ്ധ റോബര്‍ട്ട് തന്റെ നാമത്തോടൊപ്പം ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?