Follow Us On

23

November

2024

Saturday

ജൂലൈ 03: വിശുദ്ധ തോമാശ്ലീഹ

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്.

ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്.

സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു.

ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്.

മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍ സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്.

ഭാരതത്തില്‍ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായേ അനുസ്മരിക്കാത്ത പ്രാചീന ആരാധനക്രമ പാരമ്പര്യങ്ങള്‍ ഒന്നും തന്നെ ക്രൈസ്തവ ലോകത്ത് പ്രചരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍) പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം), ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന “യൂദാ തോമ്മായുടെ നടപടികള്‍” എന്ന കൃതിക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

യൂദാ തോമ്മായുടെ നടപടി കൃതിയില്‍ പറയും പ്രകാരം ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ്‌ രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്‌ദേവൂസില്‍ (മാസ്ദേ) എത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്നു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്നു സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രാദേശിക പാരമ്പര്യങ്ങള്‍ തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ടാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതല്‍ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗംകളി (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വ്വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്തീയ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ടാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തു സൂക്ഷിക്കുകയും തലമുറ തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചുപോയിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ സമകാലിക ചരിത്രരേഖകളുടെ അഭാവത്തില്‍ സംശയിക്കുന്നവര്‍ക്ക് മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ല എന്ന്‍ സ്ഥാപിക്കുന്നതിന് ഉതകുന്ന രേഖാപരമായതോ പുരാവസ്തു പരമായ തെളിവുകള്‍ ഒന്നുംതന്നെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പൂര്‍, മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ ആസ്ഥാന കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തന്മാ‍ര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടമാണ് മൈലാപ്പൂരില്‍ ഉള്ളത്.

1776 നവംബര്‍ 14 മുതല്‍ 1789 മാര്ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്തം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയുവാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്താ മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: “ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചു പറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ മരണമടഞ്ഞുവെന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്.”

മൈലാപ്പൂരിലെ പ്രാചീന കബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഉറപ്പ് നല്കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.

മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിനുള്ളത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസു വരെ മാര്‍ത്തോമ്മാ നസ്രാണികള്‍ കൃത്യമായ കാലങ്ങളില്‍ മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തീര്‍ത്ഥാടകരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കബറിടത്തില്‍ നിന്ന്‍ മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തിരുന്നു. യഹൂദസാന്നിദ്ധ്യം ബി.സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദന്‍മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപരഭാഷ അറമായ ഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു. അറമായ ഭാഷ ഈശോമിശിഹായുടെ സംസാര ഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലൂര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യരക്ഷയെപ്പറ്റി ആദ്യം യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലോ (മത്തായി 10:6).

അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷമറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാസമൂഹങ്ങളാരംഭിച്ചതുതന്നെ ഇവിടുത്തെ യഹൂദ കോളനികളിലായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗമറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരുമുള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദക്രൈസ്തവരും ഏതദ്ദേശീയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നതാണെന്ന്‍ കരുതാവുന്നതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?