ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ തുടര്‍ന്നിരിന്നു. ഏതാണ്ട് 124-ഓട് കൂടി മതപീഡനത്തിനൊരു വിരാമമായി. വിശുദ്ധ പോളിനൂസ് രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് കര്‍ത്താവായ യേശു ഉയര്‍ത്തെഴുന്നേറ്റ സ്ഥലത്ത് വിജാതീയ ദേവനായ ജൂപ്പീറ്ററിന്റെ പ്രതിമയും, യേശു കുരിശുമരണം വരിച്ച സ്ഥലത്ത് വീനസ് ദേവിയുടെ ഒരു മാര്‍ബിള്‍ പ്രതിമയും, ബെത്ലഹേമില്‍ അഡോണിസ് വേണ്ടി ഒരു ഗ്രോട്ടോയും നിര്‍മ്മിക്കുവാന്‍ അഡ്രിയാന്‍ തീരുമാനിച്ചു, കൂടാതെ യേശു ജനിച്ച ഗുഹ ഇതേ ദേവനായി സമര്‍പ്പിക്കുവാനും തീരുമാനിച്ചു. അഡ്രിയാന്‍ ചക്രവര്‍ത്തി തന്റെ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും കൂടുതല്‍ ക്രൂരനായി മാറികൊണ്ടിരുന്നു.
ദുര്‍ദേവതകളുടെയും പുരോഹിതരുടെയും വെളിപാട് കേട്ട് അന്ധവിശ്വാസിയായിരുന്ന അഡ്രിയാന്‍ അമ്പരക്കുകയും, സിംഫോറോസായേയും, അവളുടെ മക്കളേയും പിടികൂടി തന്റെ മുന്‍പില്‍ ഹാജരാക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. തന്റെ മക്കള്‍ക്കും തനിക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വമായിരുന്നു അവള്‍ വന്നത്. ആദ്യം ചക്രവര്‍ത്തി വളരെ മയത്തോട് കൂടി തങ്ങളുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ അവളെ പ്രേരിപ്പിച്ചു,
അപ്പോള്‍ ഇപ്രകാരമായിരുന്നു ധീരയായ സിംഫോറോസായുടെ മറുപടി: “എന്റെ ഭര്‍ത്താവ് ജെടുലിയൂസും അദ്ദേഹത്തിന്റെ സഹോദരനും അങ്ങയുടെ ന്യായാധിപന്‍മാരായിരുന്നിട്ടു പോലും, വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്നതിലും ഭേദം യേശുവിന് വേണ്ടി പീഡനങ്ങള്‍ സഹിക്കുവാനായിരുന്നു ആഗ്രഹിച്ചിരിന്നത്. തങ്ങളുടെ മരണം കൊണ്ട് അവര്‍ നിങ്ങളുടെ ദൈവങ്ങളെ പരാജിതരാക്കി. അവര്‍ വരിച്ച മരണം മനുഷ്യര്‍ക്ക് മാനഹാനിയും, മാലാഖമാര്‍ക്ക് സന്തോഷകരവുമായിരുന്നു. ഇപ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ അനശ്വരമായ ജീവിതം ആസ്വദിക്കുന്നു.”
ഇതുകേട്ട ചക്രവര്‍ത്തി തന്റെ സ്വരം മാറ്റി വളരെയേറെ ദേഷ്യത്തോട് കൂടി അവളോടു പറഞ്ഞു: “ഒന്നുകില്‍ നിന്റെ മക്കള്‍ക്കൊപ്പം ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കുക, അല്ലാത്തപക്ഷം നിങ്ങളെ എല്ലാവരേയും ഒരുമിച്ച് ഞങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കും.” സിംഫോറോസ മറുപടി കൊടുത്തു: “നിങ്ങളുടെ ദൈവങ്ങള്‍ക്ക് എന്നെ ഒരു ബലിയായി സ്വീകരിക്കുവാന്‍ കഴിയുകയില്ല; പക്ഷേ യേശുവിന്റെ നാമത്തില്‍ ഞാന്‍ അഗ്നിയില്‍ ദഹിക്കുകയാണെങ്കില്‍, എന്റെ മരണം നിങ്ങളുടെ ചെകുത്താന്‍മാരുടെ അഗ്നിയിലെ സഹനങ്ങളെ വര്‍ദ്ധിപ്പിക്കും. ജീവിക്കുന്ന യഥാര്‍ത്ഥ ദൈവത്തിനു വേണ്ടി ബലിയായി തീരുവാനുള്ള ഭാഗ്യം എനിക്കും എന്റെ മക്കള്‍ക്കും ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?” അഡ്രിയാന്‍ പറഞ്ഞു: “ഞങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുക അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും വളരെ ക്രൂരമായി വധിക്കപ്പെടും.”
സിംഫോറോസ പ്രതിവചിച്ചു: “ഭയം എന്നെ കീഴ്പ്പെടുത്തുമെന്ന് ഒരിക്കലും വിചാരിക്കരുത്; യേശുവിനോടുള്ള വിശ്വാസം മൂലം നീ കൊലപ്പെടുത്തിയ എന്റെ ഭര്‍ത്താവിനോടൊപ്പം ചേരുവാന്‍ എനിക്ക് ആഗ്രഹമുണ്ട്.” അതേതുടര്‍ന്ന്‍ ചക്രവര്‍ത്തി അവളെ ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുവാന്‍ ഉത്തരവിട്ടു. ആദ്യം അവളുടെ കവിളില്‍ അടിക്കുകയും പിന്നീട് അവളെ അവളുടെ സ്വന്തം തലമുടികൊണ്ട് കെട്ടിത്തൂക്കുകയും ചെയ്തു. എന്നാല്‍ യാതൊരുവിധ പീഡനങ്ങളും അവളില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ ചക്രവര്‍ത്തി അവളുടെ കഴുത്തില്‍ ഭാരമുള്ള കല്ല് കെട്ടി നദിയില്‍ എറിയുവാന്‍ ഉത്തരവിട്ടു. അവളുടെ സഹോദരനും, ടിബൂര്‍ സമിതിയുടെ മുഖ്യനുമായിരുന്ന ഇയൂജെനിയൂസാണ് വിശുദ്ധ സിംഫോറാസിന്റെ മൃതദേഹം ആ പട്ടണത്തിനടുത്തുള്ള റോഡില്‍ അടക്കം ചെയ്തത്.
അടുത്തദിവസം ചക്രവര്‍ത്തി അവളുടെ ഏഴ് മക്കളേയും ഒരുമിച്ച് വിളിപ്പിക്കുകയും, തങ്ങളുടെ അമ്മയെപ്പോലെ കടുംപിടിത്തം പിടിക്കാതെ തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിച്ചു. അത് പരാജയപ്പെട്ടപ്പോള്‍ പലതരത്തിലുള്ള പീഡനമുറകളും പ്രയോഗിച്ചു. ഒന്നിലും വിജയിക്കാതെ വന്നപ്പോള്‍ ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തിനു ചുറ്റും അവരുടെ ശരീരത്തിലെ ഓരോ അംഗങ്ങളിലേയും എല്ലുകള്‍ വേര്‍പെടുത്തുവാനുള്ള ഏഴ് പീഡന ഉപകരങ്ങള്‍ സ്ഥാപിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ ഭക്തരും ധീരരുമായ ആ യുവാക്കള്‍ ആ ക്രൂരമായ പീഡനത്തെ ഭയക്കുന്നതിനു പകരം പരസ്പരം ധൈര്യം നല്‍കുകയാണ് ചെയ്തത്. അവസാനം അവരെ വധിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു.
അവര്‍ നിന്നിരുന്ന അതേ സ്ഥലത്ത് വെച്ച് തന്നെ വിവിധ രീതിയിലായിരുന്നു മതമര്‍ദ്ധകര്‍ അവരെ വധിച്ചത്. ഏറ്റവും മൂത്തവനായിരുന്ന ക്രസെന്‍സിനെ കഴുത്തറത്ത് കൊല്ലുകയും, രണ്ടാമത്തവനായ ജൂലിയനെ നെഞ്ചില്‍ കുത്തികൊലപ്പെടുത്തുകയും ചെയ്തു. മൂന്നാമത്തവനായിരുന്ന നെമെസിയൂസിനെ കുന്തത്താല്‍ കുത്തി കൊലപ്പെടുത്തി, പ്രിമാറ്റിവൂസിനെ വയറ് കീറിയാണ് കൊലപ്പെടുത്തിയത്, ജസ്റ്റിനെ പുറകിലും, സ്റ്റാക്റ്റിയൂസിനെ പാര്‍ശ്വത്തിലും മുറിപ്പെടുത്തിയാണ് വധിച്ചത്. ഏറ്റവും ഇളയവനായിരുന്ന ഇയൂജെനിയൂസിനെ നെഞ്ചിന് നടുവിലൂടെ കത്തി ഇറക്കി കഷണമാക്കിയാണ് കൊലപ്പെടുത്തിയത്. അടുത്ത ദിവസം ചക്രവര്‍ത്തി ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തില്‍ വരികയും, അവിടെ ഒരു വലിയ കുഴിയെടുത്ത് ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിടുവാനും ഉത്തരവിട്ടു.
‘സെവന്‍ ബയോത്തനാറ്റി’ എന്നായിരുന്നു വിജാതീയ പുരോഹിതര്‍ ആ സ്ഥലത്തെ വിളിച്ചിരുന്നത്. ഇതിനു ശേഷം മതപീഡനങ്ങള്‍ക്ക് ഏതാണ്ട് പതിനെട്ട് മാസത്തെ ഇടവേള നല്‍കി. ഇക്കാലയളവില്‍ ക്രൈസ്തവര്‍ ഈ രക്തസാക്ഷികളുടെ ഭൗതീക ശരീരങ്ങള്‍ റോമിനും ടിവോളിക്കും ഇടയിലുള്ള തിബുര്‍ട്ടിന്‍ റോഡില്‍ അടക്കം ചെയ്തു. പിന്നീട് മാര്‍പാപ്പയായിരുന്ന സ്റ്റീഫന്‍ അവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ റോമിലെ ‘ഹോളി ഏഞ്ചല്‍ ഇന്‍ ദി ഫിഷ് മാര്‍ക്കറ്റ്’ എന്ന ദേവാലയത്തിലേക്ക് മാറ്റി. പിയൂസ് നാലാമന്റെ കാലത്താണ് ഒരു ശിലാലിഖിതത്തോട്കൂടി അവ കണ്ടെടുത്തത്.
അവരുടെ പിതാവിന്റെ സമ്പന്നതയോ, ഉന്നതകുലത്തിലുള്ള ജനനമോ, ഉയര്‍ന്ന ജോലിയുടെ നേട്ടങ്ങളോ ആയിരുന്നില്ല വിശുദ്ധ സിംഫോറ അവളുടെ മക്കള്‍ക്ക് പ്രചോദനമായി കാണിച്ചിരുന്നത്. മറിച്ച്, അവരുടെ ഭക്തിയും രക്തസാക്ഷിത്വവുമായിരുന്നു അവള്‍ തന്റെ മക്കളെ മാതൃകയാക്കാന്‍ പ്രേരിപ്പിച്ചത്. അവള്‍ എപ്പോഴും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തേക്കുറിച്ച് വര്‍ണ്ണിക്കുകയും, എളിമയിലൂടേയും, കാരുണ്യം, വിനയം, ക്ഷമ, എളിമ തുടങ്ങിയ നന്മകളിലൂടെ രക്ഷകന്റെ പാത പിന്തുടരുവാന്‍ അവള്‍ തന്റെ മക്കളെ പഠിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *